ജിദ്ദ – മിഡില്‍ ഈസ്റ്റിലെ ആദ്യത്തെ വെര്‍ച്വല്‍ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ടവര്‍ സൗദിയില്‍ പ്രവര്‍ത്തനം തുടങ്ങി. വെര്‍ച്വല്‍ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ടവര്‍ വഴി അല്‍ഉല അന്താരാഷ്ട്ര വിമാനത്താവളത്തിലെ വ്യോമഗതാഗതം റിമോട്ടായി (ഡിസ്റ്റന്‍സ് രീതിയില്‍) കൈകാര്യം ചെയ്തു കൊണ്ട് സൗദി അറേബ്യ മിഡില്‍ ഈസ്റ്റിലെ വ്യോമയാന മേഖലയില്‍ ഗുണപരമായ നേട്ടം കൈവരിച്ചു. ഏറ്റവും പുതിയ സാങ്കേതികവിദ്യകള്‍ സ്വീകരിക്കാനും രാജ്യത്തിന്റെ വടക്കുപടിഞ്ഞാറന്‍ ഭാഗത്തെ ആഗോള ലോജിസ്റ്റിക്‌സ് ഹബ് എന്ന നിലയില്‍ അല്‍ഉലയുടെ സ്ഥാനം വര്‍ധിപ്പിക്കാനും ടൂറിസം വളര്‍ച്ചയെ പിന്തുണക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണിത്.
2022 ലെ ഫ്യൂച്ചര്‍ ഓഫ് ഏവിയേഷന്‍ കോണ്‍ഫറന്‍സില്‍ അല്‍ഉല റോയല്‍ കമ്മീഷനുമായി ഒപ്പുവെച്ച ധാരണാപത്രത്തിന്റെ അടിസ്ഥാനത്തിലാണ് വെര്‍ച്വല്‍ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ടവര്‍ പദ്ധതി സൗദി എയര്‍ നാവിഗേഷന്‍ സര്‍വീസസ് കമ്പനി നടപ്പാക്കിയത്. വെര്‍ച്വല്‍ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ടവര്‍ പ്രവര്‍ത്തിപ്പിക്കാന്‍ ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷനില്‍ നിന്ന് സൗദി എയര്‍ നാവിഗേഷന്‍ സര്‍വീസസ് കമ്പനിക്ക് ഓപ്പറേറ്റിംഗ് ലൈസന്‍സ് ലഭിക്കുകയും കമ്പനി എല്ലാ സുരക്ഷാ വ്യവസ്ഥകളും പാലിക്കുകയും ചെയ്തു. ജിദ്ദയിലെ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ വെര്‍ച്വല്‍ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ സെന്ററില്‍ നിന്നാണ് അല്‍ഉല വിമാനത്താവളത്തിലെ വ്യോമഗതാഗതം ഡിസ്റ്റന്‍സ് രീതിയില്‍ നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നത്. ഈ നൂതന സാങ്കേതികവിദ്യ പ്രവര്‍ത്തിപ്പിക്കുന്നതിലും കൈകാര്യം ചെയ്യുന്നതിലും സൗദി ജീവനക്കാരെ പ്രത്യേക പരിശീലനങ്ങള്‍ നല്‍കി പ്രാപ്തരാക്കിയിട്ടുണ്ട്.
