ബെയ്‌റൂത്ത് – ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നയങ്ങള്‍ തങ്ങള്‍ നിരാകരിക്കുന്നതായി അറിയിച്ച് 1,250 ലധികം സൈനികരുടെ അമ്മമാരും ഒമ്പത് സിവില്‍ സൊസൈറ്റി സംഘടനകളും ഉള്‍പ്പെടെ വലിയ കൂട്ടം ഇസ്രായിലി പ്രവര്‍ത്തകര്‍ ലെബനനീസ് പ്രസിഡന്റ് ജോസഫ് ഔനിന് തുറന്ന കത്ത് അയച്ചു. സമാധാനത്തിനായുള്ള ലെബനീസ് പ്രസിഡന്റിന്റെ ആഹ്വാനം തങ്ങള്‍ അംഗീകരിക്കുന്നു. ഇസ്രായില്‍ ജനതക്ക് ശാശ്വത യുദ്ധ ജീവിതം വാഗ്ദാനം ചെയ്യുന്ന തന്യാഹുവിന്റെ നയങ്ങള്‍ തങ്ങള്‍ നിരാകരിക്കുന്നതായും ലെബനീസ് പ്രസിഡന്റിനുള്ള തുറന്ന കത്തില്‍ ഇവര്‍ പറഞ്ഞു.
അമേരിക്കന്‍ പത്രപ്രവര്‍ത്തക ക്രിസ്റ്റ്യന്‍ അമാന്‍പൂറുമായുള്ള അഭിമുഖത്തിനിടെ പ്രസിഡന്റ് ഔന്‍ നടത്തിയ പ്രസ്താവനകള്‍ക്ക് മറുപടിയായാണ് ഇസ്രായില്‍ സൈനികരുടെ അമ്മമാരും സിവില്‍ സൊസൈറ്റി സംഘടനകളും പ്രസിഡന്റിന് തുറന്ന കത്തയച്ചത്. നിങ്ങള്‍ക്ക് ശരിക്കും ശാശ്വത യുദ്ധത്തില്‍ ജീവിക്കാന്‍ ആഗ്രഹമുണ്ടോ? എന്ന് യു.എസ് മാധ്യമപ്രവര്‍ത്തകക്ക് നല്‍കിയ അഭിമുഖത്തില്‍ ജോസഫ് ഔന്‍ ഇസ്രായില്‍ പൊതുജനങ്ങളെ നേരിട്ട് അഭിസംബോധന ചെയ്ത് ആരാഞ്ഞു. ഞങ്ങളുടെ ഉത്തരം ഇല്ല എന്നാണ്. ഞങ്ങള്‍ ശാശ്വത യുദ്ധത്തില്‍ ജീവിക്കാന്‍ വിസമ്മതിക്കുന്നു. ഭയത്തിന് പകരം പ്രതീക്ഷയെ ഞങ്ങള്‍ സ്വീകരിക്കുന്നു. ശത്രുതക്ക് പകരം സംഭാഷണവും യുദ്ധത്തിന് പകരം സമാധാനവും ഞങ്ങള്‍ തെരഞ്ഞെടുക്കുന്നുവവെന്ന് ഇസ്രായിലി വനിതകള്‍ തുറന്ന കത്തില്‍ വ്യക്തമാക്കി.
സമാധാനത്തിനുള്ള സാധ്യതകളെ കുറിച്ച് സംസാരിച്ച് ലെബനീസ് പ്രസിഡന്റ് ഇസ്രായില്‍ ജനതയെ അഭിസംബോധന ചെയ്തതില്‍ താനും സഹപ്രവര്‍ത്തകരും വളരെയധികം വികാരഭരിതരാണെന്ന് ഗ്രൂപ്പിന്റെ വക്താവ് പറഞ്ഞു. യുദ്ധത്തിന്റെ വാചാടോപം ചര്‍ച്ചകളില്‍ ആധിപത്യം പുലര്‍ത്തുന്ന സമയത്ത് പ്രസിഡന്റ് ഔനിന്റെ പരാമര്‍ശങ്ങള്‍ക്ക് പ്രത്യേക പ്രാധാന്യം ലഭിക്കുന്നു. സമാധാനത്തിന്റെ ദര്‍ശനം സാക്ഷാല്‍ക്കരിക്കാന്‍ ഇസ്രായിലും ലെബനോനും തമ്മില്‍ സമാധാനത്തെ കുറിച്ച് സംസാരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. പതിറ്റാണ്ടുകളായി നീണ്ടുനിന്ന സംഘര്‍ഷം നമ്മുടെ രണ്ട് ജനതകളില്‍ വരുത്തിയ വേദന, നഷ്ടം, നാശം എന്നിവ ഞങ്ങള്‍ അംഗീകരിക്കുന്നു. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട, വീടുകളില്‍ നിന്ന് വേരോടെ പിഴുതെറിയപ്പെട്ട, ഭയത്തിലും ഉത്കണ്ഠയിലും അനിശ്ചിതത്വത്തിലും ജീവിക്കുന്ന ലെബനോനിലെയും ഇസ്രായിലിലെയും എല്ലാ അമ്മമാര്‍ക്കുമൊപ്പമാണ് ഞങ്ങളുടെ മനസ്സ്. യുദ്ധമാണ് രണ്ട് രാജ്യങ്ങളുടെയും വിധി എന്ന ധാരണ തങ്ങള്‍ നിരാകരിക്കുന്നതായി അമ്മമാര്‍ കൂട്ടിചേർത്തു.
