ബെയ്റൂത്ത് – ലെബനോനിലെ ബെക്കാ താഴ്വര കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മയക്കുമരുന്ന് രാജാവ് നൂഹ് സഅയ്തര്‍ അറസ്റ്റിലായതായി ലെബനീസ് സൈന്യം അറിയിച്ചു. രാജ്യത്തെ ഏറ്റവും അപകടകാരിയായ പിടികിട്ടാപ്പുള്ളികളില്‍ ഒരാളായ നൂഹ് സഅയ്തറിനെ നെസെയ്ക്കും ബാല്‍ബെക്കിനും ഇടയിലുള്ള റോഡില്‍ പതിയിരുന്ന് നടത്തിയ ആക്രമണത്തിലൂടെയാണ് പിടികൂടിയതെന്ന് സൈനിക കമാന്‍ഡ് പറഞ്ഞു. ലെബനീസ് അധികൃതര്‍ വര്‍ഷങ്ങളായി സഅയ്തറിനെ പിന്തുടരുന്നു. 2014 ല്‍, സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിനിടെ കാലിന് പരിക്കേറ്റ് അറസ്റ്റിലായിരുന്നു. എന്നാല്‍ അന്ന് ആശുപത്രിയില്‍ നിന്ന് അദ്ദേഹം രക്ഷപ്പെട്ടു. 2021 ല്‍, ലെബനീസ് സൈനിക കോടതി സഅയ്തറിന്റെ അഭാവത്തില്‍ അദ്ദേഹത്തെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു.
ഇന്റര്‍പോളും അന്വേഷിക്കുന്ന 54 കാരനായ സഅ്‌യതര്‍, ഹിസ്ബുല്ലയും സിറിയയിലെ മുന്‍ അസദ് ഭരണകൂടവും ഉള്‍പ്പെട്ട ലഹരി ഗുളിക കള്ളക്കടത്ത് ശൃംഖലക്ക് നേതൃത്വം നല്‍കിയതായി യു.എസ്, യൂറോപ്യന്‍ അധികൃതര്‍ ആരോപിക്കുന്നു. ഈ ആരോപണങ്ങള്‍ സഅയ്തര്‍ നിഷേധിക്കുന്നു. ഇവ കെട്ടിച്ചമച്ചതാണെന്ന് അവകാശപ്പെടുകയും ചെയ്യുന്നു.
നൂറുകണക്കിന് കേസുകളിലെ വാറണ്ടുകള്‍ പ്രകാരം സഅയ്തറിനെ സുരക്ഷാ വകുപ്പുകള്‍ അന്വേഷിച്ചുവരികയായിരുന്നെന്നും ഇതില്‍ ചിലതില്‍ ജീവപര്യന്തം തടവ് ശിക്ഷയും ഉള്‍പ്പെടുന്നതായും അദ്ദേഹത്തിന്റെ അഭിഭാഷകനായ അശ്റഫ് മൂസവി പറഞ്ഞു. എന്റെ കക്ഷി സഅയ്തര്‍ മയക്കുമരുന്ന് കൃഷി, കടത്ത്, വിതരണം എന്നിവയുള്‍പ്പെടെ മയക്കുമരുന്ന് സംബന്ധമായ വിവിധ കുറ്റകൃത്യങ്ങള്‍ക്ക് ലെബനീസ് അധികൃതരും ഇന്റര്‍പോളും അന്വേഷിക്കുന്ന വ്യക്തിയാണ്. എന്നാല്‍, ലെബനീസ് സൈന്യത്തിനെതിരായ തട്ടിക്കൊണ്ടുപോകല്‍, വാഹനം കൊള്ളയടിക്കല്‍, പ്രതിരോധം എന്നിവയില്‍ അദ്ദേഹം ഉള്‍പ്പെട്ടിട്ടില്ല. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, അദ്ദേഹം ഒരിക്കലും സൈന്യത്തിന് നേരെ വെടിയുതിര്‍ത്തിട്ടില്ല. വ്യാഴാഴ്ച പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് 3.30 ഓടെയാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യാന്‍ സൈന്യം സുരക്ഷാ ഓപ്പറേഷന്‍ നടത്തിയത്. സഅയ്തര്‍ ചെറുത്തുനിന്നില്ല. വെടിയേറ്റുവീഴാതെ അദ്ദേഹം സൈന്യത്തിന് കീഴടങ്ങി – അശ്‌റഫ് മൂസവി പറഞ്ഞു.
സഅയ്തര്‍ കുടുംബിലെ അംഗമാണ് നൂഹ് സഅയ്തര്‍. മയക്കുമരുന്ന് കടത്ത്, ആയുധക്കടത്ത് പോലുള്ള സംഘടിത കുറ്റകൃത്യങ്ങള്‍ക്കും, സര്‍ക്കാര്‍ വകുപ്പുകളുമായും ജാഫര്‍ കുടുംബം പോലുള്ള എതിരാളികളായ കുടുംബങ്ങളുമായും അക്രമാസക്തമായ ഏറ്റുമുട്ടലുകള്‍ക്കും പേരുകേട്ട ശക്തമായ പ്രാദേശിക ഗ്രൂപ്പാണ് സഅയ്തര്‍ കുടുംബം.
