തെല്‍അവീവ് – ഗാസയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടുള്ള പരോക്ഷ ചര്‍ച്ചകള്‍ക്കായി ഇന്ന് (ഞായറാഴ്ച) ഖത്തറിലേക്ക് ചര്‍ച്ചാ സംഘത്തെ അയക്കുമെന്ന് ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അറിയിച്ചു.
വെടിനിര്‍ത്തല്‍ കരാറുമായി ബന്ധപ്പെട്ട് ഹമാസ് മുന്നോട്ടുവെച്ച പുതിയ ആവശ്യങ്ങള്‍ അസ്വീകാര്യമാണെന്നും നെതന്യാഹു പറഞ്ഞു. ഖത്തര്‍ നിര്‍ദേശത്തില്‍ ഹമാസ് വരുത്താന്‍ ശ്രമിക്കുന്ന മാറ്റങ്ങളെ കുറിച്ച് ഇന്നലെ രാത്രി ഞങ്ങളെ അറിയിച്ചു. അത് ഇസ്രായിലിന് സ്വീകാര്യമല്ല – നെതന്യാഹുവിന്റെ ഓഫീസ് പ്രസ്താവനയില്‍ പറഞ്ഞു. എന്നിരുന്നാലും, സാഹചര്യം വിലയിരുത്തിയ ശേഷം, ഇസ്രായില്‍ അംഗീകരിച്ച ഖത്തര്‍ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ പരോക്ഷ ചര്‍ച്ചകള്‍ നടത്താനും നമ്മുടെ ബന്ദികളെ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരാനുമുള്ള നിര്‍ദേശങ്ങള്‍ നെതന്യാഹു പുറപ്പെടുവിച്ചു. ഖത്തറിലെ ചര്‍ച്ചകള്‍ക്കായി ചര്‍ച്ചാ സംഘം ഞായറാഴ്ച യാത്ര തിരിക്കും – പ്രസ്താവന പറഞ്ഞു.
ഗാസയില്‍ വെടിനിര്‍ത്തലിനുള്ള അമേരിക്ക സ്‌പോണ്‍സര്‍ ചെയ്ത നിര്‍ദേശത്തെ കുറിച്ച് ഉടന്‍ ചര്‍ച്ചകള്‍ ആരംഭിക്കാന്‍ തയാറാണെന്ന് ഹമാസ് വെള്ളിയാഴ്ച അറിയിച്ചു. ഗാസയില്‍ ഏകദേശം 21 മാസമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാന്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പുതിയ ശ്രമങ്ങള്‍ നടത്തിവരികയാണ്. ട്രംപുമായുള്ള ചര്‍ച്ചകള്‍ക്ക് നെതന്യാഹു തിങ്കളാഴ്ച വാഷിംഗ്ടണില്‍ എത്തും. ഇറാനും ഇസ്രായിലും തമ്മിലുള്ള വെടിനിര്‍ത്തല്‍ സൃഷ്ടിച്ച ആക്കം മുതലെടുത്ത് ഗാസയില്‍ വെടിനിര്‍ത്തല്‍ ഉറപ്പാക്കാന്‍ പ്രതീക്ഷിക്കുന്ന ട്രംപ്, നതന്യാഹുവിനോട് കര്‍ശനമായി ഇടപെടുമെന്ന് വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group