തെഹ്‌റാൻ: ഇറാനും അമേരിക്കയും തമ്മിൽ നടക്കുന്ന ചർച്ചകൾ സമവായത്തിലെത്താൻ സാധ്യതയില്ലെന്ന സൂചനയുമായി ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല ഖാംനഈ. സിവിലിയൻ ആവശ്യത്തിനുള്ള ആണവ പദ്ധതികൾ ഇറാൻ ഉപേക്ഷിക്കണമെന്ന അമേരിക്കയുടെ ആവശ്യം ‘അമിതവും അതിരുകടന്നതു’മാണമെന്നും ഇങ്ങനെയാണെങ്കിൽ ചർച്ച ഫലപ്രദമാവുമെന്ന് കരുതുന്നില്ലെന്നും ഖാംനഈ പറഞ്ഞു. ഒമാന്റെ മധ്യസ്ഥതയിൽ ഏപ്രിൽ 12 മുതൽ ആരംഭിച്ച ചർച്ചയുടെ അഞ്ചാം ഘട്ടം ഈ വാരാന്ത്യത്തിൽ നടക്കാനിരിക്കെയാണ് ഖാംനഈയുടെ പ്രസ്താവന.
അമേരിക്കയുമായുള്ള ചർച്ചയിൽ, ആണവ പദ്ധതി കൈവിടേണ്ടിവരുന്ന ഒരു നിലപാടും സ്വീകരിക്കില്ലെന്നും യുക്തിയില്ലാത്ത കാര്യങ്ങളാണ് അമേരിക്ക പറയുന്നതെന്നും ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അറാഗ്ചിയും പറഞ്ഞു.
ആണവ പദ്ധതിയുടെ ഭാഗമായുള്ള യുറേനിയം സമ്പുഷ്ടീകരണം ഇറാൻ പൂർണമായി ഉപേക്ഷിക്കണമെന്ന നിലപാടാണ് ചർച്ചയിൽ പങ്കെടുക്കുന്ന അമേരിക്കൻ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് സ്വീകരിക്കുന്നത്. ഇറാൻ ആണവ പദ്ധതി ഉപേക്ഷിക്കുക എന്നത് ‘ചുവന്ന വര’യാണെന്നും അതിന് തയാറാകാതെ ചർച്ച മുന്നോട്ടു പോവില്ലെന്നും വിറ്റ്‌കോഫ് പറഞ്ഞു. സിവിലിയൻ ആവശ്യങ്ങൾക്കു വേണ്ടിയുള്ള ആണവ പദ്ധതി ഉപേക്ഷിക്കാൻ തയാറില്ലെന്ന നിലപാടിൽ ഇറാനും ഉറച്ചു നിന്നതോടെയാണ് നാല് റൗണ്ട് കഴിഞ്ഞിട്ടും ചർച്ച സമവായത്തിലെത്താതെ പോയത്. കരാറിലെത്തിയില്ലെങ്കിൽ ഇറാനെതിരെ സൈനിക നടപടിയടക്കം സ്വീകരിക്കുമെന്ന് യു.എസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു.
‘ഇറാന്റെ യുറേനിയം സമ്പുഷ്ടീകരണം അനുവദിക്കില്ല എന്ന നിലപാട് വലിയ തെറ്റാണ്. ആരും ആരുടെയും അനുവാദം കാത്തുനിൽക്കുന്നില്ല. ഇറാന് അതിന്റേതായ നയങ്ങളും രീതികളുമുണ്ട്. സ്വന്തം തീരുമാനത്തിലാണ് ഇറാൻ പ്രവർത്തിക്കുന്നത്.’ ഹെലികോപ്ടർ അപകടത്തിൽ കൊല്ലപ്പെട്ട മുൻ പ്രസിഡണ്ട് ഇബ്രാഹിം റഈസിയുടെ ചരമവാർഷിക ചടങ്ങിൽ സംസാരിക്കവെ ഖാംനഈ പറഞ്ഞു. റഈസിയുടെ കാലത്ത് ഇറാനും അമേരിക്കയും തമ്മിൽ നേരിട്ടല്ലാതെ ചർച്ചകൾ നടന്നിരുന്നുവെന്നും അത് ഫലം കണ്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
നാലാം റൗണ്ട് ചർച്ച കഴിഞ്ഞപ്പോൾ ഇറാനുമായി പല കാര്യങ്ങളിലും ധാരണയിലെത്തിയിരുന്നുവെന്ന് ഡൊണാൾഡ് ട്രംപ് പറഞ്ഞിരുന്നു. ധാരാളം എണ്ണസമ്പത്ത് സ്വന്തമായുള്ള ഇറാൻ സിവിലിയൻ ആവശ്യങ്ങൾക്കു വേണ്ടി എന്തിനാണ് ആണവ പദ്ധതി ഉപയോഗിക്കുന്നത് എന്നും ട്രംപ് ചോദിച്ചു.