സന്‍ആ – പടിഞ്ഞാറന്‍ യെമനിലെ അല്‍ഹുദൈദ തുറമുഖത്ത് ഇസ്രായില്‍ സൈന്യം കനത്ത ആക്രമണം അഴിച്ചുവിട്ടു. തുറമുഖത്തിന്റെ ഡോക്കുകളില്‍ ഇസ്രായില്‍ സൈന്യം 12 ആക്രമണങ്ങള്‍ നടത്തിയതായി ഹൂത്തി ഗ്രൂപ്പിനു കീഴിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
രാജ്യത്തിനെതിരെ ആക്രമണം അഴിച്ചുവിടുന്ന ഇസ്രായിലി വിമാനങ്ങളെ തങ്ങളുടെ വ്യോമ പ്രതിരോധം നിലവില്‍ നേരിടുന്നതായി ഹൂത്തി ഗ്രൂപ്പ് സൈനിക വക്താവ് യഹ്‌യ സരീഅ് പറഞ്ഞു. ഇറാന്‍ പിന്തുണയുള്ള ഹൂത്തി വിമതര്‍ ഇസ്രായില്‍ രാഷ്ട്രത്തിനും സഖ്യകക്ഷികള്‍ക്കുമെതിരെ തീവ്രവാദ ഗൂഢാലോചനകള്‍ നടത്തുന്നതായും ആയുധങ്ങള്‍ കൊണ്ടുപോകാന്‍ തുറമുഖം ഉപയോഗിക്കുന്നതായും ആരോപിച്ച്, അല്‍ഹുദൈ തുറമുഖത്തെ ഹൂത്തി സൈനിക സൗകര്യങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണം നടത്തുന്നതായി ഇസ്രായില്‍ സൈന്യം അറിയിച്ചു.
തുറമുഖം ഒഴിപ്പിക്കാന്‍ മണിക്കൂറുകള്‍ക്ക് മുമ്പ് ഇസ്രായില്‍ സൈന്യം അടിയന്തിര മുന്നറിയിപ്പ് നല്‍കിയിരുന്നു. വരും മണിക്കൂറുകളില്‍ തുറമുഖത്തിനു നേരെ ബോംബാക്രമണം നടത്തുമെന്ന് ഇസ്രായില്‍ ഭീഷണി മുഴക്കി. ഭീകരരായ ഹൂത്തി ഭരണകൂടത്തിന്റെ സൈനിക പ്രവര്‍ത്തനങ്ങളുടെ പശ്ചാത്തലത്തില്‍ വരും മണിക്കൂറുകളില്‍ തുറമുഖ പ്രദേശം ആക്രമിക്കും. അല്‍ഹുദൈദ തുറമുഖത്തുള്ള എല്ലാവരും അവിടെ നങ്കൂരമിട്ടിരിക്കുന്ന കപ്പലുകളും ഉടന്‍ തന്നെ സ്ഥലം വിടണമെന്ന് ഇസ്രായില്‍ സൈന്യം ആവശ്യപ്പെട്ടു. നിങ്ങളുടെ സുരക്ഷക്കായി, അല്‍ഹുദൈദ തുറമുഖത്തുള്ള എല്ലാവരും അവിടെ നങ്കൂരമിട്ടിരിക്കുന്ന കപ്പലുകളും ഉടന്‍ ഒഴിഞ്ഞുപോകണമെന്ന് ഞങ്ങള്‍ അഭ്യര്‍ഥിക്കുന്നു. പ്രദേശത്ത് അവശേഷിക്കുന്ന എല്ലാവരുടെയും ജീവന്‍ അപകടത്തിലാകും – ഇസ്രായില്‍ സൈനിക വക്താവ് അവിചായ് അഡ്രഇ എക്‌സ് പ്ലാറ്റ്ഫോമിലെ പോസ്റ്റില്‍ പറഞ്ഞു.
ഹൂത്തികള്‍ക്കെതിരായ നാവിക, വ്യോമ ഉപരോധം തുടരുന്നത് ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഇസ്രായില്‍ വ്യോമസേന അല്‍ഹുദൈദ തുറമുഖം ആക്രമിച്ചതെന്ന് ഇസ്രായില്‍ പ്രതിരോധ മന്ത്രി യിസ്രായേല്‍ കാറ്റ്സ് പറഞ്ഞു. ഹൂത്തികള്‍ക്കു നേരെയുള്ള ആക്രമണങ്ങള്‍ തുടരുമെന്നും ഇസ്രായിലിനെ ലക്ഷ്യമിടാനുള്ള ഏതൊരു ശ്രമത്തിനും ഹൂത്തികള്‍ കനത്ത വില നല്‍കേണ്ടിവരുമെന്നും കാറ്റ്സ് കൂട്ടിച്ചേര്‍ത്തു. അല്‍ഹുദൈദ തുറമുഖത്തെ മൂന്നു ഡോക്കുകള്‍ക്കു നേരെയാണ് ഇസ്രായില്‍ ആക്രമണം നടത്തിയത്