തെല്‍അവീവ് – നിരായുധീകരിക്കാനും ഇസ്രായിലി ബന്ദികളെ വിട്ടയക്കാനും ഹമാസ് വിസമ്മതിച്ചാല്‍ ഗാസ മുനമ്പിലെ പ്രദേശങ്ങള്‍ പിടിച്ചെടുക്കണമെന്നും വെള്ളവും ഭക്ഷണവും മരുന്നും തടയണമെന്നും ഇസ്രായില്‍ ധനമന്ത്രി ബെസലേല്‍ സ്‌മോട്രിച്ച് ഇസ്രായില്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ഏകദേശം രണ്ട് വര്‍ഷമായി നടക്കുന്ന ഗാസ യുദ്ധം അവസാനിപ്പിക്കാന്‍ ഹമാസുമായുള്ള ഏതൊരു കരാറിനെയും ശക്തമായി എതിര്‍ക്കുന്ന തീവ്ര വലതുപക്ഷ മന്ത്രി, ഈ വര്‍ഷാവസാനത്തോടെ ഗാസയില്‍ വിജയം നേടാനുള്ള തന്റെ പദ്ധതി ജറൂസലമില്‍ നടത്തിയ പത്രസമ്മേളനത്തില്‍ അവതരിപ്പിച്ചു. സ്‌മോട്രിച്ചിന്റെ നിര്‍ദേശം അനുസരിച്ച് ആയുധങ്ങള്‍ കൈമാറാനും ഹമാസിന്റെ പക്കല്‍ ശേഷിക്കുന്ന ഇസ്രായിലി ബന്ദികളെ മോചിപ്പിക്കാനും ഹമാസിന് അന്ത്യശാസനം നല്‍കും. നിരായുധീകരണത്തിനും ബന്ദികളെ വിട്ടയക്കാനും ഹമാസ് വിസമ്മതിച്ചാല്‍, ആഴ്ചയില്‍ ഗാസ മുനമ്പിന്റെ ഒരു ഭാഗം എന്ന തോതില്‍ നാല് ആഴ്ചക്കാലം ഗാസയിലെ പ്രദേശങ്ങള്‍ ഇസ്രായിലില്‍ കൂട്ടിച്ചേര്‍ക്കണമെന്നും ഗാസ മുനമ്പിന്റെ ഭൂരിഭാഗവും ഇസ്രായില്‍ നിയന്ത്രണത്തിലാക്കണമെന്നും സ്‌മോട്രിച്ച് പറഞ്ഞു.
ആ കാലയളവില്‍, ഫലസ്തീനികളോട് തെക്കന്‍ ഗാസയിലേക്ക് മാറാന്‍ ആവശ്യപ്പെടും. അതിനുശേഷം അവശേഷിക്കുന്ന ഹമാസ് പോരാളികളെ പരാജയപ്പെടുത്താന്‍ ഇസ്രായില്‍ വടക്കന്‍, മധ്യ ഗാസ മുനമ്പില്‍ ഉപരോധം ഏര്‍പ്പെടുത്തും. മൂന്ന് മുതല്‍ നാല് മാസത്തിനുള്ളില്‍ ഇത് നേടാനാകും. ഹമാസുമായുള്ള വെടിനിര്‍ത്തല്‍, ബന്ദി കൈമാറ്റ കരാറുകള്‍ നിരാകരിക്കണം. തടവുകാരെ തിരികെ കൊണ്ടുവരാനുള്ള ഏക മാര്‍ഗം സൈനിക സമ്മര്‍ദമാണ്. ഗാസയിലേക്കുള്ള വെള്ളം, വൈദ്യുതി, ഭക്ഷണം എന്നിവ വിച്ഛേദിക്കണം. വെടിയുണ്ടകളാല്‍ കൊല്ലപ്പെടാത്തവര്‍ പട്ടിണി കിടന്ന് മരിക്കും – സ്‌മോട്രിച്ച് പറഞ്ഞു.
