കെയ്റോ – ഈജിപ്ത് മുൻ വിദേശകാര്യ മന്ത്രി അംബാസഡർ നബീൽ ഫഹ്‌മിയെ അറബ് ലീഗിന്റെ പുതിയ സെക്രട്ടറി ജനറലായി തിരഞ്ഞെടുത്തു. നിലവിലെ സെക്രട്ടറി ജനറൽ അഹമ്മദ് അബുൽ ഗെയ്ത്തിന്റെ പിൻഗാമിയായി ജൂലൈ ഒന്നിന് അദ്ദേഹം ഔദ്യോഗികമായി ചുമതലയേൽക്കും. അറബ് ലീഗ് കൗൺസിലിന്റെ 165-ാമത് മന്ത്രിതല സെഷനിൽ അംഗരാജ്യങ്ങൾ ഐകകണ്‌ഠേനയാണ് നബീൽ ഫഹ്‌മിയെ തിരഞ്ഞെടുത്തത്. അന്താരാഷ്ട്ര രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകളുടെ പരിചയസമ്പത്തുള്ള അദ്ദേഹം, മുൻ ഈജിപ്ഷ്യൻ വിദേശകാര്യ മന്ത്രി ഇസ്മായിൽ ഫഹ്‌മിയുടെ മകനാണ്.
2013-2014 കാലയളവിൽ ഈജിപ്തിന്റെ വിദേശകാര്യ മന്ത്രിയായിരുന്ന നബീൽ ഫഹ്‌മി, ജപ്പാനിലും അമേരിക്കയിലും ഈജിപ്ഷ്യൻ അംബാസഡറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഐക്യരാഷ്ട്രസഭയുടെ നിരായുധീകരണ കമ്മിറ്റികളിൽ ഈജിപ്തിനെ പ്രതിനിധീകരിച്ച അദ്ദേഹം മേഖലയിലെ പ്രമുഖ നയതന്ത്രജ്ഞനായാണ് അറിയപ്പെടുന്നത്. സൗദി അറേബ്യയിൽ നടക്കാനിരിക്കുന്ന 35-ാമത് അറബ് ഉച്ചകോടിയിൽ അഞ്ചു വർഷത്തെ കാലാവധിയിലേക്കാണ് അദ്ദേഹത്തിന്റെ നിയമനം ശുപാർശ ചെയ്തിരിക്കുന്നത്.
അറബ് ലോകം അഭൂതപൂർവമായ വെല്ലുവിളികളും സുരക്ഷാ ഭീഷണികളും നേരിടുന്ന സാഹചര്യത്തിലാണ് താൻ ഈ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതെന്ന് നബീൽ ഫഹ്‌മി പ്രസ്താവനയിൽ പറഞ്ഞു. അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനങ്ങളും ബാഹ്യ ഇടപെടലുകളും അറബ് രാഷ്ട്രങ്ങളുടെ സ്ഥിരത തകർക്കാൻ ശ്രമിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. അംഗരാജ്യങ്ങളുമായി ചേർന്ന് സുരക്ഷിതവും സമൃദ്ധവുമായ ഭാവി കെട്ടിപ്പടുക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും തന്നെ നാമനിർദ്ദേശം ചെയ്ത ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽസീസിക്ക് അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു.



