ഗാസ – ഗാസയില്‍ ബന്ദി കൈമാറ്റ, വെടിനിര്‍ത്തല്‍ കരാര്‍ തടസ്സപ്പെടുത്തുന്ന ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നയം ഹമാസ് പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുന്നതിലേക്ക് നയിക്കുമെന്നും ഇസ്രായില്‍ സൈന്യത്തെ യുദ്ധദൗത്യങ്ങള്‍ പൂര്‍ത്തിയാക്കുന്നതില്‍ നിന്ന് തടയുമെന്നും ഇസ്രായിലി സൈനിക മേധാവികള്‍ മുന്നറിയിപ്പ് നല്‍കിയതായി ഇസ്രായിലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഹമാസ് തട്ടിക്കൊണ്ടുപോയി ബന്ദികളാക്കിയവരില്‍ ശേഷിക്കുന്നവരില്‍ പെട്ട ഇനിയും ജീവിച്ചിരിക്കുന്നവരെ ഗാസയിലെ വ്യത്യസ്ത സ്ഥലങ്ങളിലാണ് ഒളിപ്പിച്ചിരിക്കുന്നത്. ഇത് ഹമാസിനെ സൈനികമായി ഉന്മൂലനം ചെയ്യുന്നത് തടയുകയാണെന്നും ബന്ദികളെ ഹമാസ് നിലനിര്‍ത്തുന്നത് ഇസ്രായിലി സൈന്യത്തിന്റെ കരയാക്രമണത്തെ പരാജയപ്പെടുത്തുന്നുവെന്നും സൈന്യം കുറ്റപ്പെടുത്തി.
ബന്ദികളുടെ ജീവന്‍ അപകടത്തില്‍ പെടാതെ നോക്കേണ്ടതിനാല്‍ സൈന്യത്തിന് പ്രവേശിക്കാന്‍ കഴിയാത്ത വലിയ പ്രദേശങ്ങള്‍ ഗാസയില്‍ അവശേഷിക്കുന്നു. പ്രായോഗികമായി, ഇത് ഗാസയില്‍ തങ്ങളുടെ ഭാഗിക ഭരണം പുനഃസ്ഥാപിക്കുന്നതില്‍ ഹമാസിന് വിജയം നല്‍കുന്നു. മൂന്നു മാസം മുമ്പ് റഫയിലെ തുരങ്കത്തില്‍ ആറു ബന്ദികളെ ഹമാസ് കൊലപ്പെടുത്തിയിരുന്നു. സമീപത്ത് ഇസ്രായിലി സൈനിക സാന്നിധ്യം ശ്രദ്ധയില്‍ പെട്ടതോടെ ബന്ദികളെ കൊലപ്പെടുത്തി ഹമാസ് പോരാളികള്‍ രക്ഷപ്പെടുകയായിരുന്നു.
ജീവനോടെ ശേഷിക്കുന്ന ഡസന്‍ കണക്കിന് ബന്ദികളുടെ ജീവന് ഭീഷണിയായി മാറിയേക്കാവുന്ന നിലക്കുള്ള സൈനിക ഓപ്പറേഷനുകള്‍ക്കെതിരെ സൈന്യം മുന്നറിയിപ്പ് നല്‍കുന്നു. അതുകൊണ്ടാണ് ഗാസയിലെ വിശാലമായ പ്രദേശങ്ങള്‍ ഇസ്രായില്‍ സൈന്യം ആക്രമിക്കാത്തത്. ഇത് ഹമാസിന് പ്രയോജനം ചെയ്യുകയാണ്. മാസങ്ങളായി ഉത്തര ഗാസക്കു സമീപമുള്ള ബെയ്ത്ത് ലാഹിയയും ജബാലിയും പോലുള്ള സ്ഥലങ്ങളില്‍ മാത്രമാണ് ഇസ്രായില്‍ സൈന്യം ആക്രമണങ്ങള്‍ നടത്തുന്നത്. ഇതിന് സമാന്തരമായി വടക്കന്‍ ഗാസയിലെ വിശാലമായ പ്രദേശങ്ങളില്‍ ഹമാസ് സൈനിക ശേഷി പുനഃസ്ഥാപിച്ചുവരികയാണ്.
