ബെയ്‌റൂത്ത് – തെക്കന്‍ ലെബനോനില്‍ വ്യത്യസ്ത സ്ഥലങ്ങളില്‍ ഇസ്രായില്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ ഒമ്പതു പേര്‍ കൊല്ലപ്പെട്ടതായി ലെബനീസ് അധികൃതര്‍ അറിയിച്ചു. തെക്കന്‍ ഷിഹൂര്‍ പ്രദേശത്ത് ആംബുലന്‍സിന് നേരെയുണ്ടായ വ്യോമാക്രമണത്തില്‍ രണ്ട് പാരാമെഡിക്കുകള്‍ കൊല്ലപ്പെട്ടതായി ലെബനോന്‍ ആരോഗ്യ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തു. ബെയ്‌റൂത്തിന് തെക്ക് മറ്റൊരു ആംബുലന്‍സിനു നേരെയും ആക്രമണമുണ്ടായി. തെക്കന്‍ ലെബനോനിലെ വിവിധ പ്രദേശങ്ങളില്‍ ഇസ്രായില്‍ വ്യോമാക്രമണങ്ങള്‍ നടത്തിയ ലെബനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തീരദേശ നഗരമായ ടയറിന് തെക്ക് ഭാഗത്തുള്ള അല്‍ഹൗഷ് പ്രദേശത്തുണ്ടായ വ്യോമാക്രമണത്തില്‍ നാല് സിറിയക്കാരും രണ്ട് ഫലസ്തീനികളും കൊല്ലപ്പെട്ടതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ബെയ്‌റൂത്തിന് കിഴക്ക് 14 കിലോമീറ്റര്‍ അകലെയുള്ള ഷിഹൂര്‍ പ്രദേശത്ത് ഇസ്രായില്‍ സൈന്യം ആംബുലന്‍സ് ലക്ഷ്യമാക്കി നടത്തിയ ആക്രമണത്തില്‍ രണ്ട് പാരാമെഡിക്കുകള്‍ കൊല്ലപ്പെടുകയും മൂന്നാമന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തതായും മന്ത്രാലയം വ്യക്തമാക്കി. ഹിസ്ബുല്ലയുടെ സഖ്യകക്ഷിയായ അമല്‍ മൂവ്മെന്റിന് കീഴിലെ സ്‌കൗട്ട് മെസേജ് അസോസിയേഷന്റെതായിരുന്നു ആംബുലന്‍സ്. മെഡിക്കല്‍ ഉദ്യോഗസ്ഥരുടെ അവകാശങ്ങള്‍ പ്രത്യേകമായി സംരക്ഷിക്കുന്ന അന്താരാഷ്ട്ര മാനുഷിക നിയമം ഇസ്രായില്‍ സൈന്യം അവഗണിക്കുന്നതായി മന്ത്രാലയം ആരോപിച്ചു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ആംബുലന്‍സുകളും മെഡിക്കല്‍ സ്ഥാപനങ്ങളും ലക്ഷ്യമിട്ടുള്ള ഇസ്രായിലി ആക്രമണങ്ങളില്‍ 128 പാരാമെഡിക്കുകളും ആരോഗ്യ പ്രവര്‍ത്തകരും കൊല്ലപ്പെട്ടതായി മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തു. സൈനിക ആവശ്യങ്ങള്‍ക്കായി ആംബുലന്‍സുകള്‍ ഉപയോഗിക്കുന്നതായി, യാതൊരു തെളിവും നല്‍കാതെ ഇസ്രായില്‍ സൈന്യം നേരത്തെ അവകാശപ്പെട്ടിരുന്നു.
ടയറിന് ഏകദേശം 27 കിലോമീറ്റര്‍ വടക്കുകിഴക്കായി നബതിയക്കും കഫര്‍ തിബ്നീത്തിനും ഇടയിലുള്ള റോഡില്‍ ഇസ്രായില്‍ നടത്തിയ വ്യോമാക്രമണത്തില്‍ തങ്ങളുടെ സൈനികരില്‍ ഒരാള്‍ കൊല്ലപ്പെട്ടതായി ലെബനീസ് സൈന്യം അറിയിച്ചു. സൈനികന്‍ സഞ്ചരിച്ച മോട്ടോര്‍ സൈക്കിളിനു നേരെ ഡ്രോണ്‍ ആക്രമണമുണ്ടാവുകയായിരുന്നെന്ന് ലെബനോനിലെ നാഷണല്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ദെയ്ര്‍ സഹ്റാനിക്കും നബതിയക്കും ഇടയിലുള്ള റോഡില്‍ വാഹനം ലക്ഷ്യമിട്ട് നടത്തിയ മറ്റൊരു ഇസ്രായിലി വ്യോമാക്രമണത്തില്‍ മറ്റ് രണ്ട് ലെബനീസ് സൈനികര്‍ക്ക് പരിക്കേറ്റതായും സൈന്യം റിപ്പോര്‍ട്ട് ചെയ്തു. ലെബനീസ് സൈനിക ഉദ്യോഗസ്ഥരെയും വാഹനങ്ങളെയും കേന്ദ്രങ്ങളെയും ലക്ഷ്യമിട്ട് ഇസ്രായില്‍ സൈന്യം മനഃപൂര്‍വം നടത്തുന്ന ആക്രമണങ്ങളെ ലെബനീസ് സൈന്യം അപലപിച്ചു.
