കയ്റോ- ഈജിപ്തില്‍ ജീസ ഗവര്‍ണറേറ്റിലെ കിര്ദാസയില് യുവതിയെ സഹോദരനും മാതാവും ചേര്‍ന്ന് മര്‍ദിച്ച് കൊലപ്പെടുത്തി. മോശം പെരുമാറ്റത്തിന്റെ പേരിലാണ് യുവതിയെ സ്വന്തം മാതാവും സഹോദരനും ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയത്. കൃത്യത്തിനു ശേഷം മറ്റൊരാളുടെ കൂടി സഹായത്തോടെ പ്രതികള്‍ മൃതദേഹം വീട്ടില്‍ നിന്ന് ഏറെ ദൂരെ ആളൊഴിഞ്ഞ പ്രദേശത്ത് കുഴിച്ചിട്ടു.
യുവതിയുടെ മൊബൈല്‍ ഫോണ്‍ പ്രതിയായ സഹോദരന് കൈവശം സൂക്ഷിക്കുകയും കൊലപാതകം നടത്തി മണിക്കൂറുകള്‍ക്കകം മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുകയും ചെയ്തു.
മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് സുരക്ഷാ വകുപ്പുകള്‍ നടത്തിയ അന്വേഷണത്തിലൂടെ യുവാവിനെ സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്തു. കൂട്ടുപ്രതികളായ മാതാവിനെയും മൂന്നാമനെയും കുറിച്ച് യുവാവ് വിവരം നല്കി. അറസ്റ്റിലായ പ്രതികള്‍ ചോദ്യം ചെയ്യലില്‍ കുറ്റസമ്മതം നടത്തി. പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് തയാറാക്കി കേസ് ഫയല്‍ പിന്നീട് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്.