ഹമാസ് തട്ടിക്കൊണ്ടുപോയി ബന്ദികളാക്കിയവരുടെ പ്രശ്‌നം ഗാസയില്‍ സൈന്യത്തിന്റെ നേട്ടങ്ങള്‍ വൈകിപ്പിക്കുകയും ചുരുക്കുകയും ചെയ്യുന്ന പ്രധാന ഘടകമായി മാറിയിരിക്കുന്നു. ഗാസയില്‍ തട്ടിക്കൊണ്ടുപോയ ആളുകളുടെ സാന്നിധ്യം പോരാട്ടത്തിന്റെ രീതികളെയും കരയാക്രമണ, വ്യോമാക്രമണ സ്ഥലങ്ങളെയും ബാധിക്കുകയും ചെയ്യുന്നു. കൂടാതെ ഹമാസിനെ കൂടുതല്‍ ശക്തമായി ആക്രമിക്കുന്നതില്‍ നിന്ന് ഇത് സൈന്യത്തെ വളരെയധികം നിയന്ത്രിക്കുന്നു.
ബന്ദികളുടെ അവസ്ഥയെ കുറിച്ച ഇന്റലിജന്‍സ് വിവരങ്ങള്‍ നിരന്തരം മാറിക്കൊണ്ടിരിക്കുകയാണെന്നും സൈന്യത്തിന് കണ്ടെത്താന്‍ സാധിക്കാതിരിക്കുന്നതിന് ഇവരെ ഹമാസ് നിരന്തരം സ്ഥലം മാറ്റിക്കൊണ്ടിരിക്കുകയാണെന്നും ഇസ്രായിലി സൈനിക മേധാവികള്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെയും യുദ്ധത്തിന് നേതൃത്വം നല്‍കുന്ന കാബിനറ്റ് മന്ത്രിമാരെയും അറിയിച്ചിട്ടുണ്ട്. സമീപത്ത് ഇസ്രായിലി സൈനിക നീക്കം ശ്രദ്ധയില്‍ പെട്ടാല്‍ ബന്ദികളെ വധിക്കുകയെന്ന നയം ഹമാസ് മാറ്റിയിട്ടില്ലെന്നും സൈനിക വൃത്തങ്ങള്‍ പറയുന്നു.
അതിനിടെ, ഉത്തര ഗാസയില്‍ ഇസ്രായിലി സൈനികന്‍ കൊല്ലപ്പെട്ടതായി ഇസ്രായില്‍ സൈന്യം അറിയിച്ചു. ഗിവാറ്റി ബ്രിഗേഡില്‍ പെട്ട റോണ്‍ എപ്‌സ്റ്റൈന്‍ (19) ആണ് വടക്കന്‍ ഗാസയില്‍ പോരാട്ടത്തിനിടെ കൊല്ലപ്പെട്ടത്. ജബാലിയക്കു നേരെ തൊടുത്തുവിട്ട പീരങ്കി ഷെല്ലില്‍ നിന്നുള്ള കഷ്ണങ്ങള്‍ തട്ടിയാണ് എപ്‌സ്റ്റൈന്‍ മരിച്ചതെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. സംഭവത്തില്‍ മറ്റു രണ്ടു സൈനികര്‍ക്ക് പരിക്കേറ്റതായും ഇസ്രായില്‍ സൈനിക വൃത്തങ്ങള്‍ പറഞ്ഞു.
അതേസമയം, ഉത്തര ഗാസയില്‍ ബെയ്ത്ത് ലാഹിയയിലുണ്ടായ ശക്തമായ പോരാട്ടത്തില്‍ തങ്ങളുടെ പോരാളികള്‍ 15 ഇസ്രായിലി സൈനികരെ കൊലപ്പെടുത്തിയതായി ഹമാസിനു കീഴിലെ സൈനിക വിഭാഗമായ അല്‍ഖസ്സാം ബ്രിഗേഡ്‌സ് അറിയിച്ചു. 15 സൈനികര്‍ അടങ്ങുന്ന കാലാള്‍പ്പടയുമായി അല്‍ഖസ്സാം ബ്രിഗേഡ്‌സ് പോരാളികള്‍ ഏറ്റുമുട്ടി. ബെയ്ത്ത് ലാഹിയ ചത്വരത്തിനു സമീപം തൊട്ടടുത്തു നിന്ന് ഈ സൈനികരെ എല്ലാവരെയും വകവരുത്താന്‍ പോരാളികള്‍ക്ക് സാധിച്ചതായും അല്‍ഖസ്സാം ബ്രിഗേഡ്‌സ് പറഞ്ഞു.