നൗാക്ഷോട്ട്: തങ്ങളുടെ രാജ്യത്ത് നിന്നുള്ള ഹജ്ജ് തീര്‍ത്ഥാടകരുമായുള്ള വിമാനം ചെങ്കടലില്‍ വീണ് തകര്‍ന്നുവെന്ന വാര്‍ത്തകള്‍ നിഷേധിച്ച് മൗറിത്താനിയ രംഗത്തെത്തി.
എല്ലാ മൗറിത്താനിയന്‍ തീര്‍ത്ഥാടകരും സുരക്ഷിതരായി വിശുദ്ധ ഭൂമിയില്‍ എത്തിയതായി മൗറിത്താനിയയുടെ ഇസ്ലാമിക കാര്യ മന്ത്രാലയത്തിലെ ഹജ്ജ് ഡയറക്ടര്‍ എല്‍ വാലി താഹ അറിയിച്ചു.
‘മൗറിത്താനിയന്‍ ഹജ്ജ് വിമാനം ചെങ്കടലില്‍ തകര്‍ന്നു: 210 തീര്‍ത്ഥാടകരെ കാണാതായി’ എന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് എല്‍ വാലി താഹയുടെ വിശദീകരണം.
മൗറിത്താനിയ എയര്‍വേയ്‌സിന്റെ വിമാനത്തില്‍ 220 തീര്‍ത്ഥാടകര്‍ ഉണ്ടായിരുന്നുവെന്നും അവര്‍ ചെങ്കടലില്‍ തകര്‍ന്നുവെന്നും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിനൊപ്പം ഒരു ചിത്രവും പ്രചരിച്ചിരുന്നു.

മെയ് 23, 24, 25 തീയതികളില്‍ എല്ലാ തീര്‍ത്ഥാടകരെയും മക്കയില്‍ സുരക്ഷിതമായി എത്തിച്ചതായി മൗറിത്താനിയ എയര്‍ലൈന്‍സ് വിമാനങ്ങള്‍ സ്ഥിരീകരിച്ചു. ‘ഈ വര്‍ഷത്തെ ഹജ്ജ് സീസണിനായി ഞങ്ങള്‍ മൂന്ന് വിമാനങ്ങള്‍ പ്രവര്‍ത്തിപ്പിച്ചു, മൂന്നും അവയുടെ ലക്ഷ്യസ്ഥാനത്ത് സുരക്ഷിതമായി എത്തി -എയര്‍ലൈന്‍സ് പ്രസ്താവനയില്‍ വ്യക്തമാക്കി.
അതേസമയം, ലോകമെമ്പാടുമുള്ള 10 ലക്ഷത്തിലധികം തീര്‍ത്ഥാടകര്‍ ഹജ്ജിനായി രാജ്യത്ത് എത്തിയതായി സൗദി അറേബ്യയുടെ ഹജ്ജ് ആന്‍ഡ് ഉംറ മന്ത്രാലയം അറിയിച്ചു.