ഗാസ – ദക്ഷിണ ഗാസയിലെ റഫയില്‍ ഹമാസിന്റെ പോരാളികള്‍ കുടുങ്ങിക്കിടക്കുന്ന തുരങ്കങ്ങള്‍ ഇസ്രായില്‍ സൈന്യം തകര്‍ക്കുന്നു. റഫയിലെ തുരങ്കങ്ങളില്‍ നിന്ന് പുറത്തുവന്ന ആറ് പോരാളികളെ കൊലപ്പെടുത്തിയതായും അഞ്ച് പേരെ അറസ്റ്റ് ചെയ്തതായും ഇസ്രായില്‍ സൈന്യം പ്രഖ്യാപിച്ചതിനു പിന്നാലെ, ഗാസ മുനമ്പിലെ തുരങ്കങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ഹമാസ് പോരാളികള്‍ക്കെതിരായ ഓപ്പറേഷന്‍ മാജിക് ഫ്‌ലൂട്ടിനെ കുറിച്ച് പുതിയ വിവരങ്ങള്‍ പുറത്തുവന്നു. അകത്ത് കുടുങ്ങിക്കിടക്കുന്നവര്‍ക്കു മേല്‍ റഫയിലെ തുരങ്കങ്ങള്‍ ഇസ്രായില്‍ സൈന്യം തകര്‍ക്കുകയാണെന്ന് ചാനല്‍ 12 റിപ്പോര്‍ട്ട് ചെയ്തു. ഹമാസ് പോരാളികള്‍ അതിജീവിക്കാന്‍ വളരെ ബുദ്ധിമുട്ടാണെന്ന് ചാനല്‍ പറഞ്ഞു.
വെള്ളവും ഭക്ഷണവും തീര്‍ന്നതിനാലാണ് തങ്ങള്‍ പുറത്തുവന്നതെന്ന് റഫ തുരങ്കങ്ങളില്‍ നിന്ന് പുറത്തിറങ്ങി കീഴടങ്ങിയവര്‍ പറഞ്ഞു.
ഹമാസ് ബറ്റാലിയന്‍ കമാന്‍ഡറും കമ്പനി നേതാക്കളും ഉള്‍പ്പെടെ ഏകദേശം 30 പോരാളികള്‍ തുരങ്കങ്ങള്‍ക്കുള്ളില്‍ ഒളിച്ചിരിക്കുന്നവരില്‍ ഉള്‍പ്പെടുന്നു. ഇവര്‍ക്കു പുറമെ പത്ത് ഹമാസ് പോരാളികളുടെ മൃതദേഹങ്ങളും തുരങ്കങ്ങളിലുണ്ട്. തുരങ്കങ്ങള്‍ക്കുള്ളില്‍ പോരാളികള്‍ ഒളിച്ചിരിക്കുന്ന രണ്ട് സ്ഥലങ്ങള്‍ കൂടിയുണ്ട്. ഡസന്‍ കണക്കിന് ആളുകള്‍ ഇപ്പോഴും തുരങ്കങ്ങളില്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന് ഇസ്രായിലിലെ ചാനല്‍ 12 പറയുന്നു.
റഫയിലും മഞ്ഞ രേഖക്കുള്ളിലെ മറ്റ് പ്രദേശങ്ങളിലും ഡസന്‍ കണക്കിന് ഹമാസ് പോരാളികള്‍ ഇപ്പോഴും ഭൂഗര്‍ഭ തുരങ്കങ്ങളില്‍ കുടുങ്ങിക്കിടക്കുന്നു. ഇവരെ ഒഴിപ്പിക്കാനുള്ള എല്ലാ നിര്‍ദേശങ്ങളും ഇസ്രായില്‍ നിരാകരിക്കുകയാണ്. വെടിനിര്‍ത്തല്‍ കരാറിനെ തുടര്‍ന്ന് പിന്‍വാങ്ങിയ മഞ്ഞ രേഖ മറികടന്ന് ഇസ്രായില്‍ സൈന്യം ഗാസ നഗരത്തിന്റെ കിഴക്കന്‍ ഭാഗത്തേക്ക് മുന്നേറുകയും മഞ്ഞ മാര്‍ക്കറുകളുടെ സ്ഥാനങ്ങള്‍ മാറ്റുകയും അല്‍ശഅഫ്, അല്‍നിസാര്‍, ബാഗ്ദാദ് സ്ട്രീറ്റുകളില്‍ തങ്ങളുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങള്‍ 300 മീറ്റര്‍ കൂടി വ്യാപിപ്പിക്കുകയും ചെയ്തതായി ഗാസയിലെ ഹമാസ് മാധ്യമ ഓഫീസ് പ്രസ്താവനയില്‍ പറഞ്ഞു. ഈ വിപുലീകരണം പുതിയ ആക്രമണ നടപടിയാണെന്നും ഹമാസും ഇസ്രായിലും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാറിന്റെ ലംഘനമാമാണെന്നും ഹമാസ് പറഞ്ഞു.



