വാഷിംഗ്ടൺ– ക്യാമ്പസ് പ്രക്ഷോഭങ്ങളിൽ പങ്കെടുക്കുകയോ സോഷ്യൽമീഡിയയിൽ ഫലസ്തീൻ അനുകൂല സന്ദേശങ്ങൾ പങ്കുവക്കുകയോ ചെയ്ത യുഎസിലെ നൂറുകണക്കിന് രാജ്യാന്തര വിദ്യാർഥികളുടെ വിസ റദ്ദാക്കി അമേരിക്കൻ സ്‌റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ്. ഇതുസംബന്ധിച്ചുള്ള ഇ-മെയിൽ സന്ദേശങ്ങൾ വിദ്യാർഥികൾക്ക് ലഭിച്ചു തുടങ്ങി.
എ.ഐ അടിസ്ഥാനമാക്കിയുള്ള ‘ക്യാച് ആന്റ് റിവോക്’ എന്ന നിരീക്ഷണ സംവിധാനം ആരംഭിച്ചതിന് ശേഷം മൂന്ന് ആഴ്ചയ്ക്കുളളിൽ 300ലധികം വിദ്യാർഥികളുടെ വിസ റദ്ദാക്കി എന്നാണ് റിപ്പോർട്ടുകൾ. അമേരിക്കൻ സുരക്ഷാ ഏജൻസികൾ വിദ്യാർത്ഥികളുടെ ക്യാമ്പസ് പ്രവർത്തനങ്ങളും ഓൺലൈൻ ഇടപെടലും നിരീക്ഷിക്കുകയും ‘തീവ്രവാദ സംഘടനകളോടുള്ള’ ബന്ധം ആരോപിച്ച് നടപടിയെടുക്കുകയും ചെയ്യുകയാണ്.
ക്യാമ്പസ് പ്രക്ഷോഭങ്ങളിൽ നേരിട്ട് പങ്കെടുത്തിട്ടില്ലാത്തവരെയും ഈ നടപടി ബാധിക്കുന്നുണ്ട്. സോഷ്യൽമീഡിയയിൽ പോസ്റ്റുകൾ ഷെയർ ചെയ്തതിനോ, ലൈക്ക് ചെയ്യ്തതിനോ പോലും ചില വിദ്യാർഥികൾക്ക് വിസ നഷ്ടപ്പെട്ടതായി അഭിഭാഷകർ വെളിപ്പെടുത്തുന്നു. വിദ്യാർഥികളുടെ ഇമെയിലുകളും ഓൺലൈൻ അക്കൗണ്ടുകളും നിരീക്ഷണത്തിലാണെന്ന ആരോപണങ്ങളും ഉയരുന്നുണ്ട്.
നിരവധി ഇന്ത്യൻ വിദ്യാർഥികളും ഈ നടപടിയുടെ ഇരകളിൽപ്പെടുന്നു. കൊളംബിയ സർവകലാശാലയിലെ ഗവേഷകയായ രഞ്ജിനി ശ്രീനിവാസൻ വിസ റദ്ദായതോടെ കാനഡയിലേക്ക് പോയത് വാർത്തായിരുന്നു. രഞ്ജിനി ഹമാസിനെ പിന്തുണക്കുന്നു എന്ന് അമേരിക്കൻ അധികൃതർ ആരോപിച്ചെങ്കിലും ഇതിന് തെളിവുകൾ ഒന്നും തന്നെ നൽകിയിട്ടില്ല.
രാജ്യാന്തര വിദ്യാർഥികൾക്കെതിരായ ഈ നടപടിയുടെ നിയമസാധുത ചോദ്യം ചെയ്ത് മനുഷ്യാവകാശ സംഘടനകളും അഭിഭാഷകരും കോടതിയെ സമീപിച്ചിട്ടുണ്ട്. കൊളംബിയ സർവകലാശാലയിലെ വിദ്യാർഥി മഹ്‌മൂദ് ഖലീൽ ക്യാമ്പസ് പ്രക്ഷോഭത്തിൽ പങ്കെടുത്തതിന് അറസ്റ്റിലായതിനു പിന്നാലെ, ഇത്തരം കാര്യങ്ങൾ വിദ്യാർഥികളുടെ മൗലികാവകാശ ലംഘനമാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകർ ആരോപിച്ചിരുന്നു.
വിദ്യാർഥികളുടെ വിസാനിയമങ്ങൾ, ആശയസ്വാതന്ത്ര്യം, മനുഷ്യാവകാശങ്ങൾ എന്നിവയെക്കുറിച്ചുളള ആഗോളതലത്തിൽ വിമർശനം ശക്തമാകുന്നതിനിടെ ഇവയ്‌ക്കെതിരായ നിയമ പോരാട്ടം നീളാനാണ് സാധ്യത. ഇമിഗ്രേഷൻ നയങ്ങളിൽ പുതിയ മാറ്റങ്ങൾ വരുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്.