കയ്റോ – ദക്ഷിണ ഈജിപ്തിലെ സോഹാഗ് ഗവര്‍ണറേറ്റില്‍ നവവരനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ഭാര്യയെ സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്തു. നാലു മാസം മുമ്പാണ് 32 കാരനും 24 കാരിയും വിവാഹിതരായത്. ഭര്‍ത്താവ് സാമൂഹികമാധ്യമങ്ങളിലൂടെ മറ്റു സ്ത്രീകളുമായി ബന്ധം സ്ഥാപിച്ചതും ഇവരുമായി പതിവായി വീഡിയോ കോളിലൂടെ ബന്ധപ്പെടുന്നതും കണ്ടെത്തിയതോടെയാണ് ഭര്‍ത്താവിനെ എന്നെന്നേക്കുമായി ഇല്ലാതാക്കാന്‍ യുവതി തീരുമാനിച്ചത്.
കഴിഞ്ഞ ദിവസം വീട്ടിലെ കിടപ്പുമുറിയില്‍ ഉറങ്ങിക്കിടക്കുന്നതിനിടെ ഭര്‍ത്താവിനെ കുത്തിക്കൊലപ്പെടുത്തിയ യുവതി തല ഉടലില്‍ നിന്ന് വേര്‍പ്പെടുത്തുകയും ചെയ്തു.
സ്വന്തം വീട്ടിനകത്ത് യുവാവിന്റെ മൃതദേഹം കണ്ടെത്തിയതായി സുരക്ഷാ വകുപ്പുകള്‍ക്ക് വിവരം ലഭിക്കുകയായിരുന്നു. രക്തത്തില്‍ കുളിച്ച നിലയിലാണ് യുവാവിന്റെ മൃതദേഹം സുരക്ഷാ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്. അന്വേഷണത്തില്‍ കൃത്യത്തിനു പിന്നില്‍ യുവാവിന്റെ ഭാര്യ തന്നെയാണെന്ന് വ്യക്തമായി.
ഭര്‍ത്താവിനെ കുത്തിക്കൊലപ്പെടുത്തി ഉടലില്‍ നിന്ന് ശിരസ്സ് വേര്‍പ്പെടുത്തിയ യുവതി മൃതദേഹം കിടപ്പുമുറിയില്‍ നിന്ന് വലിച്ചിഴച്ച് ബാത്ത്റൂമിനു മുന്നില്‍ ഉപേക്ഷിക്കുകയായിരുന്നു. കിടപ്പറ വൃത്തിയാക്കിയ യുവതി പിന്നീട് തനിക്കെതിരെ സംശയം ഉയരാതെ നോക്കുന്നതിന് ഗൈനക്കോളജിസ്റ്റിനെ കാണാന്‍ പോവുകയായിരുന്നെന്നും അന്വേഷണത്തില്‍ വ്യക്തമായി.