തെല്‍അവീവ് – തെക്കന്‍ ലെബനോനില്‍ ഇസ്രായില്‍ സൈന്യം സ്ഥാപിച്ച സുരക്ഷാ മേഖലക്ക് സമീപം പ്രവര്‍ത്തിക്കുന്ന ഹിസ്ബുല്ല പോരാളികളെന്ന് തിരിച്ചറിഞ്ഞ ഏഴ് പേരെ കൊലപ്പെടുത്തിയതായി ഇസ്രായില്‍ സൈന്യം അറിയിച്ചു. തെക്കന്‍ ലെബനോനിലെ സുരക്ഷാ മേഖലക്ക് സമീപം ആയുധങ്ങള്‍ കൊണ്ടുപോകുകയായിരുന്ന ഏഴ് ഹിസ്ബുല്ല അംഗങ്ങളെ ലക്ഷ്യമിട്ട് ആക്രമണം നടത്തി കൊലപ്പെടുത്തിയതായും ഭീഷണി ഇല്ലാതാക്കാന്‍ തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്നും സൈന്യം പ്രസ്താവനയില്‍ പറഞ്ഞു. മിഡില്‍ ഈസ്റ്റിലെ യുദ്ധം അവസാനിപ്പിക്കാനായി അമേരിക്കയും ഇറാനും തമ്മിലുള്ള ധാരണാപത്രം പ്രകാരം ഇസ്രായിലും ഇറാന്‍ പിന്തുണയുള്ള ഹിസ്ബുല്ലയും തമ്മില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിന് ശേഷമാണ് ഈ ആക്രമണം. സമീപ ദിവസങ്ങളില്‍ പോരാട്ടം അവസാനിച്ചെങ്കിലും, അതിര്‍ത്തി പ്രദേശത്ത് ഇസ്രായില്‍ സൈന്യം പ്രഖ്യാപിച്ച സുരക്ഷാ മേഖലക്കുള്ളിലോ സമീപത്തോ ഹിസ്ബുല്ല അംഗങ്ങളെ ലക്ഷ്യമിട്ട് ഇസ്രായില്‍ സൈന്യം ആക്രമണങ്ങള്‍ തുടരുന്നു.
ഇറാനെതിരായ യു.എസ്-ഇസ്രായില്‍ യുദ്ധത്തിന്റെ ആദ്യ ദിവസം ഇറാന്‍ പരമോന്നത നേതാവ് അലി ഖാംനഇയെ കൊലപ്പെടുത്തിയതിന് പ്രതികാരമായി മാര്‍ച്ച് 2 ന് ഹിസ്ബുല്ല ഇസ്രായിലിന് നേരെ റോക്കറ്റുകള്‍ വിക്ഷേപിച്ചുകൊണ്ട് പ്രാദേശിക സംഘര്‍ഷത്തില്‍ പ്രവേശിച്ചു. വ്യോമാക്രമണങ്ങളിലൂടെയും കരയാക്രമണത്തിലൂടെയും ഇസ്രായില്‍ തിരിച്ചടിച്ചു. ഇസ്രായില്‍ ആക്രമണങ്ങളില്‍ 4,200 ലേറെ പേര്‍ കൊല്ലപ്പെട്ടതായി ലെബനീസ് അധികൃതര്‍ അറിയിച്ചു.



