- ലക്ഷ്യം വെസ്റ്റ് ബാങ്കിനെ ഇസ്രായിലില്‍ കൂട്ടിച്ചേര്‍ക്കല്‍
റാമല്ല – അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപ് വിജയിച്ചതു മുതല്‍ വെസ്റ്റ് ബാങ്കില്‍ ഫലസ്തീനികള്‍ക്കെതിരായ ആക്രമണം ജൂതകുടിയേറ്റക്കാര്‍ ശക്തമാക്കി. വെസ്റ്റ് ബാങ്കിനെ ഇസ്രായിലില്‍ കൂട്ടിച്ചേര്‍ത്ത് അവിടെ ഇസ്രായില്‍ പരമാധികാരം പ്രഖ്യാപിച്ച് പുതിയ തല്‍സ്ഥിതി അടിച്ചേല്‍പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണിതെന്നാണ് കരുതുന്നത്. അടുത്ത വര്‍ഷം അമേരിക്കയില്‍ പുതിയ പ്രസിഡന്റ് അധികാരമേല്‍ക്കുന്നതോടെ വെസ്റ്റ് ബാങ്ക് ഇസ്രായിലില്‍ കൂട്ടിച്ചേര്‍ക്കാനും വെസ്റ്റ് ബാങ്കില്‍ ഇസ്രായില്‍ പരമാധികാരം പ്രഖ്യാപിക്കാനും സാധിക്കുമെന്നാണ് ഇസ്രായില്‍ ഗവണ്‍മെന്റ് ഇപ്പോള്‍ വിശ്വസിക്കുന്നത്.
വെസ്റ്റ് ബാങ്കിലെ ജൂതകുടിയേറ്റ കോളനികള്‍ ഇസ്രായിലില്‍ കൂട്ടിച്ചേര്‍ക്കുന്നത് ഫലസ്തീന്‍ രാഷ്ട്ര സ്ഥാപനത്തിന് ഭീഷണിയാകും. ഗാസ യുദ്ധം അവസാനിച്ച ശേഷം ഗാസയെയും വെസ്റ്റ് ബാങ്കിനെയും രാഷ്ട്രീയമായും ഭൂമിശാസ്ത്രപരമായും സ്ഥാപനപരമായും ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്റെയും ഫലസ്തീന്‍ രാഷ്ട്രത്തിന്റെയും പതാകക്കു കീഴില്‍ ഒന്നിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുമെന്ന് ഫലസ്തീന്‍ പ്രധാനമന്ത്രി മുഹമ്മദ് മുസ്തഫ ആവര്‍ത്തിച്ചു. ജറൂസലമും മറ്റു ഫലസ്തീന്‍ പ്രദേശങ്ങളും പോലെ ഗാസ ഫലസ്തീന്‍ രാഷ്ട്രത്തിന്റെ കേന്ദ്രമാണ്. യുദ്ധം അവസാനിക്കുമ്പോള്‍ ഗാസയെയും വെസ്റ്റ് ബാങ്കിനെയും വീണ്ടും ഒന്നിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തും. നിലവിലെ ഘട്ടത്തില്‍ ഗാസയില്‍ ഫലസ്തീനികളുടെ ദുരിതങ്ങള്‍ അവസാനിപ്പിക്കാന്‍ കൂട്ടായ പ്രവര്‍ത്തനം ആവശ്യമാണ്. ദേശീയ അനുരഞ്ജനം ആവശ്യമാണ്. ഫലസ്തീന്‍ ഗ്രൂപ്പുകള്‍ തമ്മിലെ ചേരിതിരിവ് അവസാനിക്കാറായിരിക്കുന്നതായും ഫലസ്തീന്‍ പ്രധാനമന്ത്രി പഞ്ഞു.
