ഗാസ – ഗാസ യുദ്ധം പുനരാരംഭിച്ച ഇസ്രായില്‍ ഇന്ന് പുലര്‍ച്ചെ ഗാസയിലെ വിവിധ പ്രദേശങ്ങളില്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ 14 ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി ഫലസ്തീന്‍ മെഡിക്കല്‍ വൃത്തങ്ങള്‍ അറിയിച്ചു. തെക്കന്‍ ഗാസയിലെ ഖാന്‍ യൂനിസ്, റഫ എന്നിവിടങ്ങളിലാണ് വ്യോമാക്രമണങ്ങളുണ്ടായത്. കൂടാതെ മധ്യ ഗാസയിലെ അല്‍ബുറൈജ് അഭയാര്‍ഥി ക്യാമ്പിനും ഗാസ സിറ്റിക്ക് തെക്ക് അല്‍സബ്‌റ ഡിസ്ട്രിക്ടിലെ വീടിനും നേരെ ഷെല്ലാക്രമണങ്ങളും നടത്തി. ഖാന്‍ യൂനിസ് നഗരത്തിന് പടിഞ്ഞാറുള്ള ആബിദീന്‍ സ്ട്രീറ്റില്‍ അഭയാര്‍ഥികള്‍ താമസിക്കുന്ന തമ്പ് ലക്ഷ്യമിട്ട് നടത്തിയ വ്യോമാക്രമണത്തില്‍ രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ നാല് പേര്‍ കൊല്ലപ്പെട്ടു.
ഖാന്‍ യൂനിസിന്റെ തെക്കുപടിഞ്ഞാറന്‍ ഭാഗത്ത് അഭയാര്‍ഥികള്‍ കഴിയുന്ന മറ്റൊരു തമ്പിനു നേരെയുണ്ടായ ഷെല്ലാക്രമണത്തില്‍ രണ്ട് പേര്‍ മരിക്കുകയും അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഖാന്‍ യൂനിസിന് വടക്ക് അസ്ദാ ജയിലിന് സമീപം അഭയാര്‍ഥികളുടെ ടെന്റ് ലക്ഷ്യമിട്ട് നടന്ന മറ്റൊരു ആക്രമണത്തില്‍ സ്ത്രീ അടക്കം രണ്ടു പേര്‍ കൊല്ലപ്പെടുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. റഫയിലെ വ്യാവസായിക മേഖലയില്‍ ഷെല്ലാക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായും ബന്ധപ്പട്ട വൃത്തങ്ങള്‍ അറിയിച്ചു.
ഗാസ നഗരത്തിന് തെക്ക് അല്‍സബറ ഡിസ്ട്രിക്ടില്‍ അബൂഈദ റൗണ്ട്എബൗട്ടിന് സമീപം അല്‍ഹത്താബ് കുടുംബത്തിന്റെ വീടിനു നേരെയുണ്ടായ ബോംബാക്രമണത്തില്‍ നാലു പേര്‍ കൊല്ലപ്പെടുകയും വ്യാപകമായ നാശനഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്തു. മധ്യ ഗാസയിലെ അല്‍ബുറൈജ് അഭയാര്‍ഥി ക്യാമ്പ് ഉള്‍പ്പെടെ ഗാസ മുനമ്പിലെ മറ്റ് പ്രദേശങ്ങളില്‍ ഇസ്രായിലി യുദ്ധവിമാനങ്ങള്‍ വ്യോമാക്രമണം തുടരുകയാണ്. ആളപായമോ നാശനഷ്ടങ്ങളോ സംബന്ധിച്ച വിവരങ്ങളൊന്നും ഉടനടി ലഭ്യമായിട്ടില്ല.
കഴിഞ്ഞ ജനുവരിയില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതിനുശേഷം ആഴ്ചകളായി ഇസ്രായിലും ഹമാസും തമ്മില്‍ നിലനിന്നിരുന്ന ദുര്‍ബലമായ വെടിനിര്‍ത്തല്‍ അവസാനിപ്പിച്ച് ചൊവ്വാഴ്ച പുലര്‍ച്ചെ ഇസ്രായില്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ 420 ലേറെ ആളുകള്‍ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. വെടിനിര്‍ത്തല്‍ ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനുള്ള ചര്‍ച്ചകള്‍ സ്തംഭിച്ചതോടെയാണ് ഇസ്രായില്‍ ആക്രമണം ആരംഭിച്ചത്. വെടിനിര്‍ത്തല്‍ കരാര്‍ അട്ടിമറിച്ചതായി ഇസ്രായിലും ഹമാസും പരസ്പരം ആരോപിച്ചു.