ഡാറ്റ വിശകലനം ചെയ്യാനും അന്തരീക്ഷ സാഹചര്യത്തിന്റെ സമഗ്രമായ കാഴ്ച നല്‍കാനുമായി ഉയര്‍ന്ന റെസല്യൂഷനുള്ള 360-ഡിഗ്രി ക്യാമറകള്‍, നൂതന സെന്‍സറുകള്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള ഏറ്റവും പുതിയ ഡിജിറ്റല്‍ സാങ്കേതികവിദ്യകളെ ആശ്രയിച്ചാണ് വെര്‍ച്വല്‍ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ടവര്‍ പ്രവര്‍ത്തിക്കുന്നത്. സേവനങ്ങളുടെ കാര്യക്ഷമതയും ഫലപ്രാപ്തിയും വര്‍ധിപ്പിക്കുന്നതില്‍ ഇത് നിരവധി ഗുണങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. റിയല്‍-ടൈം അനലിറ്റിക്‌സ്, ഡിജിറ്റല്‍ ക്യാമറകള്‍ എന്നിവയിലൂടെ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നു. തല്‍ക്ഷണ ഡാറ്റയും ആധുനിക സാങ്കേതികവിദ്യകളും ഉപയോഗിച്ച് വ്യോമഗതാഗത ഒഴുക്ക് മെച്ചപ്പെടുത്തുന്നതിലൂടെ സുരക്ഷാ നിലവാരം ഉയര്‍ത്താനും സഹായിക്കുന്നു. അടിസ്ഥാന സൗകര്യങ്ങളുടെ ഗുണനിലവാരത്തെ പിന്തുണക്കുകയും നിര്‍മാണ, പ്രവര്‍ത്തന ചെലവുകള്‍ കുറക്കുകയും അതുവഴി പരിസ്ഥിതി സുസ്ഥിരത വര്‍ധിപ്പിക്കുകയും ചെയ്യുന്നതിനാല്‍ വെര്‍ച്വല്‍ സെന്റര്‍ സുസ്ഥിരതക്കും സംഭാവന നല്‍കുന്നു.
ഗതാഗത, ലോജിസ്റ്റിക്‌സ് സര്‍വീസ് മന്ത്രി എന്‍ജിനീയര്‍ സ്വാലിഹ് അല്‍ജാസിറും ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ പ്രസിഡന്റ് അബ്ദുല്‍ അസീസ് അല്‍ദുഅയ്‌ലിജും ജിദ്ദ എയര്‍പോര്‍ട്ടിലെ വെര്‍ച്വല്‍ ടവര്‍ ഓപ്പറേഷന്‍ സെന്റര്‍ സന്ദര്‍ശിക്കുകയും അല്‍ഉല വിമാനത്താവളത്തിലെ വ്യോമ ഗതാഗതം വിദൂരമായി കൈകാര്യം ചെയ്യുന്നതിന് നൂതന സംവിധാനങ്ങള്‍ എങ്ങിനെ പ്രവര്‍ത്തിക്കുന്നുവെന്ന് വിലയിരുത്തുകയും ചെയ്തു.
റിമോട്ട് എയര്‍ ആന്റ് ഗ്രൗണ്ട് ട്രാഫിക് മാനേജ്മെന്റിനായുള്ള ആദ്യത്തെ വെര്‍ച്വല്‍ കണ്‍ട്രോള്‍ ടവറിന്റെ പ്രവര്‍ത്തനം വ്യോമയാന മേഖലയിലെ ഡിജിറ്റല്‍ പരിവര്‍ത്തനത്തിലേക്കുള്ള സുപ്രധാന ചുവടുവെപ്പിനെ പ്രതിനിധീകരിക്കുന്നുവെന്നും ദേശീയ ഗതാഗത, ലോജിസ്റ്റിക് സേവന തന്ത്രത്തില്‍ നിന്ന് ഉരുത്തിരിഞ്ഞ വ്യോമയാന പ്രോഗ്രാം ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ പിന്തുണ നല്‍കുന്നുണ്ടെന്നും ബന്ധപ്പെട്ട ദേശീയ പദ്ധതിക്ക് അനുസൃതമായി എയര്‍ നാവിഗേഷന്‍ സേവനങ്ങളുടെ വികസനവും ആധുനികവല്‍ക്കരണവും ഇത് പിന്തുണക്കുന്നതായും അബ്ദുല്‍ അസീസ് അല്‍ദുഅയ്‌ലിജ് പറഞ്ഞു.
