സന്‍ആ – യെമനില്‍ ഹൂത്തികളുടെ നിയന്ത്രണത്തിലുള്ള അല്‍ഹുദൈദ തുറമുഖത്ത് ഇസ്രായില്‍ വ്യോമാക്രമണം. ഈ മാസം ഇത് രണ്ടാം തവണയാണ് അല്‍ഹുദൈദ തുറമുഖത്ത് ഇസ്രായില്‍ വ്യോമാക്രമണം നടത്തുന്നത്. ഇറാന്റെ അതേ വിധി യെമനും നേരിടേണ്ടിവരുമെന്ന് ഇസ്രായില്‍ മുന്നറിയിപ്പ് നല്‍കിയതോടെ സംഘര്‍ഷം കൂടുതല്‍ രൂക്ഷമാകുമെന്ന ഭീതി ഉയര്‍ന്നു.
ഗാസ യുദ്ധത്തില്‍ ഫലസ്തീനികളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇസ്രായിലിനെതിരെ ഹൂത്തികള്‍ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്താന്‍ തുടങ്ങിയ ശേഷം യെമനില്‍ ഹൂത്തികളുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളില്‍ ഇസ്രായില്‍ ആവര്‍ത്തിച്ച് ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്.
അല്‍ഹുദൈദ തുറമുഖത്ത് ഹൂത്തി ഭീകര ഭരണകൂടത്തിന്റെ ലക്ഷ്യങ്ങള്‍ ആക്രമിച്ചതായും മുമ്പ് ഇസ്രായില്‍ ആക്രമിച്ച അടിസ്ഥാന സൗകര്യങ്ങള്‍ പുനഃസ്ഥാപിക്കാനുള്ള ഏതൊരു ശ്രമവും തടയുക എന്ന ലക്ഷ്യത്തോടെയാണ് ആക്രമണം നടത്തിയതെന്നും ഇസ്രായില്‍ പ്രതിരോധ മന്ത്രി യിസ്രായേല്‍ കാറ്റ്സ് പറഞ്ഞു.
യെമനില്‍ ഇസ്രായില്‍ നടത്തിയ പുതിയ ആക്രമണങ്ങള്‍ ഹൂത്തികള്‍ക്കെതിരെ ഒരു വര്‍ഷമായി തുടരുന്ന ആക്രമണത്തിന്റെ ഭാഗമാണ്. എന്നാല്‍ ഏറ്റവും പുതിയ ഭീഷണികള്‍ ദാരിദ്ര്യത്താല്‍ വലയം ചെയ്യപ്പെട്ട യെമനില്‍ വിശാലമായ സംഘര്‍ഷം ഉടലെടുക്കുമെന്ന ഭയം ഉയര്‍ത്തിയിട്ടുണ്ട്. യെമനിലെ വിധി ഇറാന്റെ വിധി പോലെയായിരിക്കുമെന്ന് ഇസ്രായില്‍ പ്രതിരോധ മന്ത്രി പറഞ്ഞു. ജൂണ്‍ 13 ന് ഇറാനില്‍ ഇസ്രായില്‍ ആരംഭിച്ച ആക്രമണങ്ങളെ പരാമര്‍ശിച്ചായിരുന്നു കാറ്റ്‌സിന്റെ മുന്നറിയിപ്പ്.


ഇസ്രായില്‍ നേരത്തെ നടത്തിയ ആക്രമണങ്ങളില്‍ തകര്‍ന്ന ശേഷം പുനര്‍നിര്‍മിച്ച അല്‍ഹുദൈദ തുറമുഖത്തെ ഡോക്ക് ഇന്നത്തെ ആക്രമണത്തില്‍ തകര്‍ന്നതായി ബന്ധപ്പെട്ടവര്‍ പറഞ്ഞു. അല്‍ഹുദൈദയിലും രണ്ട് സമീപ സ്ഥലങ്ങളിലും ജൂലൈ ഏഴിന് ഇസ്രായില്‍ ആക്രമണം നടത്തിയിരുന്നു. ജൂലൈ ഏഴിന് ഇസ്രായില്‍ വ്യോമാക്രമണത്തിന് ശേഷം നിര്‍മാണ, അറ്റകുറ്റപ്പണികള്‍ക്കായി കൊണ്ടുവന്ന ഉപകരണങ്ങളും തുറമുഖത്തിന് ചുറ്റുമുള്ള പ്രദേശങ്ങളും മത്സ്യബന്ധന ബോട്ടുകളും ലക്ഷ്യമിട്ടാണ് ആക്രമണങ്ങള്‍ നടത്തിയതെന്ന് അല്‍ഹുദൈദയിലെ തുറമുഖ ജീവനക്കാരന്‍ പറഞ്ഞു.
ഇസ്രായേലിനെതിരായ സൈനിക നടപടികള്‍ക്ക് ഹൂത്തി ഭരണകൂടം ഉപയോഗിക്കുന്ന എന്‍ജിനീയറിംഗ് വാഹനങ്ങള്‍, ഇന്ധന കണ്ടെയ്‌നറുകള്‍, സൈനിക പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്ന കപ്പലുകള്‍, ഭീകര അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ ലക്ഷ്യമിട്ടാണ് ആക്രമണങ്ങള്‍ നടത്തിയതെന്ന് ഇസ്രായില്‍ സൈന്യം പ്രസ്താവനയില്‍ പറഞ്ഞു. ഇറാനില്‍ നിന്നുള്ള ആയുധങ്ങള്‍ എത്തിക്കാന്‍ തുറമുഖം ഉപയോഗിച്ചിരുന്നുവെന്നും ഈ ആയുധങ്ങള്‍ ഇസ്രായിലിനെതിരെ ഹൂത്തികള്‍ പിന്നീട് ഉപയോഗിച്ചിരുന്നെന്നും തുറമുഖത്ത് തീവ്രവാദ അടിസ്ഥാന സൗകര്യങ്ങള്‍ പുനഃസ്ഥാപിക്കാന്‍ ഇറാന്‍ പിന്തുണയുള്ള വിമതര്‍ നടത്തിയ ശ്രമങ്ങള്‍ ഇസ്രായില്‍ തിരിച്ചറിഞ്ഞതായും പ്രസ്താവനയില്‍ പറഞ്ഞു. ഇസ്രായിലുമായി ബന്ധമുണ്ടെന്ന് ആരോപിക്കുന്ന കപ്പലുകള്‍ ലക്ഷ്യമിട്ട് ഹൂത്തികള്‍ അടുത്തിടെ ചെങ്കടലിലും ഏദന്‍ ഉള്‍ക്കടലിലും മാരകമായ ആക്രമണങ്ങള്‍ പുനരാരംഭിച്ചിരുന്നു.