ചൊവ്വാഴ്ച പുലര്‍ച്ചെ ഗാസയില്‍ ഇസ്രായില്‍ സൈന്യം നടത്തിയ വ്യോമാക്രമണം തുടക്കം മാത്രമാണെന്നും ബന്ദികളെ തിരികെ എത്തിക്കാന്‍ ഹമാസിനു മേല്‍ സൈനിക സമ്മര്‍ദം അനിവാര്യമാണെന്നും ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു മുന്നറിയിപ്പ് നല്‍കി. ബന്ദികളെ തിരികെ എത്തിക്കുന്നതുവരെ ഗാസയില്‍ യുദ്ധം തുടരുമെന്ന് ഇസ്രായില്‍ വ്യക്തമാക്കി. ഹമാസിനു മേല്‍ കീഴടങ്ങല്‍ കരാര്‍ അടിച്ചേല്‍പ്പിക്കാന്‍ ഇസ്രായില്‍ ശ്രമിക്കുകയാണെന്നും ഇസ്രായിലിന്റെ ഇപ്പോഴത്തെ ആക്രമണത്തില്‍ അമേരിക്ക പങ്കാളിയാണെന്നും ഹമാസ് നേതാവ് സാമി അബൂസുഹ്‌രി ആരോപിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഹമാസ് ഞങ്ങളുടെ ശക്തി അനുഭവിച്ചറിഞ്ഞു എന്ന് നെതന്യാഹു പറഞ്ഞു. നിങ്ങള്‍ക്കും അവര്‍ക്കും ഉറപ്പ് നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, ഇത് ഒരു തുടക്കം മാത്രമാണ് – ടി.വി പ്രസംഗത്തില്‍ നെതന്യാഹു പറഞ്ഞു. രാഷ്ട്രീയ പരിഗണനകള്‍ കൊണ്ടല്ല സൈനിക ഓപ്പറേഷനു പച്ചക്കൊടി കാണിച്ചതെന്ന് നെതന്യാഹു പറഞ്ഞു.
ഗാസയില്‍ രൂക്ഷമായ ആക്രമണങ്ങള്‍ക്ക് ഉത്തരവിട്ട് ഗാസയിലെ ഇസ്രായിലി ബന്ദികളെ ബലിയര്‍പ്പിച്ചുവെന്ന് ആരോപിച്ച് ഇസ്രായിലി ഹോസ്റ്റേജ് ഫാമിലീസ് ഫോറം പുറത്തിറക്കിയ പ്രസ്താവനക്ക് മറുപടിയായാണ് പ്രധാനമന്ത്രിയുടെ പരാമര്‍ശങ്ങള്‍. ഗാസയില്‍ ഇപ്പോഴും ബന്ദികളായി കഴിയുന്നവരെ മോചിപ്പിക്കാനുള്ള ചര്‍ച്ചകള്‍ ഇനി മുതല്‍ വെടിവെപ്പിലൂടെ മാത്രമേ നടത്തുകയുള്ളൂ എന്നും ബന്ദികളുടെ തിരിച്ചുവരവ് ഉറപ്പാക്കാന്‍ സൈനിക സമ്മര്‍ദം അനിവാര്യമാണെന്നും ഇസ്രായില്‍ പ്രധാനമന്ത്രി പറഞ്ഞു. തന്റെ രാഷ്ട്രീയ നിലനില്‍പ്പ് ഭദ്രമാക്കാന്‍ വേണ്ടി ബന്ദികളുടെ സുരക്ഷ അവഗണിച്ച് യുദ്ധം തുടരാന്‍ നെതന്യാഹു ശ്രമിക്കുകയാണെന്ന് എതിരാളികള്‍ ആരോപിക്കുന്നു.