കയ്റോ – ദക്ഷിണ ഈജിപ്തിലെ ബനീസുവൈഫ് ഗവര്‍ണറേറ്റില്‍ മരിച്ചതായി വിധിയെഴുതിയ വൃദ്ധ ജീവിതത്തിലേക്ക് തിരിച്ചുവന്നത് ബന്ധുക്കളും നാട്ടുകാരും ആഘോഷമാക്കി. അവാതിഫ് എന്ന് പേരുള്ള വൃദ്ധയുടെ നിര്യാണം സാമൂഹികമാധ്യമങ്ങളിലൂടെയും സ്വകാര്യ ഗ്രൂപ്പുകളിലൂടെയും പ്രചരിക്കുകയും മയ്യിത്ത് നമസ്‌കാരത്തിലും അനന്തര കര്‍മങ്ങളിലും പങ്കെടുക്കാന്‍ എല്ലാവരോടും അപേക്ഷിക്കുകയും ചെയ്തിരുന്നു. ബനീസുവൈഫിലെ അല്‍റഹ്മ ജുമാമസ്ജിദില്‍ വെച്ച് മയ്യിത്ത് നമസ്‌കാരം പൂര്‍ത്തിയാക്കി മൃതദേഹം ഖബറടക്കുമെന്നാണ് അറിയിച്ചിരുന്നത്.
ഇതുപ്രകാരം മയ്യിത്ത് നമസ്‌കാരത്തില്‍ പങ്കെടുക്കാന്‍ നിരവധി പേര്‍ പള്ളിയില്‍ ഒഴുകിയെത്തി. എന്നാല്‍ നിശ്ചിത സമയം പിന്നിട്ടിട്ടും മയ്യിത്ത് വീട്ടില്‍ നിന്ന് മസ്ജിദിലെത്തിയില്ല. ഇതേതുടര്‍ന്ന് ആളുകള്‍ വിവരമന്വേഷിച്ചപ്പോഴാണ് വൃദ്ധ ഇപ്പോഴും ജീവനോടെ വീട്ടില്‍ ഇരിക്കുന്നതായി അറിഞ്ഞത്. ബോധരഹിതയായി കിടന്ന ഇവര്‍ക്ക് ബോധം വീണ്ടുകിട്ടുകയായിരുന്നു. അവാതിഫിന് ബോധം വീണ്ടുകിട്ടിയതോടെ സഹോദരി കുരവയിട്ട് ആഹ്ലാദം പ്രകടിപ്പിച്ചു.
അനന്തര കര്‍മങ്ങളില്‍ പങ്കെടുക്കാന്‍ വീട്ടില്‍ ഒത്തുകൂടിയ മറ്റു സ്ത്രീകളും അയല്‍വാസികളും കുരവയിട്ട് സന്തോഷം പ്രകടിപ്പിച്ചു. താന്‍ മരണപ്പെട്ടെന്ന് കരുതി നാട്ടുകാരെ മുഴുവന്‍ വിവരമറിയിക്കുകയും മയ്യിത്ത് പരിപാലന കര്‍മങ്ങള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്ത സഹോദരിയെ അവാതിഫ് കണക്കിന് ശകാരിച്ചു.
ബനീസുവൈഫിലെ അല്‍ഗംറാവി ഡിസ്ട്രിക്ടില്‍ താമസിക്കുന്ന അവാതിഫ് പ്രമേഹം ഉയര്‍ന്ന് അബോധാവസ്ഥയിലാവുകയായിരുന്നു. ഇതോടെ ഇവര്‍ അന്ത്യശ്വാസം വലിച്ചതായി ധരിച്ച സഹോദരി അയല്‍വാസികളെയും മറ്റു ബന്ധുക്കളെയും വിവരമറിയിക്കുകയായിരുന്നു. മരണ വിവരം പ്രഖ്യാപിക്കുന്നതിനു മുമ്പ് പരിശോധിക്കാന്‍ ഡോക്ടറുടെ സേവനം തേടാതിരുന്നതിന് ബന്ധുക്കളെ നാട്ടുകാര്‍ വിമര്‍ശിച്ചു. അവാതിഫ് ജീവനോടെയിരിക്കുന്നതില്‍ സന്തോഷവും ആഹ്ലാദവും പ്രകടിപ്പിച്ചാണ് എല്ലാവരും വീട്ടില്‍ നിന്ന് പിരിഞ്ഞുപോയത്.