തെഹ്‌റാന്‍ – യു.എസും ഇസ്രായിലും നടത്തിയ ആക്രമണങ്ങളില്‍ ഇറാനിലെ രണ്ട് സര്‍വകലാശാലകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായി റിപ്പോര്‍ട്ട് ചെയ്തതിനു പിന്നാലെ മിഡില്‍ ഈസ്റ്റിലെ യു.എസ് യൂണിവേഴ്‌സിറ്റികള്‍ ആക്രമിക്കുമെന്ന് ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് ഇന്ന് പുലര്‍ച്ചെ ഭീഷണി മുഴക്കി. മേഖലയിലെ അമേരിക്കന്‍ സര്‍വകലാശാലകളെ പ്രതികാര ആക്രമണങ്ങള്‍ ലക്ഷ്യമിടുന്നത് തടയാന്‍ യു.എസ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നുവെങ്കില്‍, മാര്‍ച്ച് 30 തിങ്കളാഴ്ച ഉച്ചക്ക് മുമ്പ് ഇറാന്‍ സര്‍വകലാശാലകള്‍ക്കു നേരെയുണ്ടായ വ്യോമാക്രമണത്തെ അപലപിക്കണമെന്ന് ഇറാന്‍ മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ച പ്രസ്താവനയില്‍ റെവല്യൂഷണറി ഗാര്‍ഡ് പറഞ്ഞു.
ഇറാന്‍ ആക്രമിച്ചേക്കാവുന്ന സര്‍വകലാശാലകളില്‍ നിന്ന് കുറഞ്ഞത് ഒരു കിലോമീറ്റര്‍ അകലെ നില്‍ക്കാന്‍ മേഖലയിലെ യു.എസ് യൂണിവേഴ്‌സിറ്റികളിലെ ജീവനക്കാര്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ എന്നിവരോട് റെവല്യൂഷണറി ഗാര്‍ഡ് നിര്‍ദേശിച്ചു. ഖത്തറിലെ ടെക്‌സസ് എ ആന്റ് എം യൂണിവേഴ്‌സിറ്റി, യു.എ.ഇയിലെ ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റി തുടങ്ങിയ യു.എസ് സര്‍വകലാശാലാ ശാഖകള്‍ ഗള്‍ഫ് രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വെള്ളിയാഴ്ച രാത്രി തെഹ്റാനില്‍ നഗരത്തിന്റെ വടക്കുകിഴക്കന്‍ ഭാഗത്തുള്ള സയന്‍സ് ആന്റ് ടെക്‌നോളജി സര്‍വകലാശാലയില്‍ സ്‌ഫോടനങ്ങള്‍ കേട്ടു. സ്‌ഫോടനങ്ങളില്‍ കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചെങ്കിലും ആര്‍ക്കും പരിക്കില്ല എന്ന് മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു.



