തെല്‍അവീവ് – ഇന്നു പുലര്‍ച്ചെ മധ്യഇസ്രായിലില്‍ ഹൂത്തികളുടെ മിസൈല്‍ ആക്രമണ ശ്രമം. യെമനിലെ ഹൂത്തികള്‍ മധ്യഇസ്രായിലിലേക്ക് തൊടുത്തുവിട്ട മിസൈല്‍ തടഞ്ഞതായി ഇസ്രായില്‍ സൈന്യം അറിയിച്ചു.
മിസൈല്‍ തൊടുത്തുവിട്ടതായി കണ്ടെത്തിയ ഉടന്‍ മുന്‍കരുതല്‍ നടപടിയായി ഇസ്രായിലില്‍ വ്യോമാക്രമണ സൈറണുകള്‍ മുഴങ്ങി. ഇസ്രായിലിന്റെ പല പ്രദേശങ്ങളിലും അല്‍പം മുമ്പ് മുഴങ്ങിയ സൈറണുകളെ തുടര്‍ന്ന് ഇസ്രായിലി വ്യോമ പ്രതിരോധ സേന യെമനില്‍ നിന്ന് തൊടുത്തുവിട്ട മിസൈല്‍ തടഞ്ഞതായി സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ സൈന്യം പറഞ്ഞു. മിസൈല്‍ അപകടത്തെ കുറിച്ച് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കാനായി സൈറണുകള്‍ മുഴങ്ങിയ സ്ഥലങ്ങള്‍ വ്യക്തമാക്കുന്ന ഭൂപടവും സൈന്യം പുറത്തുവിട്ടു.
ദക്ഷിണ ഇസ്രായിലില്‍ ഹമാസ് നടത്തിയ അഭൂതപൂര്‍വമായ ആക്രമണത്തെ തുടര്‍ന്ന്, 2023 ഒക്ടോബര്‍ ഏഴിന് ഗാസയില്‍ യുദ്ധം ആരംഭിച്ച ശേഷം, ഹൂത്തി വിമതര്‍ ഇസ്രായിലിന് നേരെ ആവര്‍ത്തിച്ച് ബാലിസ്റ്റിക് മിസൈലുകള്‍ വിക്ഷേപിച്ചു. അവയില്‍ മിക്കതും ഇസ്രായില്‍ സൈന്യം തടഞ്ഞു.
ഇസ്രായിലുമായി ബന്ധമുണ്ടെന്ന് ആരോപിക്കുന്ന വാണിജ്യ കപ്പലുകള്‍ക്ക് നേരെ ഹൂത്തികള്‍ ചെങ്കടലിലും ആക്രമണങ്ങള്‍ നടത്തുന്നു. ഗാസയിലെ ഫലസ്തീനികള്‍ക്കുള്ള പിന്തുണയുടെ ഭാഗമാണ് തങ്ങളുടെ ആക്രമണങ്ങള്‍ എന്ന് ഇറാന്‍ പിന്തുണയുള്ള ഹൂത്തികള്‍ പറയുന്നു. യെമനിലെ ഹൂത്തി നിയന്ത്രണത്തിലുള്ള കേന്ദ്രങ്ങള്‍ ആക്രമിച്ച് ഇസ്രായില്‍ പലതവണ ശക്തമായി തിരിച്ചടിച്ചു.