കയ്റോ – ഈജിപ്തില്‍ കയ്‌റോക്കു സമീപം ഗീസ ഗവര്‍ണറേറ്റിലെ അല്‍ഹറം ഏരിയയില്‍ അഞ്ചാം നിലയിലെ ഫ്‌ളാറ്റിന്റെ ബാല്‍ക്കണിയില്‍ നിന്ന് ഭര്‍ത്താവിനെ താഴേക്ക് എറിഞ്ഞ് ഈജിപ്ഷ്യന്‍ യുവതി കൊലപ്പെടുത്തി. ദമ്പതികളുടെ മകന്റെ കണ്‍മുന്നില്‍ വെച്ചാണ് യുവതി ഭര്‍ത്താവിനെ താഴേക്കെറിഞ്ഞത്. സാമൂഹിക സുരക്ഷാ പെന്‍ഷന്‍ ഇനത്തില്‍ ലഭിച്ച തുക ഭര്‍ത്താവ് വേഗത്തില്‍ ചെലവഴിച്ചതിനെ ചൊല്ലി ദമ്പതികള്‍ക്കിടയില്‍ ഉടലെടുത്ത വാക്കേറ്റത്തിനിടെയാണ് ഭര്‍ത്താവിനെ ഭാര്യ താഴേക്കെറിഞ്ഞത്.
ഗുരുതരമായി പരിക്കേറ്റ് രക്തത്തില്‍ കുളിച്ചുകിടന്ന ഈജ്പ്തുകാരനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അഞ്ചാം നിലയില്‍ നിന്നുള്ള വീഴ്ചയില്‍ ഈജിപ്തുകാരന്റെ തലയോട്ടി തകര്‍ന്ന് മസ്തിഷ്‌കത്തില്‍ രക്തസ്രാവമുണ്ടാവുകയും ശരീരത്തില്‍ ഒന്നിലധികം അസ്തികള്‍ ഒടിയുകയും ചെയ്തിരുന്നു. യഥാര്‍ഥ മരണ കാരണങ്ങള്‍ നിര്‍ണയിക്കാന്‍ മൃതദേഹം പോസ്റ്റ് മോര്‍ട്ടം ചെയ്യാന്‍ പബ്ലിക് പ്രോസിക്യൂഷന്‍ ഉത്തരവിട്ടു. വാക്കേറ്റത്തിനിടെ പിതാവിനെ മാതാവ് കരുതിക്കൂട്ടി താഴേക്ക് തള്ളിയിടുകയായിരുന്നെന്ന് ബാലന്‍ അന്വേഷണോദ്യോഗസ്ഥര്‍ക്കു മുന്നില്‍ വെളിപ്പെടുത്തി.
എന്നാല്‍ ഈ ആരോപണം യുവതി നിഷേധിച്ചു. വീട്ടുചെലവുകള്‍ നടത്താത്തിതിന്റെയും മക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റാത്തതിന്റെയും ജോലിക്കു പോകാത്തതിന്റെയും പേരില്‍ ഭര്‍ത്താവുമായി താന്‍ നിരന്തരം കലഹിച്ചിരുന്നു. ഭര്‍ത്താവ് മയക്കുമരുന്നിന് അടിമയായി മാറിയതോടെ തങ്ങള്‍ക്കിടയിലെ ഭിന്നതകള്‍ മൂര്‍ഛിച്ചു. ഭര്‍ത്താവ് മയക്കുമരുന്ന് അടിമയായി മാറിയത് തന്റെ ജീവിതം നരകതുല്യമാക്കി. കഴിഞ്ഞ ദിവസം തര്‍ക്കമുണ്ടായപ്പോള്‍ താന്‍ ഭര്‍ത്താവിന്റെ സമീപത്തേക്ക് പോയിട്ടേയില്ല. മയക്കുമരുന്ന് ഉപയോഗിച്ചതിന്റെ ഫലമായി ബാലന്‍സ് നഷ്ടപ്പെട്ട് ഭര്‍ത്താവ് ബാല്‍ക്കണിയില്‍ നിന്ന് താഴേക്ക് വീഴുകയായിരുന്നെന്നും യുവതി വാദിച്ചു. എന്നാല്‍ പിതാവിനെ മാതാവ് തള്ളിയിടുകയായിരുന്നെന്ന വെളിപ്പെടുത്തലില്‍ ബാലന്‍ ഉറച്ചുനില്‍ക്കുകയാണ്. സംഭവത്തില്‍ സുരക്ഷാ വകുപ്പുകള്‍ വിശദമായ അന്വേഷണം നടത്തിവരികയാണ്.