പാരീസ്– അമേരിക്കയും ഇറാനും തമ്മിലുണ്ടായ വെടിനിർത്തൽ കരാറിനെവളരെ നല്ല കാര്യം എന്ന് വിശേഷിപ്പിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ സ്വാഗതം ചെയ്തു. മേഖലയിലെ സംഘർഷം ലഘൂകരിക്കുന്നതിനും ചർച്ചകൾക്ക് വഴിതുറക്കുന്നതിനും ഈ നീക്കം സഹായിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
ഫ്രാൻസിലെ ഉന്നത പ്രതിരോധ-സുരക്ഷാ ഉദ്യോഗസ്ഥരുടെ യോഗത്തിന്റെ തുടക്കത്തിലാണ് മാക്രോൺ തന്റെ നിലപാട് വ്യക്തമാക്കിയത്. വരും ദിവസങ്ങളിലും ആഴ്ചകളിലും വെടിനിർത്തൽ കരാർ പൂർണ്ണമായും പാലിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇത് മേഖലയിൽ ക്രിയാത്മകമായ ചർച്ചകൾക്ക് കളമൊരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വെടിനിർത്തൽ കരാർ ഇറാനിലും പരിസര പ്രദേശങ്ങളിലും മാത്രം ഒതുങ്ങാതെ ലെബനനെക്കൂടി ഉൾക്കൊള്ളുന്ന ഒന്നായിരിക്കണമെന്നതാണ് ഫ്രാൻസിന്റെ ആഗ്രഹമെന്ന് മാക്രോൺ ഊന്നിപ്പറഞ്ഞു. മേഖലയിലെ സുസ്ഥിരത ഉറപ്പാക്കാൻ ലെബനനിലെ സംഘർഷങ്ങൾ അവസാനിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
ഹോർമുസ് കടലിടുക്ക് വഴിയുള്ള ഗതാഗതം പുനരാരംഭിക്കുന്നതിനും സമാധാനം നിലനിർത്തുന്നതിനും ഏകദേശം 15 രാജ്യങ്ങൾ ഫ്രാൻസിന്റെ നേതൃത്വത്തിൽ സഹകരിച്ചു പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു



