തെല്‍അവീവ് – ഗാസ യുദ്ധം ഫലസ്തീനികള്‍ക്കെതിരായ വംശഹത്യയാണെന്ന് ഇസ്രായിലിലെ പ്രധാന മനുഷ്യാവകാശ സംഘടനകളായ ബിത്‌സെലെമും ഫിസിഷ്യന്‍സ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് ഇസ്രായിലും പറഞ്ഞു. ഗാസ യുദ്ധത്തെ ഇസ്രായിലി എന്‍.ജി.ഒകള്‍ ഇതാദ്യമായാണ് വംശഹത്യയെന്ന് വിശേഷിപ്പിക്കുന്നത്. ഇരു സംഘടനകളും ഇസ്രായില്‍ സര്‍ക്കാര്‍ നയങ്ങളെ പതിവായി വിമര്‍ശിക്കുന്നവരാണ്. എന്നാല്‍ ഇന്ന് പുറത്തിറക്കിയ അവരുടെ റിപ്പോര്‍ട്ടുകളിലെ ഭാഷ ഇതുവരെയുള്ളതില്‍ വെച്ച് ഏറ്റവും രൂക്ഷമാണ്.
വംശഹത്യ നടത്തുന്ന ഒരു സമൂഹത്തിന്റെ ഭാഗമാണ് നിങ്ങള്‍ എന്ന തിരിച്ചറിവ് നിങ്ങളെ ഒന്നിനും സജ്ജമാക്കുന്നില്ല. ഇത് ഞങ്ങള്‍ക്ക് വളരെ വേദനാജനകമായ നിമിഷമാണ് – ബിത്‌സെലെം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ യൂലി നൊവാക് രണ്ട് റിപ്പോര്‍ട്ടുകള്‍ അനാച്ഛാദനം ചെയ്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഇവിടെ താമസിക്കുകയും എല്ലാ ദിവസവും യാഥാര്‍ത്ഥ്യത്തിന് സാക്ഷ്യം വഹിക്കുകയും ചെയ്യുന്ന ഇസ്രായിലികളും ഫലസ്തീനികളും എന്ന നിലയില്‍, കഴിയുന്നത്ര വ്യക്തമായി സത്യം സംസാരിക്കേണ്ട കടമ നമുക്കുണ്ട്. ഫലസ്തീനികള്‍ക്കെതിരെ ഇസ്രായില്‍ വംശഹത്യ നടത്തുന്നു – യൂലി നൊവാക് പറഞ്ഞു.
2023 ഒക്ടോബര്‍ ഏഴിന് ഇസ്രായിലില്‍ ഹമാസ് നടത്തിയ അഭൂതപൂര്‍വമായ ആക്രമണത്തിന് മറുപടിയായാണ് 21 മാസം മുമ്പ് ഗാസയില്‍ ഇസ്രായില്‍ യുദ്ധം ആരംഭിച്ചത്. ഇസ്രായില്‍ ആക്രമണം 20 ലക്ഷത്തിലേറെ ഫലസ്തീനികളുടെ വാസസ്ഥലമായ ഗാസ മുനമ്പിന്റെ ഭൂരിഭാഗവും തകര്‍ത്ത് തരിപ്പണമാക്കി. ഗാസ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് യുദ്ധത്തില്‍ ഇതുവരെ 59,821 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇതില്‍ ഭൂരിഭാഗവും സാധാരണക്കാരാണ്.
യുദ്ധം ആരംഭിച്ച ശേഷം മുഴുവന്‍ ഗാസ നിവാസികളും ഒരിക്കലെങ്കിലും അവരുടെ വീടുകളില്‍ നിന്ന് കുടിയിറക്കപ്പെട്ടിട്ടുണ്ട്. ഗാസ നിവാസികള്‍ പട്ടിണിയുടെയും പോഷകാഹാരക്കുറവിന്റെയും വര്‍ധിച്ചുവരുന്ന ഭീഷണി നേരിടതായി യു.എന്‍ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കുന്നു. 2024 ന്റെ തുടക്കത്തില്‍ ദക്ഷിണാഫ്രിക്ക സമര്‍പ്പിച്ച കേസില്‍, ഇസ്രായില്‍ ആക്രമണം യു.എന്‍ വംശഹത്യ കണ്‍വെന്‍ഷന്റെ ലംഘനമാണെന്ന് ഇടക്കാല വിധിയില്‍ അന്താരാഷ്ട്ര നീതിന്യായ കോടതി പ്രസ്താവിച്ചു.
അമേരിക്കയുടെ പിന്തുണയുള്ള ഇസ്രായില്‍ സര്‍ക്കാര്‍ ഈ കുറ്റാരോപണം ശക്തമായി നിഷേധിക്കുകയും, ഹമാസിനെ പരാജയപ്പെടുത്താനും ഗാസയില്‍ ഇപ്പോഴും തടവിലാക്കപ്പെട്ട ഇസ്രായിലി ബന്ദികളെ തിരികെ കൊണ്ടുവരാനും പോരാടുകയാണെന്ന് പറയുകയും ചെയ്യുന്നു.
ഇസ്രായിലിലെ ഏറ്റവും അറിയപ്പെടുന്ന മനുഷ്യാവകാശ സംഘടനകളിലൊന്നായ ബിത്‌സെലെമിന്റെയും ഫിസിഷ്യന്‍സ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് ഇസ്രായിലിന്റെയും റിപ്പോര്‍ട്ടുകള്‍ യുദ്ധത്തിന്റെ ലക്ഷ്യങ്ങള്‍ കൂടുതല്‍ മുന്നോട്ട് പോകുന്നുവെന്ന് വാദിക്കുന്നു. ഇസ്രായില്‍ ഗാസ മുനമ്പിലെ ഫലസ്തീന്‍ സമൂഹത്തെ മനഃപൂര്‍വ്വം നശിപ്പിക്കാന്‍ ഏകോപിത നടപടി സ്വീകരിക്കുന്നതായി വ്യക്തമാക്കുന്നതിന് മുതിര്‍ന്ന രാഷ്ട്രീയക്കാരുടെ പ്രസ്താവനകള്‍ ബിത്‌സെലെമിന്റെ റിപ്പോര്‍ട്ട് ഉദ്ധരിക്കുന്നു.
ഗാസയിലെ ആരോഗ്യ സംരക്ഷണ സംവിധാനത്തെ ഇസ്രായില്‍ മനഃപൂര്‍വവും വ്യവസ്ഥാപിതവുമായി നശിപ്പിച്ചതായി ഫിസിഷ്യന്‍സ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് ഇസ്രായിലിന്റെ റിപ്പോര്‍ട്ട് പറയുന്നു.