ഗാസ – ദക്ഷിണ ഗാസയിലെ ഖാന്‍ യൂനിസില്‍ ഹമാസ് പോരാളികള്‍ വെച്ച കെണിയില്‍ ഇസ്രായില്‍ സൈനികര്‍ കുടുങ്ങി. പോരാളികളെ തേടി കെട്ടിടത്തില്‍ ഇസ്രായില്‍ സൈനികര്‍ കയറിയ ഉടന്‍ കെട്ടിടം ഹമാസ് പോരാളികള്‍ സ്‌ഫോടനത്തിലൂടെ തകര്‍ത്തു. ഇന്നലെ രാത്രിയാണ് സംഭവം. ഗുരുതരമായ സുരക്ഷാ സംഭവമാണ് നടന്നതെന്ന് ഇസ്രായിലിമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ആക്രമണത്തില്‍ ഒരു ഇസ്രായിലി സൈനികന്‍ കൊല്ലപ്പെട്ടതായും ഏതാനും പേര്‍ക്ക് പരിക്കേറ്റതായും പ്രാഥമിക റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. നഗരത്തിന് ചുറ്റും ഇസ്രായില്‍ സൈന്യവും ഫലസ്തീന്‍ പോരാളികളും തമ്മില്‍ ശക്തമായ ഏറ്റുമുട്ടലുകള്‍ പൊട്ടിപ്പുറപ്പെട്ടതായി ഇസ്രായിലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പോരാളികളെ തുരത്താനും പരിക്കേറ്റവരെ സംഭവസ്ഥലത്ത് നിന്ന് ഒഴിപ്പിക്കാനും ഇസ്രായിലി വ്യോമസേന വിമാനങ്ങള്‍ അടിയന്തിരമായി ഇടപെട്ടു. 669 -ാമത് മെഡിക്കല്‍ ഇവാക്വേഷന്‍ യൂനിറ്റില്‍ നിന്നുള്ള നാല് വിമാനങ്ങള്‍ ഖാന്‍ യൂനിസിലെ സംഭവ സ്ഥലത്തേക്ക് അയച്ചതായി റെഷെത് ഹഡോഷോട്ട് ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.
ഖാന്‍ യൂനിസിന് കിഴക്കുള്ള അബസാന്‍ അല്‍കബീറ പ്രദേശത്ത് ഇസ്രായിലി സൈനികരെയും സൈനിക വാഹനങ്ങളും ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ ഹമാസിന്റെ സൈനിക വിഭാഗമായ ഇസ്സുദ്ദീന്‍ അല്‍ഖസ്സാം ബ്രിഗേഡ്‌സ് പുറത്തുവിട്ട് ഒരു മണിക്കൂറിനുള്ളിലാണ് പോരാളികള്‍ ഒരുക്കിയ പുതിയ കെണിയില്‍ ഇസ്രായില്‍ സൈനികര്‍ കുടുങ്ങിയത്. അബസാന്‍ അല്‍കബീറ പ്രദേശത്ത് ഹമാസ് നടത്തിയ ആക്രമണത്തില്‍ രണ്ട് സൈനിക വാഹനങ്ങളും രണ്ട് ബുള്‍ഡോസറുകളും തകര്‍ക്കപ്പെട്ടു. ഒരു സൈനികനെ പിടികൂടാന്‍ ഹമാസ് ശ്രമിക്കുകയും ചെയ്തു.