തെല്‍അവീവ് – ഗാസ മുനമ്പില്‍ നടത്തിയ വ്യോമാക്രമണങ്ങളിലൂടെ മുതിര്‍ന്ന ഇസ്‌ലാമിക് ജിഹാദ് കമാന്‍ഡറെയും രണ്ട് ഹമാസ് കമാന്‍ഡര്‍മാരെയും വധിച്ചതായി ഇസ്രായില്‍ സൈന്യം അറിയിച്ചു. വടക്കന്‍ ഗാസയിലെ ഇസ്‌ലാമിക് ജിഹാദ് കമാന്‍ഡറായ അലി അല്‍റസായിന ദെയ്ര്‍ അല്‍ബലഹിലുണ്ടായ വ്യോമാക്രമണത്തിലാണ് കൊല്ലപ്പെട്ടത്. അലി അല്‍റസായിനയുടെ മരണം ഇസ്രായില്‍ സൈന്യം സ്ഥിരീകരിച്ചു. വടക്കന്‍ ഗാസയില്‍ ഇസ്രായില്‍ സൈനികര്‍ക്കെതിരെ രാത്രിയില്‍ നടത്തിയ ആക്രമണത്തിനുള്ള പ്രതികാരമായാണ് അലി അല്‍റസായിനയെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതെന്നും ഫലസ്തീന്‍ പോരാളികള്‍ നടത്തിയ ആക്രമണത്തില്‍ ഒരു റിസര്‍വ് ഓഫീസര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും ഇസ്രായില്‍ സൈന്യം പറഞ്ഞു.
വടക്കന്‍ ഗാസയിലെ ഇസ്‌ലാമിക് ജിഹാദ് പ്രവര്‍ത്തകരുടെ ചുമതല അലി അല്‍റസായിനക്കായിരുന്നു. പ്രസ്ഥാനത്തിന്റെ സുപ്രീം മിലിട്ടറി കൗണ്‍സില്‍ അംഗമായ അലി അല്‍റസായിന ഇസ്രായില്‍ സേനക്കെതിരായ ആക്രമണങ്ങള്‍ക്ക് ഹമാസുമായി ഏകോപനം നടത്തിയതായും സൈന്യം വിശദീകരിച്ചു. വടക്കന്‍ ഗാസയില്‍ ഇസ്‌ലാമിക് ജിഹാദ് പ്രസ്ഥാനം ബന്ദികളാക്കിയ ഇസ്രായിലികള്‍ക്ക് അലി അല്‍റസായിന മേല്‍നോട്ടം വഹിച്ചിരുന്നു. വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്നശേഷം, വടക്കന്‍ ഗാസ ബ്രിഗേഡിനെ പുനഃസംഘടിപ്പിക്കാന്‍ അദ്ദേഹം പ്രവര്‍ത്തിച്ചുവരികയായിരുന്നെന്നും സൈന്യം കൂട്ടിച്ചേര്‍ത്തു.
ഗാസയില്‍ തടവിലായിരുന്ന ഇസ്രായില്‍ സൈനിക നിരീക്ഷകയായ നോവ മാര്‍സിയാനോയെ വധിച്ച, ഗാസയിലെ ഹമാസ് സെല്ലിന്റെ നേതാവ് മുഹമ്മദ് ഇസാം ഹസന്‍ അല്‍ഹാബിലിനെയും കൊലപ്പെടുത്തിയതായി ഇസ്രായില്‍ സൈന്യം അറിയിച്ചു. ഇസ്രായില്‍ സൈന്യവും ആഭ്യന്തര സുരക്ഷാ ഏജന്‍സിയായ ഷിന്‍ ബെറ്റും ചേര്‍ന്നാണ് ആക്രമണം നടത്തിയതെന്ന് സൈന്യം പ്രസ്താവനയില്‍ വിശദീകരിച്ചു. 2023 ഒക്ടോബര്‍ 7 ന് ഹമാസ് ആക്രമണത്തിനിടെ നഹല്‍ ഓസ് ജൂതകുടിയേറ്റ കോളനിയില്‍ നിന്നാണ് മാര്‍സിയാനോയെ തട്ടിക്കൊണ്ടുപോയത്.
ഹമാസിന്റെ എലൈറ്റ് യൂണിറ്റിലെ കമാന്‍ഡര്‍ ബിലാല്‍ അബൂആസിയെ കൊലപ്പെടുത്തിയതായും സൈന്യം അറിയിച്ചു. 2023 ഒക്‌ടോബര്‍ ഏഴിലെ ആക്രമണത്തിനിടെ കിബ്ബറ്റ്‌സ് നിര്‍ ഓസ് ജൂതകുടിയേറ്റ കോളനിയില്‍ അതിക്രമിച്ചു കയറാന്‍ നേതൃത്വം നല്‍കിയ എലൈറ്റ് ഫോഴ്സിലെ പ്ലാറ്റൂണ്‍ കമാന്‍ഡറായ ബിലാല്‍ അബൂആസി കൊല്ലപ്പെട്ട ആക്രമണവും തങ്ങളുടെ സേനക്കെതിരെ കഴിഞ്ഞ ദിവസം രാത്രിയില്‍ നടത്തിയ ആക്രമണത്തിനുള്ള പ്രതികാരമായിരുന്നുവെന്ന് സൈന്യം പറഞ്ഞു. ഇന്നലെ പുലര്‍ച്ചെ മുതല്‍ ഇസ്രായിലി ആക്രമണങ്ങളില്‍ 23 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും ഡസന്‍ കണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഗാസ മുനമ്പിലെ ആരോഗ്യ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
ഗാസയില്‍ സൈനിക നടപടികള്‍ ഇസ്രായില്‍ ശക്തമാക്കുന്നതിനിടെ ഈജിപ്ത്, ഗാസ അതിര്‍ത്തിയിലെ റഫ ക്രോസിംഗിലൂടെ രോഗികള്‍ക്കും പരിക്കേറ്റവര്‍ക്കുമുള്ള യാത്രാ ക്രമീകരണങ്ങള്‍ റദ്ദാക്കിയതായി ഇസ്രായില്‍ തങ്ങളെ അറിയിച്ചതായി ഫലസ്തീന്‍ റെഡ് ക്രസന്റ് വക്താവ് റാഇദ് അല്‍നംസ് പറഞ്ഞു. ഹമാസ് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതിനാലാണ് ഗാസയില്‍ സൈനിക നടപടികള്‍ ആരംഭിച്ചതെന്ന് ഇസ്രായില്‍ സൈന്യം അവകാശപ്പെടുന്നു.