ബാല്‍ബെക്ക്-ഹെര്‍മല്‍ മേഖലയിലെ സഅയ്തറിന്റെ സാന്നിധ്യം ഹോളിവുഡ് സിനിമയിലെ മാഫിയ തലവന്റെ ആഡംബരപൂര്‍ണമായ ജീവിതശൈലിക്ക് സമാനമാണമെന്നും കനത്ത സുരക്ഷയില്‍ നിരന്തരം ചുറ്റപ്പെട്ടിരിക്കുകയാണെന്നും നാട്ടുകാര്‍ പറയുന്നു. ആഡംബരപൂര്‍ണമായ ജീവിതശൈലിയാണ് സഅയ്തറിന്റേത്. പ്രദേശത്തെ നൂറുകണക്കിന് കുടുംബങ്ങള്‍ അവരുടെ ഉപജീവനത്തിനായി അദ്ദേഹത്തിന്റെ നിയമവിരുദ്ധ വ്യാപാരങ്ങളെ ആശ്രയിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്.
വടക്കന്‍ ബെക്ക താഴ്വരയിലെ വിദൂര ഗ്രാമമായ നെസെയില്‍ സഅയ്തര്‍ ഒളിച്ചുകഴിയുകയായിരുന്നു. അറസ്റ്റിനുശേഷം അദ്ദേഹത്തിന്റെ വസതിക്ക് പുറത്ത് പാര്‍ക്ക് ചെയ്തിരിക്കുന്ന ടിന്റഡ് വിന്‍ഡോകളുള്ള ആഡംബര കാറുകള്‍ അധികൃതര്‍ കണ്ടെത്തി. ഗോത്രപരമായ വിശ്വസ്തതയുടെയും ഹിസ്ബുല്ലയില്‍ നിന്നടക്കമുള്ള രാഷ്ട്രീയ പിന്തുണയുടെയും സങ്കീര്‍ണമായ മിശ്രിതത്തിലൂടെയാണ് അദ്ദേഹത്തിന് സംരക്ഷണം ലഭിച്ചതെന്ന് വിദഗ്ധരും പ്രാദേശിക സ്രോതസ്സുകളും പറയുന്നു. 1975 നും 1990 നും ഇടയില്‍ ലെബനീസ് ആഭ്യന്തരയുദ്ധകാലത്ത് ബെക്കയിലെ മയക്കുമരുന്ന് വ്യാപാരം വളര്‍ന്നു. സിറിയന്‍ സൈനിക സാന്നിധ്യത്തില്‍, ഹിസ്ബുല്ലയുടെ സ്വാധീനത്തില്‍ ഇത് അഭിവൃദ്ധി പ്രാപിച്ചു. സുരക്ഷാ സേന അന്വേഷിക്കുന്ന വ്യക്തികള്‍ക്ക് ബെക്ക അഭയം നല്‍കി. സിറിയയുമായുള്ള അവഗണിക്കപ്പെട്ടതും ദുര്‍ബലവുമായ അതിര്‍ത്തിയും ഹിസ്ബുല്ല തങ്ങളുടെ പ്രവര്‍ത്തനം സിറിയന്‍ പ്രദേശത്തേക്ക് വ്യാപിപ്പിച്ചതും പര്‍വത അതിര്‍ത്തി മേഖലയിലുടനീളമുള്ള കള്ളക്കടത്ത് പ്രവര്‍ത്തനങ്ങളില്‍ സഅയ്തറിന്റെ സ്വാധീനം വര്‍ധിപ്പിക്കാന്‍ കാരണമായതായി സുരക്ഷാ വൃത്തങ്ങള്‍ പറഞ്ഞു.
ബാല്‍ബെക്കില്‍ ലെബീസ് സൈന്യവും ജാഫര്‍ കുടുംബത്തില്‍ നിന്നുള്ള ആയുധധാരികളും തമ്മിലുള്ള അക്രമാസക്തമായ ഏറ്റുമുട്ടലുകള്‍ നടന്ന് 48 മണിക്കൂറിനുള്ളില്‍ സഅയ്തറിന്റെ അറസ്റ്റ് സംഭവിച്ചു. ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഹുസൈന്‍ അബ്ബാസ് ജാഫര്‍ എന്ന പിടികിട്ടാപ്പുള്ളി കൊല്ലപ്പെട്ടു. ലെബനോനിലെ ഏറ്റവും അപകടകാരിയായ ക്രിമിനലുകളില്‍ ഒരാളായി കണക്കാക്കപ്പെടുന്ന ഹുസൈന്‍ അബ്ബാസ് ജാഫര്‍, സൈനികരെ കൊലപ്പെടുത്തല്‍, തട്ടിക്കൊണ്ടുപോകല്‍, സായുധ കൊള്ള, മയക്കുമരുന്ന് കടത്ത് എന്നിവയുള്‍പ്പെടെ നിരവധി കുറ്റകൃത്യങ്ങളില്‍ പ്രതിയായിരുന്നു. ഫസ്റ്റ് സാര്‍ജന്റ് ബിലാല്‍ ബരാദി, കോര്‍പോറല്‍ അലി ഹൈദര്‍ എന്നിവരാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സൈനികര്‍. പിടികിട്ടാപ്പുള്ളികളെ പിന്തുടരാനായി ലെബനീസ് സൈന്യം ഡ്രോണുകള്‍ ഉപയോഗിക്കുന്നു. ബാല്‍ബെക്കിലെ സമീപപ്രദേശങ്ങളില്‍ കര്‍ശന സുരക്ഷാ വലയം ഏര്‍പ്പെടുത്തുന്നത് സൈന്യം തുടരുന്നു.



