ബഗ്ദാദ്- ഇറാഖിന്റെ തലസ്ഥാനമായ ബഗ്ദാദില്‍ സ്ത്രീവേഷത്തില്‍ കറങ്ങി നടന്ന് വിജനമായ സ്ഥലങ്ങളിലേക്ക് ടാക്സികള്‍ ട്രിപ്പ് വിളിച്ച് ഡ്രൈവര്‍മാരെ ആക്രമിച്ച് പണവും വിലപിടിച്ച വസ്തുക്കളും പിടിച്ചുപറിക്കുന്നത് പതിവാക്കിയ യുവാവിനെ സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്തു. കിഴക്കന്‍ ബഗ്ദാദ് കേന്ദ്രീകരിച്ചാണ് യുവാവ് കവര്‍ച്ചകളും പിടിച്ചുപറികളും നടത്തിയിരുന്നത്.
സ്ത്രീകളെ പോലെ മേയ്ക്കപ്പുകള് ഉപയോഗിച്ചും പര്‍ദ്ദയും ശിരോവസ്ത്രവും മാസ്കും ധരിച്ചും നടന്നാണ് യുവാവ് ടാക്സി ഡ്രൈവര്‍മാരെ കെണിയില്‍ വീഴ്ത്തിയിരുന്നത്. സുരക്ഷാ വകുപ്പുകളുടെ പിടിയിലായ യുവാവ് സ്ത്രീവേഷം അഴിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലായി. പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് തയാറാക്കി യുവാവിനെതിരായ കേസ് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.