തെൽഅവീവ് – ഗാസയിൽ മൂന്നു ഫലസ്തീൻ പോരാളികളെ കൊലപ്പെടുത്തിയതായി ഇസ്രായിൽ സൈന്യം. തെക്കൻ ഗാസയിലെ റഫയിൽ എട്ട് പോരാളികൾക്കെതിരെ ഇന്നലെ രാത്രി ആക്രമണം നടത്തിയതായും അവരിൽ മൂന്ന് പേരെ വധിച്ചതായും സൈന്യം രാവിലെ അറിയിച്ചു. കിഴക്കൻ റഫയിലെ ഭൂഗർഭ തുരങ്കത്തിൽ നിന്ന് പുറത്തുവരുന്നതായി ശ്രദ്ധയിൽപ്പെട്ട 8 പേർക്കെതിരെയാണ് ഇസ്രായിൽ വ്യോമസേന ആക്രമണം നടത്തിയത്. എട്ടിൽ അഞ്ചു പേർക്കായുള്ള തിരച്ചിൽ തുടരുകയാണെന്നും സൈന്യം പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
അതേസമയം, ഗാസ യുദ്ധത്തിൽ ഏകദേശം 70,000 ഫലസ്തീനികൾ കൊല്ലപ്പെട്ടെന്ന് ഇസ്രായിൽ സൈന്യം സമ്മതിച്ചതായി മുതിർന്ന സൈനിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇസ്രായിൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഗാസയിലെ ഫലസ്തീൻ ആരോഗ്യ ഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്ത മരണസംഖ്യയിൽ ഇസ്രായിൽ ഇതുവരെ സംശയം പ്രകടിപ്പിച്ചിരുന്നു. ഗാസ ആരോഗ്യ അധികൃതർ രേഖപ്പെടുത്തിയ മരണസംഖ്യ കൃത്യമാണെന്ന് ഐക്യരാഷ്ട്രസഭ തുടർച്ചയായി അംഗീകരിച്ചിട്ടുണ്ട്. ഗാസയിലെ ആരോഗ്യ മന്ത്രാലയം ഹമാസാണ് നടത്തുന്നതെന്നും അതിനാൽ മരണസംഖ്യയുമായി ബന്ധപ്പെട്ട ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വിശ്വസിക്കാൻ കഴിയില്ലെന്നും വാദിച്ചുകൊണ്ട് ഇസ്രായിൽ ഈ കണക്കുകളെ ഇക്കാലമത്രയും എതിർത്തത്.
കൊല്ലപ്പെട്ടതായി രേഖപ്പെടുത്തിയിട്ടുള്ളവരുടെ പേരും പ്രായവും ഗാസ ആരോഗ്യ മന്ത്രാലയം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒക്ടോബറിൽ യു.എസ് മധ്യസ്ഥതയിൽ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതിനുശേഷം ഇസ്രായിലി ആക്രമണങ്ങളിൽ കൊല്ലപ്പെട്ട 480 ലേറെ പേർ അടക്കം യുദ്ധത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 71,000 ലേറെയായി ഉയർന്നതായി മന്ത്രാലയം വ്യക്തമാക്കി.
ഗാസയിലെ തകർന്ന നഗരങ്ങളുടെ അവശിഷ്ടങ്ങൾക്കിടിയിൽ ആയിരക്കണക്കിന് ആളുകളുടെ മൃതദേഹങ്ങൾ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നതായി ആരോഗ്യ മന്ത്രാലയം പറയുന്നു. മരിച്ചവരിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണെന്ന് മന്ത്രാലയം അറിയിച്ചു. വ്യാഴാഴ്ച മുതിർന്ന സൈനിക ഉദ്യോഗസ്ഥരുമായി നടത്തിയ വിശദീകരണം ഉദ്ധരിച്ച് ഇസ്രായിലി വാർത്താ സൈറ്റായ വൈ നെറ്റും മറ്റ് മാധ്യമങ്ങളും സമാനമായ കണക്ക് സൈന്യം അംഗീകരിച്ചതായി റിപ്പോർട്ട് ചെയ്തു. തങ്ങളുടെ കണക്കുകൾ പ്രകാരം യുദ്ധത്തിൽ ഏകദേശം 70,000 ഗാസക്കാർ കൊല്ലപ്പെട്ടു. കാണാതായവരുടെ കണക്കുകൾ ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല എന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കൊല്ലപ്പെട്ടവരുടെ കൂട്ടത്തിൽ ഭീകരരെയും ഇസ്രായിലിനെതിരായ ആക്രമണങ്ങളിൽ ഉൾപ്പെടാത്തവരെയും ഞങ്ങൾ നിലവിൽ വേർതിരിക്കുകയാണെന്നും സൈനിക ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.



