റാമല്ല: ജൂലൈയില്‍ കുട്ടികളും സ്ത്രീകളും മുന്‍ തടവുകാരും ഉള്‍പ്പെടെ 630 ഫലസ്തീനികളെ അധിനിവിഷ്ട വെസ്റ്റ് ബാങ്കില്‍ നിന്നും കിഴക്കന്‍ ജറൂസലമില്‍ നിന്നും ഇസ്രായേല്‍ സേന അറസ്റ്റ് ചെയ്തതായി ഫലസ്തീന്‍ പ്രിസണേഴ്‌സ് സൊസൈറ്റി റിപ്പോര്‍ട്ട് അറിയിച്ചു. അറസ്റ്റ് ചെയ്തവരില്‍ ചിലരെ പിന്നീട് വിട്ടയച്ചു. 2023 അവസാനം മുതല്‍ വെസ്റ്റ് ബാങ്കില്‍ നിന്നും കിഴക്കന്‍ ജറൂസലമില്‍ നിന്നും 25,000 ഫലസ്തീനികളെ ഇസ്രായേല്‍ അറസ്റ്റ് ചെയ്തതായി ഫലസ്തീന്‍ പ്രിസണേഴ്‌സ് സൊസൈറ്റി രേഖപ്പെടുത്തിയിട്ടുണ്ട്. ഇക്കൂട്ടത്തില്‍ എത്ര പേരെ പിന്നീട് വിട്ടയച്ചുവെന്ന് സൊസൈറ്റി വ്യക്തമാക്കിയില്ല.
അറസ്റ്റ് കാമ്പെയ്‌നുകള്‍ക്കൊപ്പം, ഫീല്‍ഡ് ചോദ്യം ചെയ്യലുകള്‍, വീടുകളില്‍ രാത്രികാല റെയ്ഡുകള്‍, സ്വത്തുവകകള്‍ നശിപ്പിക്കല്‍, കസ്റ്റഡിയിലെടുക്കുന്നവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും നേരെ അടി, ഭീഷണി, അപമാനം അടക്കമുള്ള ആക്രമണങ്ങള്‍ പോലുള്ള കുറ്റകൃത്യങ്ങളും നിയമ ലംഘനങ്ങളും വര്‍ധിച്ചുവരുന്നു.
ജൂലൈയിലെ കണക്കനുസരിച്ച്, 370 കുട്ടികളും 92 സ്ത്രീകളും ഉള്‍പ്പെടെ 9,400 ഫലസ്തീന്‍ തടവുകാരാണ് ഇസ്രായേല്‍ ജയിലുകളില്‍ ഉള്ളത്. അഡ്മിനിസ്ട്രേറ്റീവ് തടവുകാരുടെ എണ്ണം 3,198 ആയി. 1,358 തടവുകാര്‍ ഗാസ മുനമ്പില്‍ നിന്നുള്ളവരാണ്. 2023 ഒക്ടോബറിനു ശേഷം ഗാസയുടെ 70 ശതമാനവും ഇസ്രായേല്‍ കൈവശപ്പെടുത്തി. 1967 ല്‍ ഗാസ മുനമ്പ്, വെസ്റ്റ് ബാങ്ക്, കിഴക്കന്‍ ജറൂസലം എന്നിവിടങ്ങളിലെ ഇസ്രായേല്‍ അധിനിവേശത്തിനു ശേഷം എട്ടു ലക്ഷം ഫലസ്തീനികള്‍ ഇസ്രായില്‍ ജയിലുകളില്‍ കഴിഞ്ഞതായി 2023 ലെ യു.എന്‍ റിപ്പോര്‍ട്ട് പറയുന്നു.