ഈ പദ്ധതി പൂര്‍ണമായും ഉടനടിയും അംഗീകരിക്കാന്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനോട് ധനമന്ത്രി ആവശ്യപ്പെട്ടു. 2005 ല്‍ ഇസ്രായില്‍ പിന്‍വാങ്ങിയ ഗാസ മുനമ്പില്‍ ജൂതകുടിയേറ്റ കോളനികള്‍ പുനഃസ്ഥാപിക്കുന്നതിന് പിന്തുണ പ്രകടിപ്പിച്ച ഇസ്രായിലിന്റെ ഭരണ സഖ്യത്തിലെ തീവ്ര വലതുപക്ഷ അംഗങ്ങളില്‍ ഒരാളാണ് സ്‌മോട്രിച്ച്. അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ ജൂതകുടിയേറ്റ കോളനിയില്‍ താമസിക്കുന്ന വലതുപക്ഷ മന്ത്രി ഫലസ്തീന്‍ പ്രദേശങ്ങളില്‍ ജൂതകുടിയേറ്റം വ്യാപിപ്പിക്കുന്നതിനെ അതിശക്തമായി പിന്തുണക്കുന്നു. ഭാവിയില്‍ ഫലസ്തീന്‍ രാഷ്ട്രത്തിനുള്ള സാധ്യതകളെ ദുര്‍ബലപ്പെടുത്തുമെന്ന അന്താരാഷ്ട്ര മുന്നറിയിപ്പുകള്‍ അവഗണിച്ച് അധിനിവിഷ്ട വെസ്റ്റ് ബാങ്കിന്റെ വടക്കും തെക്കും ഭാഗങ്ങള്‍ വേര്‍തിരിക്കുന്ന കുടിയേറ്റ കോളനി പദ്ധതിക്ക് കഴിഞ്ഞയാഴ്ച ഇസ്രായില്‍ അംഗീകാരം നല്‍കി. ഇ-1 പദ്ധതിയിലൂടെ ഫലസ്തീന്‍ രാഷ്ട്രം എന്ന ആശയം കുഴിച്ചുമൂടാനാണ് ലക്ഷ്യമിടുന്നതെന്ന് സ്‌മോട്രിച്ച് പറഞ്ഞു.
ഗാസയിലേക്കുള്ള വെള്ളവും വൈദ്യുതിയും വിച്ഛേദിക്കുന്നതിനെ കുറിച്ചുള്ള സ്‌മോട്രിച്ചിന്റെ പ്രസ്താവനകള്‍ ഗാസിലെ ജനങ്ങള്‍ക്കെതിരെ ഇസ്രായില്‍ പിന്തുടരുന്ന വംശഹത്യ, കൂട്ടഉന്മൂലന നയത്തിന്റെ വ്യക്തമായ തുറന്നുപറച്ചിലാണെന്ന് ഹമാസ് സൂചിപ്പിച്ചു. ഫലസ്തീന്‍ ജനതക്കെതിരായ നിര്‍ബന്ധിത കുടിയിറക്കല്‍, വംശീയ ഉന്മൂലന പദ്ധതിയുടെ വ്യക്തമായ തുറന്നുപറച്ചിലാണ് ഈ പ്രസ്താവനകള്‍. വംശഹത്യ കുറ്റകൃത്യം ചെയ്യാനുള്ള ഫാസിസ്റ്റ് അധിനിവേശ നേതാക്കളുടെ ഉദ്ദേശ്യം ഇത് വ്യക്തമാക്കുന്നു. അന്താരാഷ്ട്ര ക്രിമിനല്‍ കോടതിക്കും അന്താരാഷ്ട്ര നീതിന്യായ കോടതിക്കും മുമ്പാകെ ഇസ്രായിലിനെതിരായ വ്യക്തമായ തെളിവുകളാണിവ എന്നും ഹമാസ് പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.
സ്‌മോട്രിച്ച് പറഞ്ഞത് ഒറ്റപ്പെട്ട ഒരു തീവ്രവാദ അഭിപ്രായമല്ല. മറിച്ച്, ഭക്ഷണവും മരുന്നും തടയല്‍, ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ വ്യോമാക്രമണം, അടിസ്ഥാന സൗകര്യങ്ങള്‍ നശിപ്പിക്കല്‍, ആളുകളെ പലായനം ചെയ്യാന്‍ നിര്‍ബന്ധിക്കല്‍ എന്നിവയിലൂടെ ഏകദേശം 23 മാസമായി നടപ്പാക്കുന്ന പ്രഖ്യാപിത സര്‍ക്കാര്‍ നയമാണ്. ഈ പ്രസ്താവനകള്‍ ഇസ്രായിലിന്റെ യാഥാര്‍ഥ്യം ലോകത്തിന് മുന്നില്‍ തുറന്നുകാട്ടുകയും ഗാസയില്‍ സംഭവിക്കുന്നത് സൈനിക യുദ്ധമല്ല, മറിച്ച്, വംശഹത്യയുടെയും കൂട്ട കുടിയിറക്കത്തിന്റെയും പദ്ധതിയാണെന്ന് സ്ഥിരീകരിക്കുകയും ചെയ്യുന്നു.
ഇക്കാര്യത്തില്‍ അന്താരാഷ്ട്ര സമൂഹം ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കുകയും ഇസ്രായിലി നേതാക്കളെ ഉത്തരവാദിത്തപ്പെടുത്താന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുകയും വേണം – ഹമാസ് പറഞ്ഞു. 2023 ഒക്‌ടോബര്‍ ഏഴിന് ഹമാസ് ആക്രമണത്തിനിടെ ബന്ദികളാക്കപ്പെടുകയും ഗാസയിലേക്ക് മാറ്റപ്പെടുകയും ചെയ്ത 251 പേരില്‍ 49 പേര്‍ ഇപ്പോഴും ഗാസയില്‍ തന്നെയുണ്ടെന്നും അവരില്‍ 27 പേര്‍ കൊല്ലപ്പെട്ടതായും സൈന്യം പറയുന്നു.