നബ്‌ലുസിന് കിഴക്ക് ബെയ്ത് ഫൂരിക് ഗ്രാമത്തില്‍ ഫലസ്തീനികളുടെ ഭവനങ്ങള്‍ക്കു നേരെ ജൂതകുടിയേറ്റക്കാര്‍ ആക്രമണം നടത്തി മണിക്കൂറുകള്‍ക്കു ശേഷമാണ് ഫലസ്തീന്‍ പ്രധാനമന്ത്രി ഈ പ്രസ്താവന നടത്തിയത്. ബെയ്ത് ഫൂരിക്കില്‍ ഫലസ്തീനികളുടെ ഭവനങ്ങളും വാഹനങ്ങളും ജൂതകുടിയേറ്റക്കാര്‍ അഗ്നിക്കിരയാക്കി. സ്വത്തുവകകള്‍ സംരക്ഷിക്കാന്‍ ഓടിയെത്തിയ ഫലസ്തീനികളെയും കുടിയേറ്റക്കാര്‍ ആക്രമിച്ചു.
മുപ്പതു കുടിയേറ്റക്കാരാണ് ബെയ്ത് ഫൂരിക് ഗ്രാമം ആക്രമിച്ചതെന്നും ഇവര്‍ കെട്ടിടങ്ങളും വാഹനങ്ങളും കൃഷിയിടങ്ങളും അഗ്നിക്കിരയാക്കിയതായും ഇസ്രാലിയി സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ച് ഇസ്രായിലി സൈനിക റേഡിയോ റിപ്പോര്‍ട്ട് ചെയ്തു. കുടിയേറ്റക്കാരെ തടയാന്‍ പ്രദേശത്തുണ്ടായിരുന്ന ഇസ്രായിലി സൈനികര്‍ തുനിഞ്ഞില്ല. അമേരിക്കയില്‍ ട്രംപ് അധികാരത്തിലെത്തിയ ശേഷം വെസ്റ്റ് ബാങ്കില്‍ ഇസ്രായില്‍ പരമാധികാരം അടിച്ചേല്‍പിക്കാനുള്ള പദ്ധതിയുമായി ഇസ്രായില്‍ മുന്നോട്ടുപോവുകയാണെന്ന ഭീതി ബെയ്ത് ഫൂരിക് ആക്രമണം ഫലസ്തീനികള്‍ക്കിടയില്‍ വര്‍ധിപ്പിച്ചു.
തീവ്രവലതുപക്ഷ ഇസ്രായില്‍ ഗവണ്‍മെന്റിന്റെ നേരിട്ടുള്ള സംരക്ഷണത്തിലും ഏകോപനത്തിലുമാണ് വെസ്റ്റ് ബാങ്കില്‍ ജൂതകുടിയേറ്റക്കാര്‍ ആക്രമണങ്ങള്‍ നടത്തുന്നതെന്ന് ഫലസ്തീന്‍ നാഷണല്‍ കൗണ്‍സില്‍ പ്രസിഡന്റ് റൂഹി ഫത്തൂഹ് പറഞ്ഞു. ഇത് ഫലസ്തീന്‍ ജനതക്കും അവരുടെ സ്വത്തിനും എതിരായ വംശീയ ഉന്മൂലന നയങ്ങളുടെ തുടര്‍ച്ചയും വംശീയ ഭീകര ഗവണ്‍മെന്റ് പരസ്യമായി പ്രകടിപ്പിക്കുന്ന കൂട്ടിച്ചേര്‍ക്കല്‍, യഹൂദവല്‍ക്കരണ പദ്ധതിയുടെ പൂര്‍ത്തീകരണവുമാണെന്ന് റൂഹി ഫത്തൂഹ് പറഞ്ഞു.
