ജോർദാൻ അട്ടിമറി ഗൂഢാലോചനകള്‍ ജോര്‍ദാന്‍ തകര്‍ത്തതിനെ പ്രശംസിച്ച് സൗദി അറേബ്യ
ജിദ്ദ – ജോര്‍ദാൻ സർക്കാറിനെ അട്ടിമറിക്കാനും രാജ്യത്ത് അരക്ഷിതാവസ്ഥ സൃഷ്ടിക്കാനും ലക്ഷ്യമിട്ട് പ്രവർത്തനം തുടങ്ങിയ ഭീകരസംഘത്തെ പോലീസ് പിടികൂടി. ഇവരിൽനിന്ന് ഹ്രസ്വദൂര മിസൈലുണ്ടാക്കാനുള്ള സാധനസാമഗ്രികളും പിടിച്ചെടുത്തു.
ദേശീയ സുരക്ഷ ദുര്‍ബലപ്പെടുത്താനും രാജ്യത്തിനുള്ളില്‍ കുഴപ്പങ്ങളുണ്ടാക്കാനും നാശനഷ്ടങ്ങളുണ്ടാക്കാനും ലക്ഷ്യമിട്ടുള്ള ഗൂഢാലോചനകള്‍ ജോര്‍ദാന്‍ ജനറല്‍ ഇന്റലിജന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് പരാജയപ്പെടുത്തുകയായിരുന്നു. 16 പേരെ അറസ്റ്റ് ചെയ്തതായി ജോര്‍ദാന്‍ വാര്‍ത്താ ഏജന്‍സി പെട്ര റിപ്പോര്‍ട്ട് ചെയ്തു. സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ 2021 മുതല്‍ ഇന്റലിജന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് സൂക്ഷ്മമായി നിരീക്ഷിച്ചുവരികയായിരുന്നു.
തദ്ദേശീയ ഉപകരണങ്ങളും നിയമവിരുദ്ധ ആവശ്യങ്ങള്‍ക്കായി വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്ത വസ്തുക്കളും ഉപയോഗിച്ച് മിസൈലുകള്‍ നിര്‍മിക്കല്‍, സ്‌ഫോടകവസ്തുക്കളും തോക്കുകളും കൈവശം വെക്കല്‍, മിസൈല്‍ ഒളിപ്പിച്ചുവെക്കല്‍, ഡ്രോണ്‍ നിര്‍മാണ പദ്ധതി, അട്ടിമറി പ്രവര്‍ത്തനങ്ങള്‍ക്ക് ജോര്‍ദാനില്‍ നിന്ന് ആളുകളെ റിക്രൂട്ട് ചെയ്ത് പരിശീലനം നല്‍കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇവർ ചെയ്തത്. രാജ്യത്ത് അട്ടിമറി പ്രവര്‍ത്തനങ്ങള്‍ നടത്താനായി ജോര്‍ദാനിലേക്ക് ആയുധങ്ങള്‍ കടത്താനുള്ള ഇറാനിയന്‍ ഗൂഢാലോചന കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ ജോര്‍ദാന്‍ വിഫലമാക്കിയിരുന്നു.
അട്ടിമറി ഗൂഢാലോചനകളിൽ പങ്കുള്ള സംഘവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ജോര്‍ദാന്‍ ടി.വി പുറത്തുവിട്ടു. ഗൂഢാലോചനക്കു പിന്നിലെ മൂന്ന് പ്രധാന പ്രവര്‍ത്തകരുടെ പേരുവിവരങ്ങള്‍ ടി.വി റിപ്പോര്‍ട്ട് അനാവരണം ചെയ്തു. ജോര്‍ദാനില്‍ ലൈസന്‍സില്ലാത്ത മുസ്‌ലിം ബ്രദര്‍ഹുഡ് ഗ്രൂപ്പുമായി ബന്ധമുള്ള പ്രധാന പ്രതിയായ ഇബ്രാഹിം മുഹമ്മദ് ആണ് സംഘത്തിന് നേതൃത്വം നല്‍കിയിരുന്നത്. ടി.എന്‍.ടി, സി-4, സെംടെക്‌സ്-എച്ച് എന്നിവയുള്‍പ്പെടെ അത്യുഗ്ര ശേഷിയുള്ള 30 കിലോ സ്‌ഫോടകവസ്തുക്കള്‍ രാജ്യത്തേക്ക് കടത്തി സൂക്ഷിച്ചതുമായി ബന്ധപ്പെട്ട മറ്റൊരു കേസില്‍ ഇതിനകം വിചാരണ നേരിടുന്ന ഇബ്രാഹിം മുഹമ്മദ് ജോര്‍ദാനില്‍ റോക്കറ്റുകള്‍ നിര്‍മിക്കാന്‍ മറ്റുള്ളവരെ പ്രേരിപ്പിച്ചതായി റിപ്പോര്‍ട്ടുണ്ട്.