യുദ്ധം ഒരു വിധിയാണെന്നും ഒരു തെരഞ്ഞെടുപ്പല്ലെന്നും കരുതി ബലപ്രയോഗത്തിന്റെ ഭാഷ ഉപയോഗിക്കാന്‍ ശീലിച്ച നിരവധി നേതാക്കള്‍ നമുക്കുണ്ട്. ഈ യുക്തി ഞങ്ങള്‍ നിരസിക്കുന്നു. സമാധാനത്തിന്റെ ഭാഷ സ്വീകരിക്കുകയും അത് യഥാര്‍ഥ ലക്ഷ്യമാക്കി മാറ്റുകയും വേണം. ഇസ്രായിലിനും ലെബനോനും ഇടയില്‍ സമാധാനത്തിനുള്ള സമയം വന്നിരിക്കുന്നു. അത് ഇപ്പോള്‍ നേടിയെടുക്കാന്‍ കഴിയുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. നിഷ്‌കളങ്കതയില്‍ നിന്നല്ല, മറിച്ച് പ്രതീക്ഷയിലും ഉത്തരവാദിത്തത്തിലും, സൈനിക പരിഹാരത്തിന് എല്ലാ ജനതയും അര്‍ഹിക്കുന്ന സുരക്ഷിതമായ ഭാവി നല്‍കാന്‍ കഴിയില്ല എന്ന ധാരണയോടെയുമാണ് ഞങ്ങള്‍ ഇത് പറയുന്നത്.
സംവാദത്തിന്റെ കൈ നീട്ടാനുള്ള ലെബനീസ് പ്രസിഡന്റിന്റെ സംരംഭം നമ്മുടെ പ്രദേശത്തെ പൊതുമണ്ഡലത്തില്‍ അത്ര പരിചിതമല്ലാത്ത ശബ്ദത്തിനായുള്ള ഒരു ഇനീഷ്യേറ്റീവാണ്. വെല്ലുവിളികള്‍ക്കും അഭിപ്രായ വ്യത്യാസങ്ങള്‍ക്കും പുറമേ, പങ്കിട്ട സുരക്ഷ, സഹകരണം, നയതന്ത്ര മാര്‍ഗങ്ങള്‍ എന്നിവയെ അടിസ്ഥാനമാക്കിയുള്ള ഒരു ഭാവിക്കായി ആഹ്വാനം ചെയ്യാനും നമ്മുടെ ശബ്ദങ്ങള്‍ ഉയര്‍ത്താനും മേഖലയിലെ പൗരന്മാര്‍ക്ക് കടമയുണ്ട് എന്ന വിശ്വാസത്തില്‍ നിന്നാണ് ഞങ്ങള്‍ ലെബനീസ് പ്രസിഡന്റിന്റെ ആഹ്വാനത്തോട് പ്രതികരിക്കാന്‍ തീരുമാനിച്ചതെന്നും സൈനികരുടെ അമ്മമാരും സംഘടനകളും കത്തില്‍ പറഞ്ഞു. 1,250 അമ്മമാര്‍ക്ക് പുറമേ, വനിതാ സുരക്ഷാ കാബിനറ്റ്, വനിതകള്‍ സമാധാനം സ്ഥാപിക്കുന്നു-അമ്മമാരുടെ നിലവിളി, ദുഃഖിതരായ ഇസ്രായിലി, ഫലസ്തീന്‍ കുടുംബങ്ങളുടെ ഫോറം, 1325 ഫോറം ഫോര്‍ അഡ്വാന്‍സിംഗ് എ പൊളിറ്റിക്കല്‍ സെറ്റില്‍മെന്റ്, മദര്‍ വിജിലന്‍സ് എന്നിവയുള്‍പ്പെടെ ഒമ്പത് സംഘടനകളും കത്തില്‍ ഒപ്പുവെച്ചു.



