ദോഹ– വെസ്റ്റ് ബാങ്കിലെ ഇസ്രായേൽ കൈയ്യേറ്റത്തിനെതിരെ ഖത്തർ ഉൾപ്പെടെ 9 രാജ്യങ്ങൾ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.ഖത്തർ, ജോർദാൻ, ബഹ്റൈൻ, ഈജിപ്ത്, ഇന്തോനേഷ്യ, നൈജീരിയ, ഫലസ്തീൻ, സൗദി അറേബ്യ, തുര്‍ക്കി, യു.എ.ഇ. തുടങ്ങിയ രാജ്യങ്ങളാണ് പ്രതിഷേധം രേഖപ്പെടുത്തിയത്.
വെസ്റ്റ് ബാങ്ക് ഇസ്രായേലിന്റെ ഭാഗമാക്കി പ്രഖ്യാപിക്കാൻ എടുത്ത നീക്കം അന്താരാഷ്ട്ര നിയമങ്ങൾക്കും ഐക്യരാഷ്ട്രസഭാ സുരക്ഷാസഭാ തീരുമാനങ്ങൾക്കും എതിരായതാണെന്ന് അവർ വ്യക്തമാക്കി. ഈ നീക്കം അന്താരാഷ്ട്ര നിയമങ്ങളുടെയും, പ്രത്യേകിച്ച് യു.എൻ.എസ്.സി പ്രമേയങ്ങളായ 242 (1967), 338 (1973), 2334 (2016) എന്നിവയുടെയും ലംഘനമാണെന്നും, 1967 മുതൽ കൈവശപ്പെടുത്തിയ ഫലസ്തീൻ പ്രദേശങ്ങളിലെ കുടിയേറ്റ പ്രവർത്തനങ്ങൾ നിയമവിധേയമാക്കാൻ ഉള്ള ശ്രമങ്ങൾ അസാധുവാണെന്നും ഇവർ വ്യക്തമാക്കി
ഇസ്രായേലിന് അധിനിവേശ പ്രദേശങ്ങളിൽ പരമാധികാരമില്ല എന്ന നിലപാട് ഈ രാജ്യങ്ങളെല്ലാം ആവർത്തിച്ചു. ഇസ്രായേലിന്റെ നീക്കങ്ങൾ ഫലസ്തീൻ മേഖലയുടെ നിയമപരമായ സ്ഥാനം മാറ്റാൻ കഴിയില്ല എന്നും, കിഴക്കൻ ജെറുസലേം ഫലസ്തീന്റെ അവിഭാജ്യ ഭാഗമാണെന്നും ഈ രാജ്യങ്ങളെല്ലാം വ്യക്തമാക്കി.
ഇതുപോലെയുള്ള നടപടികൾ, ഗാസയിൽ നടക്കുന്ന ഇസ്രായേൽ അക്രമവും, മാനവിക ദുരന്തവും കൂടുതൽ രൂക്ഷമാക്കുമെന്നും അവർ മുന്നറിയിപ്പ് നൽകി. സമാധാന സാധ്യതകൾ തകർക്കാനും രണ്ട് രാജ്യങ്ങൾക്കും അടിസ്ഥാനം ആയ നീതിപരമായ പരിഹാര സാധ്യതകൾ ഇല്ലാതാക്കാനും ഈ നീക്കം ഇടയാക്കുമെന്ന് വിശദീകരിച്ചു.
അന്താരാഷ്ട്ര സമൂഹം, പ്രത്യേകിച്ച് ഐക്യരാഷ്ട്രസഭയും സുരക്ഷാസഭയും, ഇസ്രായേലിന്റെ ഈ ഏകപക്ഷീയ നീക്കങ്ങൾ തടയാൻ ശക്തമായ നടപടികൾ സ്വീകരിക്കണം എന്നും രാജ്യങ്ങൾ ആവശ്യപ്പെട്ടു.