മോസ്‌കോ: ഇറാനെതിരെ അമേരിക്ക കരസേനാ നടപടിക്ക് തയാറാകുന്നത് ഗുരുതരമായ തന്ത്രപരമായ പിഴവാണെന്നും അതിന് വൻവില നൽകേണ്ടി വരുമെന്നും റഷ്യൻ സുരക്ഷാ കൗൺസിൽ ഡെപ്യൂട്ടി ചെയർമാൻ ദിമിത്രി മെദ്വദേവ് മുന്നറിയിപ്പ് നൽകി. ഇറാനിൽ അമേരിക്ക നടത്തുന്ന ഏതൊരു കരസേനാ നീക്കവും പശ്ചിമേഷ്യൻ മേഖലയെ പ്രത്യാഘാതങ്ങളിലേക്ക് തള്ളിവിടുമെന്ന് അദ്ദേഹം പ്രസ്താവിച്ചു. മിഡിലീസ്റ്റ് ഇതുവരെ സാക്ഷ്യം വഹിക്കാത്ത വലിയൊരു യുദ്ധത്തിന് ഇത് വഴിതുറക്കുമെന്നും റഷ്യ ചൂണ്ടിക്കാട്ടി.
അമേരിക്കയെ സംബന്ധിച്ചിടത്തോളം ഈ നീക്കം വിയറ്റ്‌നാം യുദ്ധത്തിന് സമാനമായ ദുരന്തമായിരിക്കും സമ്മാനിക്കുകയെന്ന് മെദ്വദേവ് ഓർമ്മിപ്പിച്ചു. അന്ന് വിയറ്റ്‌നാമിൽ നിന്ന് അന്തസ്സോടെ പുറത്തുകടക്കാൻ കഴിയാതെ പോയ ചരിത്രം അമേരിക്കയ്ക്ക് മുന്നിലുണ്ട്. ഇറാന്റെ പരമാധികാരത്തിന് മേൽ കടന്നുകയറിയാൽ തങ്ങളുടെ സർവ്വശക്തിയും ഉപയോഗിച്ച് തിരിച്ചടിക്കുമെന്ന് ഇറാൻ വ്യക്തമാക്കിയ കാര്യവും അദ്ദേഹം സൂചിപ്പിച്ചു. ഇറാന്റെ ആണവായുധ നയങ്ങൾ ഭാവിയിൽ വരാനിരിക്കുന്ന പരമോന്നത നേതാവിന്റെ നിലപാടുകളെ ആശ്രയിച്ചിരിക്കുമെന്നും, അത്തരം തീരുമാനങ്ങൾ മുൻകൂട്ടി പ്രവചിക്കുക അസാധ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