വെര്‍ച്വല്‍ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ടവര്‍ കേവലം സാങ്കേതികവിദ്യയുടെ ഒരു പ്രയോഗമല്ല, മറിച്ച്, വ്യോമയാന മേഖലയില്‍ നൂതനമായ ഡിജിറ്റല്‍ ഭാവിയിലേക്കുള്ള തന്ത്രപരമായ ചുവടുവെപ്പാണെന്ന് സൗദി എയര്‍ നാവിഗേഷന്‍ സര്‍വീസസ് കമ്പനി സി.ഇ.ഒ എന്‍ജിനീയര്‍ അബ്ദുല്‍ അസീസ് അല്‍സായിദ് പറഞ്ഞു. ഇത് പ്രവര്‍ത്തിപ്പിക്കുന്നതിലൂടെ പ്രവര്‍ത്തന കാര്യക്ഷമതയില്‍ ഞങ്ങള്‍ ഗുണപരമായ കുതിച്ചുചാട്ടം കൈവരിക്കുകയാണ്.
ഭാവിയിലെ അഭിലാഷങ്ങള്‍ നിറവേറ്റുന്ന ഒരു സ്മാര്‍ട്ട്, സുസ്ഥിര അന്തരീക്ഷം കെട്ടിപ്പടുക്കാനുള്ള ഞങ്ങളുടെ പ്രതിബദ്ധതയെ ഇത് പ്രതിഫലിപ്പിക്കുന്നു. സൗദി അറേബ്യയുടെ വ്യോമയാന അടിസ്ഥാന സൗകര്യങ്ങള്‍ ആധുനികവല്‍ക്കരിക്കുക, വ്യോമ ഗതാഗത മാനേജ്മെന്റില്‍ സുരക്ഷയും കാര്യക്ഷമതയും വര്‍ധിപ്പിക്കുക, വിമാനത്താവള പ്രവര്‍ത്തനങ്ങളുടെ പാരിസ്ഥിതിക ആഘാതങ്ങള്‍ കുറക്കുന്നതിന് സംഭാവന നല്‍കുന്ന ആധുനിക സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തുക എന്നീ വിശാലമായ തന്ത്രത്തിന്റെ ഭാഗമായ ഈ പദ്ധതിയുടെ ലക്ഷ്യങ്ങള്‍ വിജയകരമായി കൈവരിക്കുന്നതിന് ഉയര്‍ന്ന തലത്തിലുള്ള സേവനവും പിന്തുണയും നല്‍കാന്‍ സൗദി എയര്‍ നാവിഗേഷന്‍ സര്‍വീസസ് കമ്പനി പ്രതിജ്ഞാബദ്ധമാണെന്ന് എന്‍ജിനീയര്‍ അബ്ദുല്‍ അസീസ് അല്‍സായിദ് പറഞ്ഞു.
സുരക്ഷയുടെയും ഗുണനിലവാരത്തിന്റെയും ഉയര്‍ന്ന നിലവാരത്തെ അടിസ്ഥാനമാക്കി കാര്യക്ഷമവും വിശ്വസനീയവുമായ എയര്‍ നാവിഗേഷന്‍ സേവനങ്ങള്‍ നല്‍കുന്നതിലൂടെയും ഏറ്റവും പുതിയ സാങ്കേതിക പരിഹാരങ്ങളും നൂതനാശയങ്ങളും ഉപയോഗിച്ച് അടിസ്ഥാന സൗകര്യ വികസനത്തെ പിന്തുണക്കുന്ന നൂതന സമീപനം സ്വീകരിക്കുന്നതിലൂടെയും വ്യോമയാന മേഖലയില്‍ രാജ്യത്തിന്റെ മുന്‍നിര സ്ഥാനം ശക്തിപ്പെടുത്താന്‍ സൗദി എയര്‍ നാവിഗേഷന്‍ സര്‍വീസസ് കമ്പനി സംഭാവന നല്‍കാന്‍ ശ്രമിക്കുന്നു.