പ്രതികളുടെ കുറ്റസമ്മതമൊഴി പ്രകാരം, സെല്ലിലെ രണ്ട് അംഗങ്ങളായ അബ്ദുല്ല ഹിശാം, മുആദ് അല്‍ഗാനിം എന്നിവരെ സംഘടനയിലെ മുതിര്‍ന്ന വ്യക്തിയുമായി ഏകോപനം നടത്താനും പരിശീലനം നേടാനുമായി ലെബനോനിലേക്ക് അയച്ചിരുന്നു. മൂന്നാമത്തെ ഓപ്പറേറ്ററായ മുഹ്‌സിന്‍ അല്‍ഗാനിമിനെ അട്ടിമറി പ്രവര്‍ത്തനങ്ങള്‍ക്കുള്ള പണം കണ്ടെത്താന്‍ വിദേശത്തു നിന്ന് ഫണ്ട് കൈമാറുന്നതിന്റെ ചുമതല ഏല്‍പ്പിച്ചിരുന്നതായും ജോര്‍ദാന്‍ ന്യൂസ് ഏജന്‍സി പറഞ്ഞു.
സര്‍ഖാ, അമ്മാന്‍ ഗവര്‍ണറേറ്റുകളില്‍ സംഘം പ്രവര്‍ത്തന കേന്ദ്രങ്ങളും തലസ്ഥാനത്തെ നുഖൈറ പ്രദേശത്ത് നിര്‍മാണ സ്ഥലവും വെയര്‍ഹൗസും സ്ഥാപിച്ചു. അസംസ്‌കൃത വസ്തുക്കള്‍, പ്രോട്ടോടൈപ്പ് റോക്കറ്റ് ഭാഗങ്ങള്‍, പൂര്‍ത്തിയായ അസംബ്ലികള്‍ എന്നിവ സൂക്ഷിക്കാനാണ് വെയര്‍ഹൗസ് ഉപയോഗിച്ചിരുന്നത്. പ്രതികളുടെ വീടുകളില്‍ നടത്തിയ പരിശോധനകളില്‍ ഹ്വസ്വദൂര മിസൈലുകള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന ലോഹ ഘടകങ്ങള്‍ അടക്കമുള്ള വസ്തുക്കള്‍ സുരക്ഷാ സേന കണ്ടെത്തി. പിടിച്ചെടുത്ത വസ്തുക്കള്‍ 3-5 കിലോമീറ്റര്‍ ദൂരപരിധിയുള്ള 300 റോക്കറ്റുകള്‍ വരെ നിര്‍മിക്കാന്‍ പര്യാപ്തമാണെന്ന് സാങ്കേതിക വിദഗ്ധര്‍ സൂചിപ്പിക്കുന്നു.
അട്ടിമറി നീക്കം പരാജയപ്പെടുത്താന്‍ ജോര്‍ദാന്‍ സുരക്ഷാ വകുപ്പുകള്‍ സ്വീകരിച്ച നടപടികളെ സൗദി അറേബ്യ പ്രശംസിച്ചു. ജോര്‍ദാന്റെ സുരക്ഷ തകര്‍ക്കാനും കുഴപ്പങ്ങള്‍ സൃഷ്ടിക്കാനും ലക്ഷ്യമിട്ടുള്ള ഗൂഢാലോചനകള്‍ തടയാന്‍ ജോര്‍ദാന്‍ സുരക്ഷാ വകുപ്പുകള്‍ സ്വീകരിച്ച നടപടികള്‍ പ്രശംസനീയമാണെന്ന് സൗദി വിദേശകാര്യ മന്ത്രാലയം പറഞ്ഞു. ജോര്‍ദാന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ക്ക് സൗദി അറേബ്യ പിന്തുണ അറിയിച്ചു. സുരക്ഷക്കും സ്ഥിരതക്കും കോട്ടം വരുത്തുന്ന ഏതൊരു കാര്യത്തിനുമെതിരെ ജോര്‍ദാനുള്ള ഐക്യദാര്‍ഢ്യവും സൗദി അറേബ്യ പ്രഖ്യാപിച്ചു.