സിഡ്നി- ഓസ്‌ട്രേലിയയിലെ സിഡ്‌നിയില്‍ ഈജിപ്തുകാരനായ ഭര്‍ത്താവിനെ കൊലപ്പെടുത്തി മൃതദേഹം ഇലക്ട്രിക് വാളും കത്തികളും ഉപയോഗിച്ച് തുണ്ടംതുണ്ടമാക്കി മുറിച്ച് പ്ലാസ്റ്റിക് കീസുകളിലാക്കി തെക്കുപടിഞ്ഞാറന്‍ സിഡ്‌നിയിലെ ഇന്‍ഡസ്ട്രിയല്‍, റെസിഡന്‍ഷ്യല്‍ ഏരിയകളില്‍ കുപ്പത്തൊട്ടികളില്‍ എറിഞ്ഞ ഈജിപ്തുകാരിയെ ഓസ്‌ട്രേലിയന്‍ പോലീസ് അറസ്റ്റ് ചെയ്തു. ഈജിപ്തില്‍ വെച്ച് പരിചയപ്പെട്ട കാമുകിക്ക് പണം അയച്ചുനല്‍കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് 62 കാരനായ മുഹമ്മദ് നൗഫലിനെ 53 കാരിയായ ഭാര്യ നിര്‍മീന്‍ കൊലപ്പെടുത്തിയത്. കാമുകിക്ക് പണം അയച്ചുനല്‍കുന്നതിനെ ചൊല്ലി 2023 മെയ് മൂന്നിന് ദമ്പതികള്‍ തമ്മില്‍ രൂക്ഷമായ വാഗ്വാദത്തിലേര്‍പ്പെട്ടു. ഇതിനിടെ നിര്‍മീന്‍ ഭര്‍ത്താവിനെ ആക്രമിക്കുകയും ഇത് ഈജിപ്തുകാരന്റെ മരണത്തില്‍ കലാശിക്കുകയുമായിരുന്നു.
കൊലപാതകം നടത്തിയ ശേഷം രക്തക്കറകള്‍ മായ്ക്കുന്നതിന് വീട് നന്നായി കഴുകി വൃത്തിയാക്കിയ നിര്‍മീന്‍ പിന്നീട് വീട്ടിലെ ടൈല്‍സുകള്‍ ഭാഗികമായി മാറ്റുകയും ചെയ്തു. ഭര്‍ത്താവ് ജീവിച്ചിരിക്കുന്നുണ്ടെന്ന് മറ്റുള്ളവരെ തോന്നിപ്പിക്കാനും തനിക്കെതിരെ സംശയം ഉയരാതിരിക്കാനും ഭര്‍ത്താവിന്റെ മൊബൈല്‍ ഫോണും എ.ടി.എം കാര്‍ഡുകളും സാമൂഹികമാധ്യമ അക്കൗണ്ടുകളും നിര്‍മീന്‍ ഉപയോഗിച്ചു. പിന്നീട് ഈജിപ്തിലേക്ക് പോയ ഇവര്‍ ഈജിപ്തില്‍ ഭര്‍ത്താവിന്റെ പേരിലുള്ള വസ്തുവകകള്‍ വില്‍ക്കുകയും ചെയ്തു. ഇതിനു ശേഷം ഓസ്‌ട്രേലിയയില്‍ തിരിച്ചെത്തിയ ഇവര്‍ ഫാമിലി ബിസിനസ് വിറ്റൊഴിവാക്കി യു.എ.ഇയില്‍ പണം നിക്ഷേപിക്കാന്‍ ശ്രമം നടത്തിവരികയായിരുന്നു.
ഇതിനിടെയാണ് കൊലപാതക വിവരം പോലീസ് കണ്ടെത്തിയത്.
അസുഖത്തെ തുടര്‍ന്ന് ആശുപത്രിയിലെത്തിയപ്പോഴാണ് പ്രതിയെ അന്വേഷണ സംഘം കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വര്‍ഷം മേയിലാണ് മുഹമ്മദ് നൗഫലിനെ കാണാതായത്. ഇതേ കുറിച്ച് കുടുംബ സുഹൃത്തുക്കള്‍ ജൂലൈയില്‍ പോലീസില്‍ അറിയിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തെ കുറിച്ച വിവരങ്ങള്‍ ലഭിച്ചത്. ഈജിപ്തുകാരന്റെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്താനുള്ള സാധ്യത കുറവാണെന്ന് അന്വേഷണ സംഘം തലവന്‍ ഡാനി ഡോഹെര്‍ട്ടി പറഞ്ഞു.
മുപ്പതു വര്‍ഷം മുമ്പാണ് ദമ്പതികള്‍ സിഡ്‌നിയിലെത്തിയത്. ഇവർക്ക് എട്ടു മക്കളുണ്ട്. പത്തു വര്‍ഷമായി സിഡ്‌നിയിലെ ഗ്രിനാകര്‍ ഏരിയയിലെ വീട്ടിലായിരുന്നു താമസം. ഭര്‍ത്താവ് ബന്ധുക്കളെ കാണാന്‍ ഈജിപ്തിലേക്ക് പോയതാണെന്നാണ് നിര്‍മീന്‍ തന്റെ മക്കളോടും സുഹൃത്തക്കളോടും പറഞ്ഞിരുന്നത്. ഡിസംബര്‍ 11 ന് ബര്‍വൂഡ് ലോക്കല്‍ കോടതിയില്‍ ഹാജരാക്കുന്നതു വരെ നിര്‍മീന്‍ കസ്റ്റഡിയില്‍ തുടരും.