വത്തിക്കാന്‍ സിറ്റി: മുസ്ലിം വേള്‍ഡ് ലീഗ് സെക്രട്ടറി ജനറലും അസോസിയേഷന്‍ ഓഫ് മുസ്ലിം സ്‌കോളേഴ്സ് പ്രസിഡന്റുമായ ശൈഖ് ഡോ. മുഹമ്മദ് ബിന്‍ അബ്ദുല്‍കരീം അല്‍ഈസ ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി. വത്തിക്കാനില്‍ മാര്‍പാപ്പയുടെ കാര്യാലയത്തിൽ നടന്ന ചർച്ചയിൽ പരസ്പര സഹകരണവും പൊതുതാല്‍പര്യമുള്ള വിഷയങ്ങളും ഇരുവരും വിശകലനം ചെയ്തു. ഇറ്റലി സന്ദര്‍ശിക്കുന്ന ശൈഖ് ഡോ. മുഹമ്മദ് അല്‍ഈസക്ക് പാശ്ചാത്യ ലോകത്തെ പഴക്കമേറിയ സർവകലാശാലകളിലൊന്നായ യൂനിവേഴ്‌സിറ്റി ഓഫ് ബൊലോഗ്‌ന നിയമത്തില്‍ പോസ്റ്റ്-ഡോക്ടറല്‍ ഓണററി ഫെലോഷിപ്പ് സമ്മാനിച്ചു. യൂനിവേഴ്സിറ്റി പ്രസിഡന്റ്, ലോ കോളേജ് ഡീന്‍, അക്കാദമിക് വിദഗ്ധര്‍, ഇറ്റലിയിലെ ഇസ്ലാമിക നേതാക്കള്‍, കത്തോലിക്കാ നേതാക്കള്‍ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
യു.എന്‍ ചാര്‍ട്ടര്‍ ലക്ഷ്യങ്ങള്‍ നടപ്പാക്കാന്‍ നല്‍കിയ സംഭാവനകളും പ്രയത്‌നങ്ങളും മാനിച്ചാണ് ശൈഖ് ഡോ. മുഹമ്മദ് അല്‍ഈസക്ക് നിയമത്തില്‍ പോസ്റ്റ്-ഡോക്ടറല്‍ ഓണററി ഫെലോഷിപ്പ് ആദരിച്ചത്. ഏറ്റവും പ്രശസ്തമായ പാശ്ചാത്യ സര്‍വകലാശാലകളില്‍ ഒന്നില്‍ നിന്ന് തനിക്ക് നിയമത്തില്‍ പോസ്റ്റ്-ഡോക്ടറല്‍ സീനിയര്‍ ഓണററി ഫെലോഷിപ്പ് നല്‍കിയത് ഇസ്‌ലാമിക മൂല്യങ്ങളെ പ്രതിനിധീകരിക്കുന്നുവെന്ന് ശൈഖ് ഡോ. മുഹമ്മദ് അല്‍ഈസ പറഞ്ഞു. മുസ്‌ലിം വേള്‍ഡ് ലീഗ്, അസോസിയേഷന്‍ ഓഫ് മുസ്ലിം സ്‌കോളേഴ്സ്, അസോസിയേഷന്‍ ഓഫ് ഇസ്ലാമിക് യൂനിവേഴ്സിറ്റീസ് എന്നിവയില്‍ പദവഹികള്‍ വഹിക്കുന്ന വ്യക്തി എന്ന നിലയില്‍ ഇസ്‌ലാമിക മൂല്യങ്ങള്‍ എല്ലാവര്‍ക്കും വ്യക്തിമാക്കിക്കൊടുക്കേണ്ട ഉത്തരവാദിത്തം തനിക്കുണ്ടെന്നും ശൈഖ് ഡോ. മുഹമ്മദ് അല്‍ഈസ പറഞ്ഞു.
കാത്തലിക് യൂനിവേഴ്സിറ്റിയിൽ ഇസ്ലാമിക് സ്റ്റഡീസ് ആന്റ് അറബിക് ലാംഗ്വേജ് അവാർഡ്
മിലാനിലെ കാത്തലിക് യൂനിവേഴ്സിറ്റിയില്‍ ഇസ്ലാമിക് സ്റ്റഡീസ് ആന്റ് അറബിക് ലാംഗ്വേജ് അവാര്‍ഡും ശൈഖ് ഡോ. മുഹമ്മദ് ഈസ ഉദ്ഘാടനം ചെയ്തു. വത്തിക്കാന്‍ പ്രധാനമന്ത്രി, കര്‍ദിനാള്‍ പിയട്രോ പരോളിന്‍, സര്‍വകലാശാല പ്രസിഡന്റ്, ഫാക്കല്‍റ്റി അംഗങ്ങള്‍, വിദ്യാര്‍ഥികള്‍, ഇറ്റലിയിലെ പ്രമുഖ മുസ്‌ലിം നേതാക്കള്‍ എന്നിവരും ഈ ചടങ്ങില്‍ സംബന്ധിച്ചു.
ക്രിസ്ത്യന്‍ സമൂഹങ്ങളിലെ ഇത്രയും പ്രധാനപ്പെട്ടതും സ്വാധീനമുള്ളതുമായ ഒരു ആഗോള സ്ഥാപനത്തില്‍ ഇത്തരമൊരു അവാര്‍ഡ് ആരംഭിച്ചത് ദീര്‍ഘകാലമായി കാത്തിരുന്ന പ്രതീക്ഷയാണെന്ന് ഇറ്റലിയിലെ മുസ്‌ലിം നേതാക്കള്‍ പറഞ്ഞു. ഇസ്ലാമിക പഠനങ്ങളും അറബി ഭാഷയും ഉള്‍പ്പെടെ നിരവധി ശാഖകള്‍ ഈ അവാര്‍ഡില്‍ ഉള്‍പ്പെടുന്നു. ശാസ്ത്രീയ പ്രശ്നങ്ങളില്‍ ഇസ്ലാമിക ആശയങ്ങള്‍ വ്യക്തമാക്കുന്നതിലും അറബി ഭാഷ പഠിക്കുന്നതിലും അറബി ഭാഷയുടെ സവിശേഷതകളെയും സൗന്ദര്യത്തെയും കുറിച്ച് പഠിക്കുന്നതിലും അവാര്‍ഡ് ശ്രദ്ധ കേന്ദ്രീകരിക്കുന്നു.