ഗാസ – ഗാസയില്‍ റിലീഫ് വിതരണ കേന്ദ്രങ്ങളില്‍ ഇസ്രായില്‍ സൈന്യം കൂട്ടക്കൊലകള്‍ തുടരുന്നു. ദക്ഷിണ ഗാസയിലെ റഫയില്‍ റിലീഫ് വിതരണ കേന്ദ്രത്തിനു സമീപം ഇന്നലെ ഇസ്രായില്‍ നടത്തിയ ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 27 ആയി ഉയര്‍ന്നതായും 90 ലേറെ പേര്‍ക്ക് പരിക്കേറ്റതായും ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. തുടര്‍ച്ചയായി മൂന്നാം ദിവസമാണ് കുടുംബാംഗങ്ങള്‍ക്കുള്ള ഭക്ഷ്യവസ്തുക്കള്‍ തേടി റിലീഫ് വിതരണ കേന്ദ്രങ്ങളില്‍ എത്തിയ ഫലസ്തീനികള്‍ക്കു നേരെ ഇസ്രായില്‍ സൈന്യം വെടിവെക്കുന്നത്.
റഫയിലെ റിലീഫ് വിതരണ കേന്ദ്രത്തില്‍ നിന്ന് അര കിലോമീറ്റര്‍ അകലെ ആളുകള്‍ക്കു നേരെ നിറയൊഴിച്ചതായി ഇസ്രായില്‍ സൈന്യം സമ്മതിച്ചു. തുടര്‍ച്ചയായ മൂന്നാം ദിവസവും ഗാസയില്‍ അമേരിക്കന്‍ പിന്തുണയുള്ള ഗാസ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന്‍ നടത്തുന്ന റിലീഫ് വിതരണ കേന്ദ്രത്തില്‍ നിന്ന് അര കിലോമീറ്റര്‍ അകലെ ആളുകള്‍ള്‍ക്കു നേരെ വെടിയുതിര്‍ത്തതായി ഇസ്രായില്‍ സൈന്യം പറഞ്ഞു. ഈ വ്യക്തികള്‍ സൈനികരെ അപകടത്തിലാക്കുന്ന നിലക്ക് സൈനികരുടെ സമീപത്തേക്ക് നീങ്ങുകയായിരുന്നെന്ന് സൈന്യം പറഞ്ഞു.
റഫയില്‍ റിലീഫ് വിതരണ കേന്ദ്രത്തിന് സമീപം ഇസ്രായില്‍ സൈന്യം ഫലസ്തീനികളെ വെടിവച്ചുകൊന്നത് ഉടനടി സ്വതന്ത്ര അന്വേഷണം ആവശ്യപ്പെടുന്ന ഭയാനകമായ സംഭവമാണെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ പറഞ്ഞു. ഗാസ മുനമ്പിലെ സഹായ വിതരണ കേന്ദ്രങ്ങള്‍ക്ക് ചുറ്റും സാധാരണക്കാര്‍ക്കെതിരായ മാരകമായ ആക്രമണങ്ങള്‍ യുദ്ധക്കുറ്റമായി കണക്കാക്കുന്നതായി യു.എന്‍ മനുഷ്യാവകാശ ഹൈക്കമ്മീഷണര്‍ വോള്‍ക്കര്‍ ടര്‍ക്ക് വ്യക്തമാക്കി. ഗാസയില്‍ തുച്ഛമായ അളവിലുള്ള ഭക്ഷ്യസഹായം ലഭിക്കാന്‍ ശ്രമിക്കുന്ന നിരാശരായ സാധാരണക്കാര്‍ക്ക് നേരെയുള്ള മാരകമായ ആക്രമണങ്ങള്‍ അസ്വീകാര്യമാണ് – വോള്‍ക്കര്‍ ടര്‍ക്ക് ജനീവയില്‍ പ്രസ്താവനയില്‍ പറഞ്ഞു. സിവിലിയന്മാര്‍ക്കെതിരായ ആക്രമണങ്ങള്‍ അന്താരാഷ്ട്ര നിയമത്തിന്റെ ഗുരുതരമായ ലംഘനവും യുദ്ധക്കുറ്റവുമാണ്. തുടര്‍ച്ചയായ മൂന്നാം ദിവസവും, ഗാസ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന്‍ നടത്തുന്ന റിലീഫ് വിതരണ കേന്ദ്രത്തിന് ചുറ്റും ആളുകള്‍ കൊല്ലപ്പെട്ടു. ഇന്ന് രാവിലെ ഡസന്‍ കണക്കിന് പേര്‍ കൊല്ലപ്പെടുകയും നിരവധി പരിക്കേല്‍ക്കുകയും ചെയ്തതായി ഞങ്ങള്‍ക്ക് വിവരം ലഭിച്ചു – വോള്‍ക്കര്‍ ടര്‍ക്ക് പറഞ്ഞു.
അതിനിടെ, ഗാസ മുനമ്പില്‍ സഹായം വിതരണം ചെയ്യുന്ന, അമേരിക്കയുടെയും ഇസ്രായിലിന്റെയും പിന്തുണയുള്ള ഗാസ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷനുമായുള്ള കരാര്‍ ബോസ്റ്റണ്‍ കണ്‍സള്‍ട്ടിംഗ് ഗ്രൂപ്പ് അവസാനിപ്പിച്ചതായി കമ്പനി വക്താവിനെ ഉദ്ധരിച്ച് വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. റിലീഫ് വിതരണ കേന്ദ്രങ്ങളിലെ കൂട്ടക്കൊലകളില്‍ പ്രതിഷേധിച്ചാണ് ബോസ്റ്റണ്‍ കണ്‍സള്‍ട്ടിംഗ് ഗ്രൂപ്പ് ഗാസ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷനുമായുള്ള കരാര്‍ അവസാനിപ്പിച്ചതെന്നാണ് വിവരം. സുവിശേഷ ക്രിസ്ത്യന്‍ പുരോഹിതനെ പുതിയ ചീഫ് എക്‌സിക്യൂട്ടീവായി നിയമിച്ചതായി ഗാസ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷനും അറിയിച്ചു. മതസ്വാതന്ത്ര്യ വിഷയങ്ങളില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി അടുത്ത് പ്രവര്‍ത്തിച്ചിട്ടുള്ള റവ. ജോണി മൂറിന്റെ നിയമനം പ്രവര്‍ത്തന മികവും പരിചയസമ്പന്നരായ പ്രമുഖ വ്യക്തികളെയും സംയോജിപ്പിക്കാനുള്ള ഗാസ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന്റെ നിശ്ചയദാര്‍ഢ്യത്തിന് അടിവരയിടുന്നു – ഫൗണ്ടേഷന്‍ ആക്ടിംഗ് സി.ഇ.ഒ ജോണ്‍ ആക്രീ പ്രസ്താവനയില്‍ പറഞ്ഞു.