അതേസമയം, അതിര്‍ത്തി കടന്നെത്തിയ ഒരു ഡ്രോണും രണ്ട് റോക്കറ്റുകളും തടഞ്ഞതായി ഇസ്രായില്‍ സൈന്യം അറിയിച്ചു. ഇസ്രായില്‍ സേനയുടെ ഒത്തുചേരലിനെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഹിസ്ബുല്ല അവകാശപ്പെട്ടു. ഇറാന്‍ പരമോന്നത നേതാവ് അലി ഖാംനഇയെ കൊലപ്പെടുത്തിയ ഇസ്രായിലി വ്യോമാക്രമണത്തിന് പ്രതികാരമായി ഹിസ്ബുല്ല ഇസ്രായിലിലേക്ക് റോക്കറ്റുകള്‍ തൊടുത്തുവിട്ടതിനെ തുടര്‍ന്ന് അമേരിക്കയും ഇസ്രായിലും ഇറാനും തമ്മിലുള്ള യുദ്ധത്തിലേക്ക് മാര്‍ച്ച് 2 ന് ലെബനോന്‍ വലിച്ചിഴക്കപ്പെട്ടു. ലെബനോനെതിരെ വ്യോമാക്രമണവും തെക്കന്‍ പ്രദേശങ്ങളില്‍ കര ആക്രമണം നടത്തിയും ഇസ്രായില്‍ തിരിച്ചടിച്ചു.
ഏപ്രില്‍ 16 ന് ഇസ്രായിലും ലെബനോനും തമ്മില്‍ അമേരിക്ക മധ്യസ്ഥത വഹിച്ച് സാധ്യമാക്കിയ വെടിനിര്‍ത്തല്‍, പോരാട്ടം തടയുന്നതില്‍ പരാജയപ്പെട്ടു. വടക്കന്‍ ഇസ്രായിലിലെ ജനവാസ കേന്ദ്രങ്ങള്‍ക്ക് നേരെയുള്ള ഡ്രോണ്‍, റോക്കറ്റ് ആക്രമണങ്ങള്‍ക്ക് മറുപടിയായി ഹിസ്ബുല്ലക്കെതിരായ വ്യോമാക്രമണം ശക്തമാക്കാനും ലെബനോനിലേക്ക് കൂടുതല്‍ മുന്നേറാനും കഴിഞ്ഞയാഴ്ച പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇസ്രായില്‍ സൈന്യത്തോട് ഉത്തരവിട്ടു. മാര്‍ച്ച രണ്ടിന് യുദ്ധം ആരംഭിച്ചതിനുശേഷം ലെബനോനില്‍ 3,516 പേര്‍ കൊല്ലപ്പെതായി ലെബനോന്‍ ആരോഗ്യ മന്ത്രാലയം പറയുന്നു. ലെബനോനില്‍ പത്ത് ലക്ഷത്തിലധികം ആളുകള്‍ കുടിയിറക്കപ്പെട്ടവരായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ഐക്യരാഷ്ട്രസഭ അറിയിച്ചു. രാജ്യത്തിന്റെ എട്ടിലൊന്നില്‍ കൂടുതല്‍ പ്രദേശത്തെ ജനങ്ങളോട് കുടിയൊഴിഞ്ഞുപോകാന്‍ ഇസ്രായില്‍ സൈന്യം ഉത്തരവുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. യുദ്ധത്തിനിടെ അതിര്‍ത്തിയുടെ ഇരുവശത്തുമായി 26 ഇസ്രായിലി സൈനികരും നാല് ഇസ്രായിലി സിവിലിയന്മാരും കൊല്ലപ്പെട്ടതായി ഇസ്രായില്‍ ആരോപിച്ചു.



