പാരീസ്- യൂറോ കപ്പിൽ ഫ്രാൻസിന്റെ ആദ്യമത്സരത്തിന്റെ തലേദിവസം. ലി ബ്ലൂസിൻ്റെ ക്യാപ്റ്റനും ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ കളിക്കാരിലൊരാളുമായ കിലിയൻ എംബാപ്പെ മത്സരത്തിന് മുമ്പുള്ള പത്രസമ്മേളനത്തിരിക്കുകയാണ്. മുറിയിൽ മാധ്യമ പ്രവർത്തകർ തിങ്ങിനിറഞ്ഞിരിക്കുന്നു. ഫ്രാൻസിന്റെ വിജയ സാധ്യതകളെ സംബന്ധിച്ച് എംബപ്പെ സംസാരിച്ചു തുടങ്ങുമെന്ന് പ്രതീക്ഷിച്ച് മാധ്യമപ്രവർത്തകർ. പക്ഷെ എംബപ്പെ തുടങ്ങിയത് ഇങ്ങിനെയായിരുന്നു.
ഫുട്ബോളും രാഷ്ട്രീയവും കലർത്തരുതെന്ന് ആളുകൾ പറയുന്നു, പക്ഷേ ഞങ്ങൾ ഇവിടെ സംസാരിക്കുന്നത് കളിയേക്കാൾ പ്രധാനപ്പെട്ട ഒരു സുപ്രധാന സാഹചര്യത്തെക്കുറിച്ചാണ്-25 കാരനായ താരം അക്ഷോഭ്യനായി തുടർന്നു. ഫ്രാൻസിൽ വിനാശകരമായ സഹചര്യങ്ങളാണുള്ളത്. ആളുകളെ ഭിന്നിപ്പിക്കുന്ന തീവ്രമായ കാഴ്ചപ്പാടുകൾക്കും ആശയങ്ങൾക്കും എതിരാണ് ഞാൻ- എംബാപ്പെ പറഞ്ഞു. ഫ്രാൻസിനെ പ്രതിനിധീകരിക്കുന്നതിൽ എനിക്ക് അഭിമാനമുണ്ട്. എന്നാൽ എൻ്റെ മൂല്യങ്ങളെയോ നമ്മുടെ മൂല്യങ്ങളെയോ പ്രതിഫലിപ്പിക്കാത്ത ഒരു രാജ്യത്തെ പ്രതിനിധീകരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല.
എന്നാൽ ജൂൺ 30ന് നടന്ന ആദ്യ ഘട്ട തെരഞ്ഞെടുപ്പിൽ വിജയം തീവ്രവലതുപക്ഷത്തിനായിരുന്നു. വിജയിച്ചതോടെ എംബാപ്പെയെ ‘ദുരന്തം’ എന്നാണ് തീവ്രവലതുപക്ഷത്തിന്റെ നേതാവ് മരീന്‍ ലെ പെന്നും സംഘവും വിശേഷിപ്പിച്ചത്. ഇതോടെ എംബാപ്പെ വീണ്ടുമെത്തി. ജൂലായ് ഏഴിന് നടക്കുന്ന അടുത്ത റൗണ്ട് തിരഞ്ഞെടുപ്പില്‍ തീവ്രവലതുപക്ഷത്തിനെതിരേ വോട്ടുചെയ്യാന്‍ എംബാപ്പെ ഫ്രഞ്ച് ജനതയോട് അഭ്യര്‍ഥിച്ചു. രാജ്യം “ഇവരുടെ കൈകളിൽ” വിട്ടുകൊടുക്കരുതെന്ന് മുന്നറിയിപ്പ് നൽകി.
ഇതോടെ ഫ്രഞ്ച് ജനത ഉണർന്നു. എംബാപ്പയുടെ ആഹ്വാനം യുവാക്കൾ ഏറ്റെടുത്തു. അവർ ഇടതുപക്ഷത്തിന് വോട്ടു ചെയ്തു. തീവ്രവലതുപക്ഷം മൂന്നാം സ്ഥാനത്തായി. തീവ്രവലതുപക്ഷത്തിന് ഉറപ്പായ വിജയം മഴവില്ലഴകു പോലെയുള്ള ഫ്രീ കിക്ക് കൊണ്ട് എംബപ്പെ തകർത്തു കളഞ്ഞു.
തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചപ്പോൾ, ഫ്രഞ്ച് ദേശീയ ടീമിലെ നിരവധി താരങ്ങൾ എംബാപ്പക്കൊപ്പം ആഘോഷിക്കാൻ സോഷ്യൽ മീഡിയയിൽ എത്തി. ഈ മനോഹരമായ ഫ്രാൻസിനെ തീവ്ര വലതുപക്ഷം ഭരിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ പോരാടിയ എല്ലാവരേയും ജൂൾസ് കൗണ്ടേ അഭിനന്ദിച്ചു. ജനങ്ങളുടെ വിജയം എന്നാണ് ഔറേലിയൻ ചൗമേനി തെരഞ്ഞെടുപ്പ് ഫലത്തെ വിശേഷിപ്പിച്ചത്.