തെല്‍അവീവ് – തെക്കന്‍ ലെബനോനിലെ മജ്ദല്‍ സൗന്‍ ഗ്രാമത്തില്‍ ഹിസ്ബുല്ല തുരങ്കം ഇസ്രായില്‍ സൈന്യം നശിപ്പിച്ചതായി ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും പ്രതിരോധ മന്ത്രി യിസ്രായേല്‍ കാറ്റ്സും അറിയിച്ചു. 25 മീറ്ററിലധികം ആഴത്തില്‍ 200 മീറ്ററിലധികം നീളമുള്ള തുരങ്കത്തില്‍ ഇസ്രായിലിനെ ലക്ഷ്യമിട്ട് ആക്രമണം നടത്താന്‍ ഉദ്ദേശിച്ചുള്ള നൂറുകണക്കിന് ആയുധങ്ങളും നിരവധി ലോഞ്ച് പ്ലാറ്റ്ഫോമുകളും ഉണ്ടായിരുന്നെന്ന് പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. തുരങ്കം നശിപ്പിക്കാനുള്ള ഓപ്പറേഷനെ കുറിച്ച് ഇസ്രായില്‍ അമേരിക്കയെയും ലെബനോനിലെ അമേരിക്കയുടെ പ്രതിനിധിയെയും മുന്‍കൂട്ടി അറിയിച്ചിരുന്നു.
ദക്ഷിണ ലെബനോനിലെ സുരക്ഷാ മേഖലയില്‍ ഇസ്രായില്‍ സൈന്യം പ്രവര്‍ത്തനങ്ങള്‍ തുടരും. സൈന്യം ഭീകര അടിസ്ഥാന സൗകര്യങ്ങള്‍ നശിപ്പിക്കുന്നത് തുടരും. വടക്കന്‍ ഇസ്രായില്‍ ഗ്രാമങ്ങള്‍ക്കുള്ള ഭീഷണികള്‍ ഇല്ലാതാക്കി ഇസ്രായിലികളുടെ സുരക്ഷ സംരക്ഷിക്കുമെന്നും നെതന്യാഹുവും കാറ്റ്‌സും വ്യക്തമാക്കി.
ലെബനോനില്‍ ഇസ്രായില്‍ സൈനിക നടപടികള്‍ തുടരുമെന്ന് ഇസ്രായില്‍ പ്രതിരോധ മന്ത്രി യിസ്രായേല്‍ കാറ്റ്സ് കൂട്ടിചേർത്തു. ഹിസ്ബുല്ലയെ നിരായുധീകരിക്കുകയും അതിര്‍ത്തിയിലെ ഭീഷണികള്‍ ഇല്ലാതാക്കുകയും ചെയ്തുകൊണ്ട് മാത്രമേ വടക്കന്‍ ഇസ്രായിലിന്റെ സുരക്ഷ ഉറപ്പാക്കാന്‍ കഴിയൂ. ഇറാനും ഹിസ്ബുല്ലയും ലെബനോന്റെ പരമാധികാരം ലംഘിക്കുയാണെന്ന് കാറ്റ്‌സ് ആരോപിച്ചു.
വെള്ളിയാഴ്ച അമേരിക്കയുടെ മധ്യസ്ഥതയില്‍ ലെബനോനും ഇസ്രായിലും തമ്മില്‍ ഒപ്പുവെച്ച സുരക്ഷാ കരാര്‍, ലെബനീസ് സൈന്യത്തെ വിന്യസിക്കുന്നതിനൊപ്പം തെക്കന്‍ ലെബനോനിലെ ചില പ്രദേശങ്ങളില്‍ നിന്ന് ഇസ്രായില്‍ സൈന്യം ഘട്ടംഘട്ടമായി പിന്‍വാങ്ങണമെന്ന് വ്യവസ്ഥ ചെയ്യുന്നു. എന്നിരുന്നാലും, ലെബനോനില്‍ ഇസ്രായില്‍ സൈന്യം സ്ഥാപിച്ച സുരക്ഷാ മേഖലയില്‍ തല്‍ക്കാലം ഇസ്രായില്‍ സൈന്യത്തെ തുടരാന്‍ അനുവദിക്കും.



