ബെയ്‌റൂത്ത് – ലെബനാനില്‍ പ്രതിവാര സ്‌കൂള്‍ പ്രവൃത്തി ദിവസം നാലായി കുറക്കാൻ തീരുമാനം. വാരാന്ത്യ അവധി മൂന്നു ദിവസമായി വര്‍ധിപ്പിക്കാനും ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അംഗീകരിച്ചതായി വിദ്യാഭ്യാസ മന്ത്രി റീമ കറാമി അറിയിച്ചു.
വരാനിരിക്കുന്ന അധ്യയന വര്‍ഷം മുതല്‍ പുതിയ പരിഷ്‌കാരം പ്രാബല്യത്തില്‍ വരും. വിജയകരമായ അധ്യയന വര്‍ഷം ഉറപ്പാക്കാന്‍ അധ്യാപകർക്കും സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാർക്കുമൊപ്പം നില്‍ക്കാന്‍ തീരുമാനിച്ചതായി മന്ത്രി പറഞ്ഞു. മുതിര്‍ന്ന വിദ്യാഭ്യാസ ഉദ്യോഗസ്ഥരുമായുള്ള യോഗത്തിലാണ് മന്ത്രി ഇക്കാര്യം സംസാരിച്ചത്.
നിലവിലെ വെല്ലുവിളികൾക്ക് അനുസൃതമായി സംവിധാനത്തെ പൊരുത്തപ്പെടുത്തുന്നതിനൊപ്പം അധ്യാപകരെ പിന്തുണയ്ക്കുന്നതിനും മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി പറഞ്ഞു. വിദ്യാഭ്യാസ ഡയറക്ടര്‍ ജനറല്‍ ഫാദി യാരാക്കും മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു. ക്ലാസ് പിരീഡുകളുടെ ദൈര്‍ഘ്യം, ദൈനംദിന ടൈംടേബിളിന്റെ ഘടന, ഒന്നിലധികം ഷിഫ്റ്റുകളില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കുള്ള ക്രമീകരണങ്ങള്‍ എന്നിവയുള്‍പ്പെടെ പുതിയ അധ്യയന വര്‍ഷത്തേക്കുള്ള തയാറെടുപ്പുകള്‍ പരിശോധിച്ചു.
വിദ്യാഭ്യാസ ഗവേഷണ വികസന കേന്ദ്രവുമായി ഏകോപിപ്പിച്ച് പാഠ്യപദ്ധതി പരിഷ്‌കരണം, പ്രിന്‍സിപ്പല്‍മാര്‍ മുതല്‍ ലൈബ്രേറിയന്‍മാര്‍, ലബോറട്ടറി സൂപ്പര്‍വൈസര്‍മാര്‍ വരെയുള്ള സ്‌കൂള്‍ ജീവനക്കാരുടെ റോളുകള്‍ വ്യക്തമാക്കുന്നതിനെ കുറിച്ചും യോഗം ചര്‍ച്ച ചെയ്തു.
വരും ആഴ്ചകളില്‍ ഇക്കാര്യങ്ങളില്‍ ഔദ്യോഗിക നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുന്ന് റീമ കറാമി പറഞ്ഞു. സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ഈ സംവിധാനം സ്വന്തം സാഹചര്യങ്ങള്‍ക്കനുസരിച്ച് സ്വീകരിക്കാനോ നിരസിക്കാനോ ഉള്ള സ്വയംഭരണാവകാശം നിലനിര്‍ത്തുന്നതായി സ്വകാര്യ വിദ്യാഭ്യാസ സ്ഥാപന യൂണിയന്‍ ജനറല്‍ കോര്‍ഡിനേറ്റര്‍ യൂസഫ് നാസര്‍ പറഞ്ഞു.