ജറൂസലം– സിഡ്നിയില്‍ ജൂത ആഘോഷ പരിപാടിയില്‍ 15 പേര്‍ വെടിയേറ്റ് കൊല്ലപ്പെട്ടതിനു പിന്നാലെ വര്‍ധിച്ചുവരുന്ന ജൂതവിരുദ്ധതയില്‍ നിന്ന് രക്ഷപ്പെടാന്‍ പശ്ചാത്യ രാജ്യങ്ങളിലെ ജൂതന്മാര്‍ ഇസ്രായിലിലേക്ക് മാറണമെന്ന് ഇസ്രായില്‍ വിദേശ മന്ത്രി ഗിഡിയോണ്‍ സാഅര്‍. എല്ലായിടത്തും സുരക്ഷിതമായി ജീവിക്കാന്‍ ജൂതന്മാര്‍ക്ക് അവകാശമുണ്ട്. എന്നാല്‍ എന്താണ് സംഭവിക്കുന്നതെന്ന് നാം കാണുകയും പൂര്‍ണ്ണമായി മനസ്സിലാക്കുകയും ചെയ്യുന്നു. നമുക്ക് പ്രത്യേക ചരിത്രാനുഭവവുമുണ്ട്. ഇന്ന് ലോകമെമ്പാടും ജൂതന്മാര്‍ വേട്ടയാടപ്പെടുകയാണെന്ന് സാഅര്‍ പറഞ്ഞു. ഹനുക്ക എന്ന ജൂത ഉത്സവത്തിന്റെ അവസാന ദിനത്തില്‍ മെഴുകുതിരി കത്തിക്കല്‍ ചടങ്ങില്‍ പങ്കെടുത്തുകൊണ്ടാണ് സാഅര്‍ പറഞ്ഞത്.
ഇന്ന് ഞാന്‍ ഇംഗ്ലണ്ടിലെ ജൂതന്മാരോടും ഫ്രാന്‍സിലെ ജൂതന്മാരോടും ഓസ്ട്രേലിയയിലെ ജൂതന്മാരോടും കാനഡയിലെ ജൂതന്മാരോടും ബെല്‍ജിയത്തിലെ ജൂതന്മാരോടും അഭ്യര്‍ഥിക്കുന്നു. ഇസ്രായില്‍ ദേശത്തേക്ക് വരൂ! വീട്ടിലേക്ക് വരൂ! , ലോകമെമ്പാടും നിന്നുമുള്ള ജൂതസമൂഹങ്ങളുടെയും സംഘടനകളുടെയും നേതാക്കള്‍ക്കൊപ്പം നടന്ന ചടങ്ങില്‍ സാഅര്‍ പറഞ്ഞു.
2023 ഒക്ടോബര്‍ ഏഴിന് ഗാസയില്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടതു മുതല്‍ പശ്ചാത്യ രാജ്യങ്ങളില്‍ ജൂതവിരുദ്ധത വര്‍ധിക്കുന്നതിനെ ഇസ്രായില്‍ നേതാക്കള്‍ ആവര്‍ത്തിച്ച് അപലപിക്കുകയും അത് തടയുന്നതില്‍ പശ്ചാത്യ സര്‍ക്കാരുകള്‍ പരാജയപ്പെട്ടതായി ആരോപിക്കുകയും ചെയ്തിട്ടുണ്ട്. ഡിസംബര്‍ 14 ന് സിഡ്നിയിലെ ബോണ്ടി ബീച്ചില്‍ നടന്ന ഹനുക്ക പരിപാടിക്ക് നേരെയുണ്ടായ ആക്രമണം ഐ.എസ് ഗ്രൂപ്പിന്റെ പ്രത്യയശാസ്ത്രത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണെന്ന് ഓസ്ട്രേലിയന്‍ അധികൃതര്‍ വ്യക്തമാക്കി.
തങ്ങളുടെ രാജ്യങ്ങളിലെ ജൂത പൗരന്മാരെ നന്നായി സംരക്ഷിക്കാന്‍ ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പാശ്ചാത്യ സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു. ജൂതവിരുദ്ധതക്കെതിരെ പോരാടാനും ലോകമെമ്പാടുമുള്ള ജൂതസമൂഹങ്ങള്‍ക്ക് ആവശ്യമായ സുരക്ഷ നല്‍കാനും പശ്ചാത്യ സര്‍ക്കാരുകള്‍ ആവശ്യമായത് ചെയ്യണമെന്ന് ഞാന്‍ ആവശ്യപ്പെടുന്നുവെന്ന് നെതന്യാഹു വീഡിയോ പ്രസംഗത്തില്‍ ചൂണ്ടികാട്ടി.
ജൂതകലണ്ടറിലെ ഏറ്റവും പുണ്യദിനമായ യോം കിപ്പൂരില്‍ മാഞ്ചസ്റ്റര്‍ സിനഗോഗിന് പുറത്ത് രണ്ട് പേര്‍ കൊല്ലപ്പെടുകയും നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ആക്രമണത്തെ തുടര്‍ന്ന് ജൂതവിരുദ്ധതയുടെ വിഷലിപ്തമായ തരംഗം തടയാന്‍ നടപടിയെടുക്കുന്നതില്‍ ബ്രിട്ടീഷ് അധികൃതര്‍ പരാജയപ്പെട്ടതായി സാഅര്‍ ആരോപിച്ചിരുന്നു. 1950 ലെ ഇസ്രായിലിന്റെ തിരിച്ചുവരവ് നിയമം അനുസരിച്ച്, ലോകത്തിലെ ഏതൊരു ജൂതവ്യക്തിക്കും ഇസ്രായിലില്‍ സ്ഥിരതാമസമാക്കാനും ഇസ്രായില്‍ പൗരത്വം നേടാനും അവകാശമുണ്ട്. കുറഞ്ഞത് ഒരു ജൂത മുത്തച്ഛനെങ്കിലും ഉള്ള വ്യക്തികള്‍ക്കും ഈ നിയമം ബാധകമാണ്.



