ടുണീസ് – തുനീഷ്യയില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ നഴ്‌സ് ആയി സേവനമനുഷ്ഠിക്കുന്ന ഭാര്യ മരുന്നുകളും മെഡിക്കല്‍ ഉപകരണങ്ങളും പതിവായി മോഷ്ടിച്ച് വീട്ടില്‍ സൂക്ഷിക്കുന്ന കാര്യം സാമൂഹികമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ തുനീഷ്യക്കാരന്‍ പുറംലോകത്തെ അറിയിച്ചു.
തുനീഷ്യയിലെ സഫാക്‌സ് ഗവര്‍ണറേറ്റ് സര്‍ക്കാര്‍ ആശുപത്രിയിലെ നഴ്‌സിനെതിരെയാണ് ഭര്‍ത്താവ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. സംഭവത്തില്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ അന്വേഷണം ആരംഭിച്ചു.
ആശുപത്രിയില്‍ നിന്ന് മോഷ്ടിച്ച് കൊണ്ടുവന്ന് ഭാര്യ വീട്ടില്‍ സൂക്ഷിച്ച മരുന്നുകളുടെയും മെഡിക്കല്‍ ഉപകരണങ്ങളുടെയും വന്‍ ശേഖരം ഭര്‍ത്താവ് വീഡിയോയിലൂടെ പ്രദര്‍ശിപ്പിച്ചു. മരുന്നുകളുടെയും മെഡിക്കല്‍ ഉപകരണങ്ങളുടെയും ആധിക്യം മൂലം തങ്ങളുടെ വീട് ഫാര്‍മസിയായി മാറിയതായും ഭര്‍ത്താവ് പറഞ്ഞു. സംഭവത്തില്‍ പ്രസിഡന്റും ആരോഗ്യ മന്ത്രിയും ഇടപെടണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു.
സാമൂഹികമാധ്യമങ്ങളില്‍ വൈറലായ വീഡിയോ സമ്മിശ്ര പ്രതികരണങ്ങള്‍ ഉയര്‍ത്തി. സര്‍ക്കാര്‍ ആശുപത്രികളിലെ ക്രമക്കേടുകളെയും അഴിമതികളെയും കുറിച്ച ചര്‍ച്ചകള്‍ക്കും ഈ സംഭവം വഴിവെച്ചു. ഭാര്യയെക്കാള്‍ ഉപരി പൊതുതാല്‍പര്യത്തിന് ഭര്‍ത്താവ് മുന്‍ഗണന നല്‍കിയതായി ചിലര്‍ പറഞ്ഞു.
എന്നാല്‍ ദമ്പതികള്‍ക്കിടയിലുണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് ഭാര്യയോട് പ്രതികാരം ചെയ്യാനാണ് ഭര്‍ത്താവ് വീഡിയോ പുറത്തുവിട്ടതെന്ന് ചിലര്‍ കുറ്റപ്പെടുത്തി. കുറ്റകൃത്യത്തില്‍ ഭര്‍ത്താവും പങ്കാളിയാണെന്ന് ആക്ടിവിസ്റ്റ് മുന്‍സിഫ് മല്ലാത്ത് പറഞ്ഞു. ഭാര്യയുടെ മോഷണം ഭര്‍ത്താവ് നേരത്തെ മൂടിവെക്കുകയായിരുന്നു. തങ്ങള്‍ക്കിടയില്‍ തര്‍ക്കം ഉടലെടുക്കുന്നതു വരെ ഇയാള്‍ കാത്തിരുന്നു. ദമ്പതികള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസം ഉടലെടുത്തതോടെ ഇയാള്‍ ഭാര്യയോട് പ്രതികാരം ചെയ്യുകയായിരുന്നു. രാജ്യത്തെ ഭൂരിഭാഗം ആശുപത്രികളിലും ഇത്തരം അധാര്‍മികതകള്‍ അരങ്ങേറുന്നുണ്ട്. ചിലര്‍ അധികാര ദുര്‍വിനിയോഗം നടത്തി രോഗികള്‍ക്കുള്ള മരുന്നുകള്‍ കവരുകയാണ്. ഇത്തരം നിയമ ലംഘനങ്ങളില്‍ വിശദമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കണമെന്ന് മുന്‍സിഫ് മല്ലാത്ത് ബന്ധപ്പെട്ട വകുപ്പുകളോട് ആവശ്യപ്പെട്ടു.
മാലോകര്‍ക്കു മുന്നില്‍ സ്വന്തം ഭാര്യയെ അപമാനിക്കുകയാണ് ഭര്‍ത്താവ് ചെയ്തതെന്നും ഇത്തരം ചെയ്തികള്‍ അവസാനിപ്പിക്കാന്‍ ഭാര്യയെ പ്രേരിപ്പിക്കുന്നതായിരുന്നു കൂടുതല്‍ ഉചിതമെന്നും സാമൂഹികമാധ്യമ ഉപയോക്താവായ സൈഫ് അല്‍ഹാനി പറഞ്ഞു. സ്വന്തം ഭാര്യയായിട്ടു കൂടി രോഗികളുടെ മരുന്ന് മോഷ്ടിക്കുന്നത് തടയാനും പൊതുതാല്‍പര്യം ഉയര്‍ത്തിപ്പിടിക്കാനുമാണ് ഭര്‍ത്താവ് ശ്രമിച്ചതെന്ന് മറ്റൊരു ആക്ടിവിസ്റ്റ് ആയ ബദീഅ് ഹംദി പറഞ്ഞു. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ച സഫാക്‌സ് ആരോഗ്യ വകുപ്പ് ചോദ്യം ചെയ്യാന്‍ വേണ്ടി ഭാര്യയെയും ഭര്‍ത്താവിനെയും വിളിപ്പിച്ചിട്ടുണ്ട്.