ഗാസ – ഹമാസ് വിരുദ്ധ സായുധ ഗ്രൂപ്പ് നേതാവ് യാസിര്‍ അബൂശബാബിനെ തള്ളിപ്പറഞ്ഞ് സ്വന്തം ഗോത്രം. അബൂശബാബിന്റെ കൊലപാതകം ഇരുണ്ട അധ്യായത്തിന് അന്ത്യം കുറിക്കുന്നതായി ഗാസയിലെ തറാബീന്‍ ഗോത്രം പറഞ്ഞു. തങ്ങളുടെ അംഗങ്ങള്‍ എല്ലായ്പ്പോഴും ഫലസ്തീന്‍ ജനതക്കും അവരുടെ ന്യായമായ പ്രശ്‌നത്തോടൊപ്പവും നിലകൊള്ളുന്നു. തറാബീന്‍ ഗോത്രത്തിന്റെ ചരിത്രമോ മൂല്യങ്ങളോ പ്രതിഫലിപ്പിക്കാത്ത പാതകളിലേക്ക് ഗോത്രത്തെ വലിച്ചിഴക്കാനുള്ള ഏതൊരു ശ്രമത്തെയും തറാബീന്‍ ഗോത്രം പൂര്‍ണമായും നിരാകരിക്കുന്നു.
ദേശവഞ്ചന കാണിക്കുകയും ഇസ്രായിലുമായി പങ്കാളിത്തം സ്ഥാപിക്കുകയും ചെയ്ത യാസിര്‍ അബൂശബാബിന്റെ കൊലപാതകം സുവ്യക്തമായ നിലപാടോടെ തങ്ങള്‍ അവസാനിപ്പിക്കാന്‍ ശ്രമിച്ച ഇരുണ്ട അധ്യായത്തിന്റെ അവസാനമാണെന്നാണ് തറാബീന്‍ ഗോത്രം വ്യക്തമാക്കി. മുഴുവന്‍ ഫലസ്തീന്‍ ചെറുത്തുനില്‍പ് വിഭാഗങ്ങളുമായുള്ള പൂര്‍ണമായ ഐക്യം വ്യക്തമാക്കിയ ഗോത്രം, ഏതെങ്കിലും മറയില്‍ ഇസ്രായിലിന്റെ അജണ്ടയെ സേവിക്കുന്ന ഗ്രൂപ്പുകളെയും മിലീഷ്യകളെയും തങ്ങള്‍ നിരാകരിക്കുന്നതായും ഇവർ പറഞ്ഞു. ഗാസയിലെ എല്ലാ കുടുംബങ്ങളും ഗോത്രങ്ങളും ഐക്യം നിലനിര്‍ത്തണം. സാമൂഹിക, ദേശീയ ഐക്യം തകര്‍ക്കാന്‍ ശ്രമിക്കുന്ന ആരെയും തള്ളിക്കളയണം. രാജ്യദ്രോഹത്തിനും ഇസ്രായിലുമായി സഹകരിക്കുന്നവര്‍ക്കും ഗാസയില്‍ സ്ഥാനമില്ലെന്നും തറാബീന്‍ ഗോത്രം ചൂണ്ടികാണിച്ചു.
തെക്കന്‍ ഗാസ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന, ഹമാസ് വിരുദ്ധ സായുധ ഗ്രൂപ്പിന്റെ നേതാവായ യാസിര്‍ അബൂശബാബിന്റെ മരണവുമായി ബന്ധപ്പെട്ട് ഫലസ്തീന്‍, ഇസ്രായില്‍ സുരക്ഷാ വൃത്തങ്ങള്‍ പുതിയ വിവരങ്ങള്‍ വെളിപ്പെടുത്തി. സ്വന്തം സായുധ ഗ്രൂപ്പിലെ അംഗങ്ങളുമായുള്ള ഏറ്റുമുട്ടലില്‍ ഉണ്ടായ പരിക്കുകള്‍ മൂലമാണ് അബൂശബാബ് മരിച്ചത്.
നേതൃത്വം, അധികാര വിതരണം, ഗ്രോത്രത്തിനുള്ളില്‍ സ്വാധീന മേഖലകളുടെ വിഭജനം എന്നിവയെച്ചൊല്ലിയുള്ള ആഭ്യന്തര തര്‍ക്കങ്ങള്‍, ഇസ്രായിലുമായുള്ള അബൂശബാബിന്റെ സഹകരണവുമായി ബന്ധപ്പെട്ട സംഘര്‍ഷങ്ങള്‍ എന്നിവ മൂലമാണ് ഏറ്റുമുട്ടല്‍ പൊട്ടിപ്പുറപ്പെട്ടതെന്ന് ഐ-24 ചാനല്‍ വെബ്സൈറ്റ് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തു. അടിയേറ്റാണ് അബൂശബാബിന് പരിക്കേറ്റതെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ സ്ഥിരീകരിച്ചു.
ഇസ്രായിലി സുരക്ഷാ സേനയുടെ സഹായത്തോടെ ചികിത്സക്കായി അബൂശബാബിനെ ഗാസക്ക് പുറത്തേക്ക് അടിയന്തിരമായി മാറ്റിയെങ്കിലും. ഗുരുതരമായ പരിക്കുകൾ കാരണം ബീര്‍ഷെബയിലെ സൊറോക്ക മെഡിക്കല്‍ സെന്ററിലേക്ക് കൊണ്ടുപോകുന്ന വഴി അബൂശബാബ് മരണപ്പെടുകയായിരുന്നു. യാസിര്‍ അബൂശബാബിന്റെ ഡെപ്യൂട്ടി ഗസ്സാന്‍ അല്‍ദഹീനി സ്വയമേവ മിലിഷ്യയുടെ കമാന്‍ഡര്‍ സ്ഥാനം ഏറ്റെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.



