ഒട്ടാവ: സ്വന്തം പാര്‍ട്ടിയായ ലിബറല്‍ പാര്‍ട്ടിക്കകത്തു നിന്നുള്ള സമ്മര്‍ദ്ദത്തിനൊടുവില്‍ കാനഡയില്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രുഡോ രാജി പ്രഖ്യാപിച്ചു. ഒമ്പതു വര്‍ഷമായി പദവിയില്‍ തുടരുന്ന ട്രൂഡോ പുതിയൊരു നേതാവിനെ കണ്ടെത്തുന്നതുവരെ പദവിയില്‍ തുടരുമെന്നും അറിയിച്ചു. ‘പാര്‍ട്ടിക്കുള്ളില്‍ പോരാട്ടം നടത്താനിറങ്ങുകയാണെങ്കില്‍ തനിക്ക് ഒരിക്കലും അടുത്ത തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ നയിക്കാന്‍ കഴിയില്ലെന്നു വ്യക്തമാണ്. രാജ്യം മികച്ചൊരാളെ അര്‍ഹിക്കുന്നുണ്ട്,’ ട്രൂഡോ പറഞ്ഞു.
തിരഞ്ഞെടുപ്പു അടുത്ത വരുന്ന കാനഡയില്‍ പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങ ലിബറല്‍ പാര്‍ട്ടിയെ ക്ഷീണിപ്പിക്കുന്നുണ്ട്. മാത്രമല്ല പ്രതിപക്ഷമായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ നേതാവ് പിയറി പോയിലിവ്‌റ് നടത്തുന്ന മുന്നേറ്റവും ട്രൂഡോയുടെ പാര്‍ട്ടിക്ക് പുതിയ വെല്ലുവിളിയാണ്. തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ തന്റെ നേതൃത്വവും പാര്‍ട്ടിയും ഇപ്പോള്‍ അഭിമുഖീകരിക്കുന്ന വെല്ലുവിളികള്‍ അതിജയിക്കാന്‍ കഴിയാത്തതാണെന്നും ട്രൂഡോ പരസ്യമായി സമ്മതിച്ചിട്ടുണ്ട്.
2015ലെ ലിബറല്‍ പാര്‍ട്ടിയുടെ വിജയത്തോടെയാണ് ട്രൂഡോ ആദ്യമായി കാനഡയില്‍ പ്രധാനമന്ത്രിയായി അധികാരത്തിലെത്തിയത്. പുരോഗമനവാദിയായ മികച്ച യുവ നേതാവായി ട്രൂഡോ വാഴ്ത്തപ്പെട്ടു. കാലാവസ്ഥ വ്യതിയാനം, ലിംഗ നീതി തുടങ്ങിയ വിഷയങ്ങളിലെ അദ്ദേഹത്തിന്റെ നിലപാടുകള്‍ക്ക് വലിയ സ്വീകാര്യതയും ലഭിച്ചിരുന്നു. മുന്‍ പ്രധാനമന്ത്രി പിയറി എലിയറ്റ് ട്രൂഡോയുടെ മകന്‍, പ്രസരിപ്പുള്ള യുവ നേതാവ്, കുടിയേറ്റത്തിന് അനുകൂലമായ നിലപാടുകള്‍ തുടങ്ങിയ ഘടകങ്ങള്‍ ആഗോള തലത്തിലും ജസ്റ്റിന്‍ ട്രൂഡോക്ക് വലിയ സ്വീകാര്യത നേടിക്കൊടുത്തു.