തെല്‍അവീവ് – ഇസ്രായിലിന് പിന്തുണ പ്രഖ്യാപിച്ച് സമാധാന നോബല്‍ സമ്മാന ജേതാവായ മരിയ കൊറിന മച്ചാഡോ. ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിനിടെയാണ് വെനിസ്വേലന്‍ പ്രതിപക്ഷ നേതാവുമായ മച്ചാഡോ ഇസ്രായിലിനുള്ള പിന്തുണ പ്രകടിപ്പിച്ചത്. ഗാസ വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരം ഇസ്രായിലി ബന്ദികളുടെ തിരിച്ചുവരവിനെ മച്ചാഡോ സ്വാഗതം ചെയ്തു. ഇറാന്‍ ഇസ്രായിലിനും വെനിസ്വേലക്കും ഭീഷണിയാണെന്ന് വിശേഷിപ്പിച്ച മച്ചാഡോ ഇറാനെതിരായ ഇസ്രായിലിന്റെ നടപടികളെ അഭിനന്ദിച്ചു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ സമാധാനത്തിനുള്ള നോബല്‍ സമ്മാനത്തിന് നാമനിര്‍ദേശം ചെയ്ത നെതന്യാഹു, മച്ചാഡോയുടെ നോബല്‍ വിജയത്തെ അഭിനന്ദിക്കുകയും ജനാധിപത്യവും സമാധാനവും പ്രോത്സാഹിപ്പിക്കാനുള്ള അവരുടെ ശ്രമങ്ങളെ പ്രശംസിക്കുകയും ചെയ്തു.
രണ്ടു വര്‍ഷം നീണ്ടുനിന്ന വിനാശകരമായ ഗാസ യുദ്ധത്തില്‍ പിഞ്ചുകുഞ്ഞുങ്ങളും സ്ത്രീകളും അടക്കം 67,000 ലേറെ പേർ കൊല്ലപ്പെടുകയും രണ്ടു ലക്ഷത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ആയിരക്കണക്കിനാളുകളെ കാണാതാവുകയും ചെയ്തു. ഗാസയുടെ 90 ശതമാനവും തകര്‍ന്ന് തരിപ്പണമായി. ഗാസക്കെതിരെ സമ്പൂര്‍ണ ഉപരോധമേര്‍പ്പെടുത്തി ഇരുപതു ലക്ഷത്തിലേറെ ഫലസ്തീനികളെ പട്ടിണിക്കിടുകയും വെള്ളവും വൈദ്യുതിയും മരുന്നുകളും അടക്കമുള്ളവ നിഷേധിക്കുകയും ചെയ്ത ഇസ്രായിലിനെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ ഉയരുന്ന പശ്ചാത്തലത്തിലാണ് സമാധാനത്തിനുള്ള നോബല്‍ സമ്മാന ജേതാവ് ഇസ്രായിലിനുള്ള പിന്തുണ പ്രകടിപ്പിച്ചത്. തന്റെ പ്രസ്ഥാനം അധികാരത്തില്‍ വന്നാല്‍ ഇസ്രായിലിലെ വെനിസ്വേലയുടെ എംബസി ജറൂസലമിലേക്ക് മാറ്റുമെന്ന് പ്രഖ്യാപിച്ച മച്ചാഡോ അര്‍ജന്റീനിയന്‍ പ്രസിഡന്റ് ജാവിയര്‍ മിലേ, മുന്‍ ബ്രസീല്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സോനാരോ എന്നിവരുള്‍പ്പെടെ ഇസ്രായില്‍ അനുകൂല നിലപാടുകള്‍ സ്വീകരിച്ച മറ്റ് ലാറ്റിന്‍ അമേരിക്കന്‍ നേതാക്കളോടൊപ്പം ചേര്‍ന്നു. ഇറാനുമായും ഇസ്രായിലിന്റെ മറ്റ് എതിരാളികളുമായും ബന്ധം നിലനിര്‍ത്തുന്ന നിലവിലെ വെനിസ്വേലന്‍ സര്‍ക്കാരില്‍ നിന്ന് വ്യത്യസ്തമായി, ഇസ്രായിലുമായും നെതന്യാഹുവുമായും കൂടുതല്‍ അടുത്ത ബന്ധം പുലര്‍ത്താന്‍ മച്ചാഡോ വളരെക്കാലമായി ശ്രമിക്കുന്നു.
1967 ഒക്ടോബര്‍ 7 ന് കാരക്കാസില്‍, ഏറ്റവും പ്രമുഖ ഉരുക്ക് വ്യവസായ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സമ്പന്ന കുടുംബത്തില്‍ ജനിച്ച മരിയ കൊറിന മച്ചാഡോ ബാരിസ്‌ക പ്രശസ്ത സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്ന് വിദ്യാഭ്യാസം നേടി. 1989 ല്‍ ആന്‍ഡ്രേസ് ബെല്ലോ കാത്തലിക് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഇന്‍ഡസ്ട്രിയല്‍ എന്‍ജിനീയറിംഗില്‍ ബിരുദം നേടിയ ശേഷം ഇന്‍സ്റ്റിറ്റ്യൂട്ടോ ഡി എസ്റ്റുഡിയോസ് സുപ്പീരിയേഴ്‌സില്‍ ധനകാര്യത്തില്‍ സ്‌പെഷ്യലൈസ് ചെയ്തു. രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതിന് മുമ്പ്, മച്ചാഡോ ബിസിനസ്സില്‍ കരിയര്‍ കെട്ടിപ്പടുത്തു. 1990 ല്‍ മച്ചാഡോ ബിസിനസുകാരനായ റിക്കാര്‍ഡോ സൂസ ബ്രാന്‍ജറെ വിവാഹം കഴിച്ചു. 2001 വരെ നീണ്ടുനിന്ന ഈ ബന്ധത്തില്‍ അവര്‍ക്ക് അന കൊറിന, റിക്കാര്‍ഡോ, ഹെന്റിക് എന്നീ മൂന്ന് കുട്ടികളുണ്ട്. ഒരു പതിറ്റാണ്ടോളമായി അഭിഭാഷകനായ ജെറാര്‍ഡോ ഫെര്‍ണാണ്ടസുമായി അവര്‍ ബന്ധത്തിലാണ്. തന്റെ സ്വകാര്യ ജീവിതം പുറത്തുവിടാതിരിക്കാന്‍ ശ്രദ്ധിക്കുന്ന മച്ചാഡോ, രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഇഷ്ടപ്പെടുന്നു.