കയ്‌റോ – ഈജിപ്തിന്റെ തലസ്ഥാന നഗരിയായ കയ്‌റോയില്‍ നിന്ന് നദ എന്ന് പേരുള്ള ബാലികയെ തട്ടിക്കൊണ്ടുപോയി 12 വര്‍ഷം അടിമയാക്കിയ വനിതാ ശുചീകരണ തൊഴിലാളിയെ കയ്‌റോ ക്രിമിനല്‍ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. 2014 ലാണ് ഏഴു വയസുകാരിയെ പ്രതി തട്ടിക്കൊണ്ടുപോയത്. സമീപത്തെ കടയില്‍ നിന്ന് ശീതളപാനീയം വാങ്ങാന്‍ നാണയത്തുട്ടുകളുമായി വീട്ടില്‍ നിന്ന് പുറത്തിറങ്ങിയ നദയെ പിന്നീട് കാണാതാവുകയായിരുന്നു. പെണ്‍കുട്ടിയുടെ ആയുസിന്റെ 12 വര്‍ഷം വിഴുങ്ങിയ ഈ സംഭവം, ഈജിപ്തിലെ തട്ടിക്കൊണ്ടുപോകലിന്റെയും മനുഷ്യക്കടത്തിന്റെയും ഏറ്റവും വിചിത്രവും സങ്കീര്‍ണ്ണവുമായ കേസുകളില്‍ ഒന്നായി മാറി.
സംഭവദിവസം തെരുവിൽ ഉണ്ടായ ശക്തമായ സംഘർഷത്തിനിടയിലെ അരാജകത്വം മുതലെടുത്താണ് ശുചീകരണ തൊഴിലാളി കുട്ടിയെ തട്ടിക്കൊണ്ടുപോയത്. അയല്‍ക്കാര്‍ തിരിച്ചറിയുന്നത് തടയാന്‍ പ്രതി ബാലികയെ വര്‍ഷങ്ങളോളം മുറികളില്‍ പൂട്ടിയിടുകയും വിദ്യാഭ്യാസത്തിനും സാധാരണ ജീവിതത്തിനുമുള്ള ഏറ്റവും അടിസ്ഥാന അവകാശങ്ങള്‍ നിഷേധിക്കുകയും ചെയ്തു. പ്രതി പിന്നീട് വ്യാജ ഔദ്യോഗിക രേഖകള്‍ നിര്‍മ്മിച്ച് ബാലികയെ തന്റെ കുടുംബത്തിലെ അംഗമെന്നോണം നിയമവിരുദ്ധമായി രജിസ്റ്റര്‍ ചെയ്തു. കുട്ടിയെ ചാരിറ്റികള്‍ക്കും വ്യക്തികള്‍ക്കും മുന്നില്‍ അനാഥയായി അവതരിപ്പിക്കാന്‍ അവര്‍ ഈ വ്യാജ രേഖകള്‍ ഉപയോഗിച്ചു. ഭിക്ഷാടനത്തിന് ബാലികയെ ചൂഷണം ചെയ്തു.
പതിറ്റാണ്ടിലേറെയായി മകളെ കാണാതായ വേദനയിൽ കഴിയുകയായിരുന്നു പെൺകുട്ടിയുടെ കുടുംബം. പോലീസിന്റെ മുൻകാല അന്വേഷണങ്ങളെല്ലാം വിഫലമായിരുന്നു. എന്നാൽ അടുത്തിടെ, ഈ അനാഥ പെൺകുട്ടിയുടെ പേരിൽ സഹായം അഭ്യർത്ഥിച്ചുള്ള ചില പോസ്റ്റുകൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിച്ചത് സുരക്ഷാ വകുപ്പുകളുടെ ശ്രദ്ധയിൽപ്പെട്ടു. ഇതേത്തുടർന്ന് നടത്തിയ തീവ്രമായ സാങ്കേതിക, ഫീൽഡ് അന്വേഷണത്തിലാണ് കുട്ടിയുടെ പേരിലുള്ള രേഖകൾ വ്യാജമാണെന്ന് കണ്ടെത്തിയതും പെൺകുട്ടിയെ പാർപ്പിച്ചിരുന്ന സ്ഥലം തിരിച്ചറിഞ്ഞതും. തുടർന്ന് നടത്തിയ ഡി.എൻ.എ പരിശോധനയിൽ ഇത് 12 വർഷം മുൻപ് കാണാതായ നദ തന്നെയെന്ന് സംശയാതീതമായി തെളിഞ്ഞു.
തുടര്‍ന്ന് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി അധികൃതര്‍ പെണ്‍കുട്ടിയെ സ്വന്തം മാതാപിതാക്കള്‍ക്ക് കൈമാറിയത് വികാരനിര്‍ഭരമായ പുനഃസമാഗമത്തിന്റെ രംഗമായി. പ്രതിക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന്‍ കോടതിക്ക് കൈമാറുകയും വിചാരണ പൂര്‍ത്തിയാക്കിയ കയ്‌റോ ക്രിമിനല്‍ കോടതി തട്ടിക്കൊണ്ടുപോകല്‍, നിയമവിരുദ്ധമായി തടങ്കലില്‍ വെക്കല്‍, ഔദ്യോഗിക രേഖകള്‍ വ്യാജമായി നിര്‍മ്മിക്കല്‍, ഭിക്ഷാടനത്തിനായി കുട്ടിയെ ചൂഷണം ചെയ്യല്‍ എന്നീ കുറ്റങ്ങള്‍ക്ക് പ്രതിയെ ജീവപര്യന്തം തടവിന് ശിക്ഷിക്കുകയുമായിരുന്നു.



