വാഷിംഗ്ടണ്‍ – ഗാസ യുദ്ധം അവസാനിപ്പിക്കാന്‍ ഹമാസിനെ നിരായുധീകരിക്കണമെന്നത് ഇസ്രായിലിന്റെ അടിസ്ഥാന വ്യവസ്ഥയാണെന്ന് ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. ഹമാസിന്റെ പിടിയില്‍ നിന്ന് ജീവിച്ചിരിക്കുന്ന പത്ത് ബന്ദികളെ കൂടി ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ മോചിപ്പിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി, ഗ്രെറ്റ വാന്‍ സുസ്റ്റെറന്‍ ആതിഥേയത്വം വഹിച്ച ദി റെക്കോര്‍ഡ് പ്രോഗ്രാമിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ നെതന്യാഹു പറഞ്ഞു.
അവര്‍ രാക്ഷസന്മാരാണെന്ന് ഹമാസിനെ കുറിച്ച് നെതന്യാഹു പറഞ്ഞു. ഹമാസ് ചെയ്യുന്ന കാര്യങ്ങളെ കുറിച്ച് നമ്മള്‍ കേള്‍ക്കുന്ന കഥകള്‍ ഭയാനകമാണ്. ഈ സാഹചര്യം കൈകാര്യം ചെയ്യല്‍ എളുപ്പമല്ല.
ഹമാസിന്റെ പക്കല്‍ ബാക്കിയുള്ള എല്ലാ ബന്ദികളെയും തിരിച്ചെത്തിക്കാന്‍ ആഗ്രഹിക്കുന്നു. 50 ബന്ദികളാണ് ശേഷിക്കുന്നത്. അവരില്‍ 20 പേര്‍ ജീവിച്ചിരിപ്പുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഏകദേശം 30 പേര്‍ കൊല്ലപ്പെട്ടു. അവരെയെല്ലാം മോചിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇപ്പോള്‍ ഒരു വെടിനിര്‍ത്തല്‍ കരാര്‍ ചര്‍ച്ചയിലുണ്ട്. അതനുസരിച്ച് ജീവിച്ചിരിക്കുന്നവരില്‍ പെട്ട പകുതി പേരെ വിട്ടയക്കുമെന്നും മരിച്ചവരില്‍ പകുതി പേരുടെ മൃതദേഹങ്ങള്‍ കൈമാറുമെന്നും കരുതുന്നു. ഇതോടെ ജീവിച്ചിരിക്കുന്ന ബന്ദികളും മരണപ്പെട്ട 12 ബന്ദികളുടെ മൃതദേഹങ്ങളും ഹമാസിന്റെ പക്കല്‍ ശേഷിക്കും. പക്ഷേ, ഞാന്‍ അവരെയെല്ലാം തിരികെ എത്തിക്കും. കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ ഞങ്ങള്‍ക്ക് ഇത് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഞങ്ങള്‍ 60 ദിവസത്തെ വെടിനിര്‍ത്തലില്‍ എത്താന്‍ സാധ്യതയുണ്ട്. തുടര്‍ന്ന് ഈ കാലയളവ് ഉപയോഗിച്ച് യുദ്ധം അവസാനിപ്പിക്കാന്‍ ശ്രമിക്കും. ഹമാസ് ആയുധങ്ങള്‍ താഴെ വെച്ചാല്‍ നാളെ തന്നെ യുദ്ധം അവസാനിച്ചേക്കും.
ഹമാസ് ആയുധങ്ങള്‍ താഴെ വെക്കുക, ഗാസയെ നിരായുധീകരിക്കുക, ഭരണപരമോ സൈനികമോ ആയ ശേഷികളൊന്നും ഇനി ഹമാസിന് ഇല്ലാതിരിക്കുക എന്നിവയാണ് യുദ്ധം അവസാനിപ്പിക്കാനുള്ള ഞങ്ങളുടെ അടിസ്ഥാന വ്യവസ്ഥകള്‍. 60 ദിവസത്തിനുള്ളില്‍ ചര്‍ച്ചകളിലൂടെ ഈ ആവശ്യങ്ങള്‍ നിറവേറ്റിയില്ലെങ്കില്‍, ഇസ്രായില്‍ സൈനിക ശക്തി ഉപയോഗിച്ച് മറ്റ് വഴികളിലൂടെ അവ നേടിയെടുക്കും – നെതന്യാഹു പറഞ്ഞു.
ആയുധം താഴെവെക്കുന്ന കാര്യം ചര്‍ച്ച ചെയ്യാന്‍ പോലും ഹമാസ് വിസമ്മതിക്കുകയാണ്. ഗാസയെ പൂര്‍ണമായും നിരായുധീകരിക്കണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുമെന്ന് വ്യക്തമാക്കിയതിലൂടെ അമേരിക്ക മുന്‍കൈയെടുത്ത് നിര്‍ദേശിച്ച 60 ദിവസത്തെ വെടിനിര്‍ത്തല്‍ കരാര്‍ യാഥാര്‍ഥ്യമായാലും യുദ്ധം അവസാനിപ്പിക്കില്ലെന്ന സൂചനയാണ് നെതന്യാഹു നല്‍കിയിരിക്കുന്നത്.