ന്യൂയോർക്ക്- ടെക്സസിലെ ഡാലസ് കേന്ദ്രമായി പ്രവർത്തിക്കുന്ന “ലൂക്ക” (ലീഗ് ഓഫ് യുനൈറ്റഡ് കേരള അത് ലറ്റ്സ്) എന്ന സംഘടനയുടെ ചരിത്രത്തിലെ പ്രഥമ ദേശീയ ടൂർണമെന്റുകൾ ശ്രദ്ധേയമായി. ഏപ്രിൽ 26,27 തിയതികളിൽ ടെക്സാസിലെ ഡാലസിൽ നടന്ന ടൂർണമെന്റിൽ, പിക്കിൾബോൾ, വോളിബോൾ തുടങ്ങിയ വിവിധ മത്സരങ്ങൾ ഏറെ ശ്രദ്ധേയമായി. അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തിയ മത്സരാർത്ഥികൾക്കായി സൗജന്യ താമസസൗകര്യങ്ങൾ, ഭക്ഷണം, വിമാനത്താവളത്തിൽ നിന്നുള്ള പിക്കപ്പ്-ഡ്രോപ്പ് തുടങ്ങിയ സൗകര്യങ്ങളും ഒരുക്കിയിരുന്നു. പി.കെ. ബഷീർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. KMCC വേൾഡ് ട്രഷറർ യു.എ. നസീർ (ന്യൂയോർക്ക്) മുഖ്യാഥിതിയായിരുന്നു. നന്മ ഭാരവാഹികളായ റഷീദ്, കമാൽ തുടങ്ങിയവർ പ്രസംഗിച്ചു. ലൂക്കയുടെ ലോഗോ പ്രകാശനം, വെബ്സൈറ്റ്, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ എന്നിവ യു.എ. നസീർ പ്രകാശനം ചെയ്തു.

അഡ്വാൻസ്ഡ് ഡബിൾസ് വിഭാഗത്തിൽ ഡാളസിന്റെ ശരീഫും കാലിഫോർണിയയുടെ ഫിറോസും ഷാൻ സാബിർ കൂട്ടുകെട്ടിനെ കീഴടക്കി വിജയകിരീടം സ്വന്തമാക്കി. ഇന്റർമീഡിയറ്റ് വിഭാഗത്തിൽ, റോളറ്റിൽ നിന്നുള്ള അൻവർ-റാഷിദ് കൂട്ടു കെട്ടിന്നെതിരെ ഡാലസിന്റെ അൻസാരി-നഹീദ് ടീം വിജയിച്ചു.
വോളിബോൾ മത്സരങ്ങളിൽ അന്താരാഷ്ട്ര പരിശീലന പരിചയമുള്ള കോച്ച് മമ്മുവിന്റെ നേതൃത്വത്തിലുള്ള ടീം റൗലറ്റ് മാഫിയ കിരീടം സ്വന്തമാക്കി. ഡാലസ് വാരിയേഴ്സ് രണ്ടാം സ്ഥാനവും ലൂക്കാസ് ഇല്ലൂമിനാലിറ്റി മൂന്നാം സ്ഥാനവും നേടി.
വിദൂര സ്ഥലങ്ങളിലിരുന്നു സോഷ്യൽ മീഡിയയിലൂടെ മാത്രം സൗഹൃദം പങ്കുവെച്ചിരുന്ന സുഹൃത്തുക്കൾക്ക് നേരിൽ തന്നെ സ്നേഹത്തോടെയും സന്തോഷത്തോടെയും കൊമ്പു കോർക്കാൻ അവസരമൊരുക്കിയ ലൂക്കയുടെ ഈ സംരംഭം തുടർന്നും കൂടുതൽ ടീമുകളെ പങ്കെടുപ്പിച്ച് മലയാളി കായിക ഐക്യത്തിന് വഴിയൊരുക്കുന്നതിന്റെ തുടക്കം മാത്രമാണെന്ന് ലൂക്ക പ്രസിഡണ്ട് നജീബ് ഡാലസ് പറഞ്ഞു. അടുത്ത സെപ്റ്റംബറിൽ ദേശീയതല ബാഡ്മിന്റൺ ടൂർണമെന്റ് നടക്കും. തുടർന്നു എല്ലാ സംസ്ഥാനങ്ങളിലെയും മലയാളികളെ ഉൾപ്പെടുത്തി ‘ നാഷണൽ മലയാളി സ്പോർട്ട്സ് ഡേ’ സംഘടിപ്പിക്കാനാണ് പദ്ധതിയിടുന്നതെന്നും നജീബ് അറിയിച്ചു.
ലൂക്കയുടെ 2025–2026 കാലയളവിലേക്കുള്ള ബോർഡ് അംഗങ്ങളെ തെരഞ്ഞെടുത്തു. നജീബ് (പ്രസിഡന്റ്), ഹാരിസ് (സെക്രട്ടറി) അബു (ജോയിന്റ് സെക്ര), ബഷീർ (ട്രഷറർ), മുഹമ്മദ് പരോൾ (ജോയിന്റ് ട്രഷറർ) നജാഫ് (മാർക്കറ്റിംഗ് ഹെഡ്), ഷമീർ (മീഡിയ ആന്റ് കമ്മ്യൂണിക്കേഷൻസ് ഹെഡ്), സംജാദ് (പ്രോഗ്രാം കോർഡിനേറ്റർ) രാജ റഷീദ് (പ്രോഗ്രാം അഡ്മിനിസ്സ്ട്രേറ്റർ) എന്നിവരെയും തെരഞ്ഞെടുത്തു.