ടോക്യോ. ജപ്പാനില്‍ അരി വില പ്രതിസന്ധി കനക്കുന്നതിനിടെ, അരി പണം നല്‍കി വാങ്ങാറില്ലെന്നു പറഞ്ഞ് വെട്ടിലായ കൃഷി മന്ത്രി തകു എതോ രാജിവച്ചു. രാജ്യത്തെ പ്രധാന ആഹാരമായ അരിയുടെ വില ഇരട്ടിയിലേറെ വര്‍ധിച്ചത് മൂലം സര്‍ക്കാര്‍ പുതിയ രാഷ്ട്രീയ പ്രതിസന്ധിയിലൂടെ കടന്നു പോകുകയാണ്. ഇതിനിടെയാണ് തന്റെ വീട്ടില്‍ വേണ്ടുവോളം അരി ഉണ്ടെന്നും വേണമെങ്കില്‍ വില്‍ക്കാമെന്നും പറത്ത് മന്ത്രി തകു എതോ പുലിവാവ് പിടിച്ചത്. തുറന്ന് പറയുകയാണെങ്കില്‍ ഞാന്‍ ഒരിക്കലും അരി പണം നല്‍കി വാങ്ങിയിട്ടില്ല. എന്റെ അണികള്‍ ധാരാളം അരി നല്‍കുന്നു. വീട്ടില്‍ വില്‍ക്കാവുന്നത്ര ധാരാളം അരിയുണ്ട്. എന്നായിരുന്നു തകോയുടെ വാക്കുകള്‍. കൃഷി മന്ത്രിയുടെ വാക്കുകള്‍ ജനങ്ങള്‍ക്കിടയില്‍ വലിയ പ്രതിഷേധത്തിനിടയാക്കിയത്. മന്ത്രിക്കെതിരെ പാര്‍ലമെന്റില്‍ അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് പ്രതിപക്ഷവും മുന്നറിയിപ്പു നല്‍കി. ഇതോടെ തകോയുടെ മേല്‍ സമ്മര്‍ദ്ദമായി. ഇതാണ് രാജിയിലേക്ക് നയിച്ചത്. ഈ ചുമതലയ്ക്ക് പറ്റിയ ആളല്ല താനെന്ന് അദ്ദേഹം രാജി പ്രഖ്യാപിച്ചു കൊണ്ട് പറഞ്ഞു.
രാജിവച്ച തകോ തന്റെ വാക്കുകളില്‍ പിന്നീട് ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. ഉത്തരവാദിത്തമുള്ള മന്ത്രി എന്ന നിലയില്‍ തീര്‍ത്തും ്അനുചിതമായ വാക്കുകളാണ് എന്റെ ഭാഗത്തു നിന്നുണ്ടായത്. അതിന് ജപ്പാനിലെ ജനങ്ങളോട് ഞാന്‍ മാപ്പ് ചോദിക്കുന്നു. അരി വില ഉയരുന്നത് മൂലം ജനങ്ങള്‍ക്കുണ്ടാകുന്ന പ്രയാസം പൂര്‍ണമായും തിരിച്ചറിഞ്ഞിട്ടുണ്ട്, തകോ പറഞ്ഞു.
ജപ്പാനില്‍ ഇപ്പോള്‍ അരിയാണ് രാഷ്ട്രീയ വിഷയം. ജീവിതച്ചെലവ് കുതിച്ചുയരുന്നത് പ്രധാനമന്ത്രി ഷിഗേരു ഇഷിബയുടെ നേതൃത്വത്തിലുള്ള ന്യൂനപക്ഷ സര്‍ക്കാരിന് തലവേദനയായി നിലനില്‍ക്കെയാണ് പ്രധാന ആഹാരമായ അരിയുടെ വിലയും കുത്തനെ ഉയരുന്നത്. വില ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി. ഇതുമൂലം കരുതല്‍ അരിശേഖരം എടുത്ത് ഉപയോഗിക്കാനും, വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.
അരി മുമ്പും ജപ്പാനില്‍ വലിയ രാഷ്ട്രീയ പ്രതിസന്ധികളുണ്ടാക്കിയിട്ടുണ്ട്. 1918ല്‍ അരി വില ഉയര്‍ന്നതിനെ ചൊല്ലി ഉണ്ടായ കലാപം സര്‍ക്കാരിനെ തന്നെ അട്ടിമറിച്ചിട്ടുണ്ട്. ഇപ്പോഴത്തെ പ്രധാനമന്ത്രി ഇഷിബയുടെ സര്‍ക്കാരിന്റെ ജനസ്വീകാര്യത കുത്തനെ ഇടിയുന്നതിലും അരി വില വര്‍ധനയ്ക്ക് വലിയ പങ്കുണ്ട്.