മെക്‌സിക്കോ സിറ്റി – മയക്കുമരുന്ന് മാഫിയയെ നേരിടാൻ സൈന്യത്തെ അയക്കാമെന്ന യു.എസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ വാഗ്ദാനം താൻ തള്ളിയതായി വെളിപ്പെടുത്തി മെക്‌സിക്കൻ പ്രസിഡണ്ട് ക്ലൗഡിയ ഷീൻബൗം. മയക്കുമരുന്ന് കടത്ത് ഒന്നിച്ചു നേരിടാമെന്ന് ടെലിഫോൺ സംഭാഷണത്തിനിടെ ട്രംപ് പറഞ്ഞുവെന്നും എന്നാൽ, അമേരിക്കൻ സൈന്യം മെക്‌സിക്കോയിൽ വേണ്ടെന്ന നിലപാട് താൻ വ്യക്തമാക്കിയെന്നും ഒരു പൊതുപരിപാടിയിൽ പ്രസംഗിക്കവെ ക്ലൗഡിയ പറഞ്ഞു.
‘യു.എസ് സൈന്യത്തെ നമ്മുടെ പ്രദേശത്ത് ഒരിക്കലും നമ്മൾ അനുവദിക്കുകയില്ല. ഞാൻ ട്രംപിനോട് പറഞ്ഞു, വേണ്ട പ്രസിഡണ്ട്, ഞങ്ങളുടെ പ്രദേശം കടന്നുകയറാനുള്ളതല്ല. ഞങ്ങളുടെ പരമാധികാരം വിൽപ്പനക്കുള്ളതല്ല.’ മയക്കമരുന്ന് മാഫിയയെ നേരിടുന്നതിനായി ഒന്നിച്ചു നീങ്ങാൻ ട്രംപ് മെക്‌സിക്കോയ്ക്കു മേൽ സമ്മർദം ചെലുത്തുന്നു എന്ന വാർത്തകൾക്കിടെയാണ് ക്ലൗഡിയയുടെ പ്രതികരണം.
ജനുവരിയിൽ പ്രസിഡണ്ട് സ്ഥാനം ഏറ്റെടുത്തതു മുതൽ അമേരിക്കയിലേക്ക് മയക്കുമരുന്ന് ഒഴുകുന്നത് മെക്‌സിക്കോ വഴിയാണെന്ന് പലതവണ ട്രംപ് ആരോപിച്ചിരുന്നു. ഏപ്രിൽ 16-ന് മെക്‌സിക്കൻ പ്രസിഡണ്ടുമായി ഫോണിൽ സംസാരിച്ച ട്രംപ്, മയക്കുമരുന്ന് മാഫിയയെ തകർക്കാൻ സൈന്യത്തെ അയക്കാമെന്ന് വാഗ്ദാനം ചെയ്തു. അത് താൻ നിരസിച്ചു എന്നാണ് ക്ലൗഡിയ ഷീൻബൗം ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്.