നവംബര്‍ അഞ്ചിന് ട്രംപിന്റെ വിജയം പ്രഖ്യാപിച്ചതു മുതല്‍ വെസ്റ്റ് ബാങ്കില്‍ ഇസ്രായില്‍ പരമാധികാരം പ്രഖ്യാപിക്കുന്നതിനെ കുറിച്ച് ഇസ്രായിലി നേതാക്കള്‍ നിരവധി പ്രസ്താവനകള്‍ നടത്തിയിട്ടുണ്ട്. യഹൂദയുടെയും സമരിയയുടെയും (അതായത് വെസ്റ്റ് ബാങ്ക്) ഭാവിയില്‍ അമേരിക്കന്‍ ഭരണകൂട മാറ്റമുണ്ടാക്കുന്ന സ്വാധീനങ്ങള്‍ വിശകലനം ചെയ്യാന്‍ ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ദിവസങ്ങള്‍ക്കു മുമ്പ് ബെഞ്ചമിന്‍ സെറ്റില്‍മെന്റ് കൗണ്‍സില്‍ തലവനായ യിസ്‌റായില്‍ ഗാന്റ്‌സുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അടുത്ത 100 വര്‍ഷത്തേക്ക് ഇസ്രായിലിന്റെ വിധി നിര്‍ണയിക്കാന്‍ നിങ്ങള്‍ക്ക് കഴിയുമെന്നും യഹൂദയുടെയും സമരിയയുടെയും മേല്‍ നിയന്ത്രണം വ്യാപിപ്പിച്ച് ഇസ്രായില്‍ രാജ്യത്തിന്റെ വിധി ശക്തിപ്പെടുത്താനുള്ള സമയമാണിതെന്നും നെതന്യാഹുവിനോട് ഗാന്റ്‌സ് പറഞ്ഞു.
അടുത്ത വര്‍ഷം വെസ്റ്റ് ബാങ്കില്‍ ഇസ്രായില്‍ പരമാധികാരം അടിച്ചേല്‍പിക്കണമെന്ന് ആവശ്യപ്പെടുന്ന ഇസ്രായിലി മന്ത്രിമാരുടെ കൂട്ടത്തില്‍ നെതന്യാഹുവും കഴിഞ്ഞയാഴ്ച ചേര്‍ന്നിരുന്നു. യഹൂദയിലും സമരിയയിലും (വെസ്റ്റ് ബാങ്ക്) ഇസ്രായില്‍ പരമാധികാരം അടിച്ചേല്‍പിക്കുന്ന വിഷയം അജണ്ടയിലേക്ക് തിരികെ കൊണ്ടുവരണമെന്ന് അദ്ദേഹം പറഞ്ഞു. വെസ്റ്റ് ബാങ്കില്‍ ഇസ്രായില്‍ പരമാധികാരം അടിച്ചേല്‍പിക്കാനുള്ള വലിയ അവസരമാണ് ട്രംപിന്റെ വിജയം സമ്മാനിക്കുന്നതെന്ന് റിലീജ്യസ് സയണിസം പാര്‍ട്ടി പ്രസിഡന്റും ധനമന്ത്രിയുമായ ബെസാലെല്‍ സ്‌മോട്രിച്ചും ദേശീയ സുരക്ഷാ മന്ത്രിയായ ഇറ്റാമര്‍ ബെന്‍ ഗവീറും അടക്കമുള്ള ഇസ്രായിലി മന്ത്രിമാര്‍ കരുതുന്നു.
വെസ്റ്റ് ബാങ്കിലെ വിശാലമായ പ്രദേശങ്ങളില്‍ ഇസ്രായില്‍ പരമാധികാരം അടിച്ചേല്‍പിക്കാന്‍ ലക്ഷ്യമിടുന്ന പദ്ധതി 2020 ല്‍ ഇസ്രായില്‍ തയാറാക്കിയിട്ടുണ്ട്. നിലവില്‍ വെസ്റ്റ് ബാങ്കില്‍ 144 ഔദ്യോഗിക ജൂതകുടിയേറ്റ കോളനികളും 100 ലേറെ അനധികൃത കുടിയേറ്റ കോളനികളുമുണ്ട്. വെസ്റ്റ് ബാങ്കിന്റെ ആകെ വിസ്തൃതിയുടെ 42 ശതമാനം സ്ഥലത്ത് ഇവ വ്യാപിച്ചുകിടക്കുന്നു. ഇവിടങ്ങളില്‍ ആറു ലക്ഷത്തോളം ജൂത കുടിയേറ്റക്കാര്‍ ജീവിക്കുന്നു.