തെല്‍അവീവ് – ലോകത്ത് ആദ്യമായി സൊമാലിലാന്‍ഡ് അംബാസഡറെ സ്വീകരിക്കുന്ന രാജ്യമായി ഇസ്രായില്‍ മാറി. ജറൂസലമില്‍ പ്രസിഡന്റിന്റെ വസതിയില്‍ ഇസ്രായില്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗ് സൊമാലിലാന്‍ഡിന്റെ ഇസ്രായിലിലേക്കുള്ള ആദ്യത്തെ അംബാസഡറെ സ്വീകരിച്ചതായി ജര്‍മ്മന്‍ പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. സൊമാലിയയില്‍ നിന്ന് വേര്‍പ്പെട്ട് ഏകപക്ഷീയമായി സ്വാതന്ത്ര്യം പ്രഖ്യാപിച്ച സൊമാലിലാന്‍ഡിനെ ഇസ്രായില്‍ ഔദ്യോഗികമായി അംഗീകരിച്ച് ഒരു വര്‍ഷത്തിന് ശേഷമാണ് സൊമാലിലാന്‍ഡ് ഇസ്രായിലില്‍ അംബാസഡറെ നിയമിച്ചത്. സൊമാലിലാന്‍ഡ് അംബാസഡര്‍ മുഹമ്മദ് ഹാജി ഇസ്രായില്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗിന് അധികാരപത്രം കൈമാറി. മേഖലയിലെ മുസ്ലിം രാജ്യങ്ങളുമായി ക്രിയാത്മകമായ സംവാദം ആരംഭിക്കാനുള്ള അതുല്യമായ അവസരം ആയി സൊമാലിലാന്‍ഡുമായി വളര്‍ന്നുവരുന്ന ഇസ്രായിലിന്റെ ബന്ധത്തെ പ്രസിഡന്റ് ഹെര്‍സോഗ് വിശേഷിപ്പിച്ചതായി ഹെര്‍സോഗിന്റെ ഓഫീസ് അറിയിച്ചു.
നിങ്ങള്‍ നിരവധി വെല്ലുവിളികള്‍ നേരിടുന്നു, പങ്കിട്ട അഭിവൃദ്ധി കൈവരിക്കുക എന്ന ലക്ഷ്യത്തോടെ ഭക്ഷ്യസുരക്ഷ മുതല്‍ ഊര്‍ജം, ശാസ്ത്രം വരെയുള്ള ജീവിതത്തിന്റെ എല്ലാ സുപ്രധാന മേഖലകളിലും സൊമാലിലാന്‍ഡിന് സഹായവും പിന്തുണയും നല്‍കാന്‍ ഞങ്ങള്‍ ഇവിടെയുണ്ടെന്ന് ഹെര്‍സോഗ് പുതിയ അംബാസഡറോട് പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം തന്ത്രപരമാണെന്നും വ്യത്യസ്ത മേഖലകളില്‍ പുരോഗതിക്ക് വഴിയൊരുക്കുമെന്നും അംബാസഡര്‍ മുഹമ്മദ് ഹാജി വ്യക്തമാക്കി. സൊമാലിയലാന്‍ഡിലെ ജനങ്ങള്‍ ഇസ്രായിലിനെ അഗാധമായി വിലമതിക്കുന്നതായി അംബാസഡര്‍ കൂട്ടിച്ചേര്‍ത്തു. 1960 ല്‍ ഇസ്രായില്‍ ഞങ്ങളെ ആദ്യമായി അംഗീകരിച്ച രാജ്യമാണെന്ന വസ്തുത സോമാലിലാന്‍ഡിലെ ജനങ്ങള്‍ വളരെയധികം വിലമതിക്കുന്നു. ഇന്ന്, 35 വര്‍ഷത്തെ യഥാര്‍ഥ സ്വാതന്ത്ര്യത്തിനും പരമാധികാരത്തിനും ശേഷം, ഇസ്രായില്‍ വീണ്ടും ഞങ്ങളെ ആദ്യമായി അംഗീകരിച്ച രാജ്യമായി മാറിയിരിക്കുന്നുവെന്ന് മുഹമ്മദ് ഹാജി പറഞ്ഞു.
അതേസമയം, നിലവിലെ ഇസ്രായില്‍ സര്‍ക്കാരിന്റെ നയങ്ങള്‍ കാരണം ക്രൊയേഷ്യ പുതിയ ഇസ്രായിലി അംബാസഡറുടെ അധികാരപത്രം സ്വീകരിക്കില്ലെന്ന് ക്രൊയേഷ്യന്‍ പ്രസിഡന്റ് സോറാന്‍ മിലനോവിച്ച് വ്യക്തമാക്കി. ഗാസ മുനമ്പിലെ ഇസ്രായില്‍ യുദ്ധത്തിന്റെ കടുത്ത വിമര്‍ശകനായ മിലനോവിച്ച്, നിര്‍ദ്ദിഷ്ട അംബാസഡറിന് അംഗീകാരം ലഭിച്ചിട്ടില്ല, ലഭിക്കുകയുമില്ല എന്ന് കൂട്ടിച്ചേര്‍ത്തു. നിലവിലെ അംബാസഡര്‍ക്കു പകരം നവംബറില്‍ നിയമിതനായ അംബാസഡര്‍ നിസാന്‍ ആംഡോര്‍ മെയ് അവസാനത്തോടെ ക്രൊയേഷ്യയില്‍ ചാര്‍ജ് ഡി അഫയേഴ്സ് ആയി എത്തുമെന്ന് തിങ്കളാഴ്ച ടൈംസ് ഓഫ് ഇസ്രായില്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ സ്ഥാനത്തിന് പ്രസിഡന്റിന്റെ അംഗീകാരം ആവശ്യമില്ല. നിര്‍ദ്ദേശിക്കപ്പെടുന്ന അംബാസഡര്‍മാര്‍ക്ക് അംഗീകാരം നല്‍കുകയോ അംഗീകാരം തടഞ്ഞുവെക്കുകയോ ചെയ്യുന്നത് ക്രൊയേഷ്യയുടെ പരമാധികാര അവകാശമാണെന്ന് ക്രൊയേഷ്യന്‍ പ്രസിഡന്റ് പ്രസ്താവനയില്‍ പറഞ്ഞു. അംഗീകാരം ലഭിക്കുന്നതിന് മുമ്പ് പുതിയ അംബാസഡറുടെ പേര് പ്രഖ്യാപിച്ചുകൊണ്ട് ഇസ്രായില്‍ പ്രോട്ടോക്കോള്‍ ലംഘിച്ചതായി മിലനോവിച്ച് ആരോപിച്ചു.



